കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ലാല്‍ ജോസ്. നിരവധി സിനിമകളുടെ ഭാഗമായ അദ്ദേഹം 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംവിധായകനാകുന്നത്.
ശേഷം നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു. ഇപ്പോള്‍ നടന്‍ എന്‍.എഫ്. വര്‍ഗീസിനെ കുറിച്ച് പറയുകയാണ് ലാല്‍ ജോസ്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
‘വര്‍ഗീസേട്ടന് ആദ്യ കാലങ്ങളില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ അധികം കിട്ടാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു. അന്ന് ആരോ അദ്ദേഹത്തോട് പറഞ്ഞത് ‘പതിഞ്ഞ മൂക്ക് ആയത് കൊണ്ടാകും. സിനിമയില്‍ നിവര്‍ന്ന മൂക്ക് ഉണ്ടെങ്കിലേ അവസരങ്ങള്‍ ലഭിക്കൂ’ എന്നായിരുന്നു.
അങ്ങനെ കേട്ടതോടെ അദ്ദേഹം പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മൂക്ക് ശരിയാക്കി. അത് ശരിയാക്കി തിരിച്ചു വരുന്ന സമയത്തോ തൊട്ടടുത്ത ദിവസങ്ങളിലോ ആയിട്ട് അദ്ദേഹത്തിന് ഒരു ആക്‌സിഡന്റ് സംഭവിച്ചു. സ്‌കൂട്ടര്‍ ആക്‌സിഡന്റായിട്ട് അദ്ദേഹത്തിന്റെ കൈ ഒടിഞ്ഞു.
അങ്ങനെ ആകെ കുഴപ്പമായി. ഇനി സിനിമയില്‍ ഒരിക്കലും അഭിനയിക്കാന്‍ പറ്റാതെ ആവുന്ന അവസ്ഥയായി. അദ്ദേഹത്തിന്റെ കൈ നിവര്‍ത്താനൊക്കെ ചെറിയ പ്രശ്‌നമായി. പക്ഷെ അതിന് ശേഷമാണ് അദ്ദേഹത്തിന് നല്ല റോളുകളൊക്കെ സിനിമയില്‍ കിട്ടുന്നത്,’ ലാല്‍ ജോസ് പറയുന്നു.
എന്‍.എഫ്. വര്‍ഗീസ്:
നിരവധി മികച്ച സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് എന്‍.എഫ്. വര്‍ഗീസ്. ആദ്യകാലങ്ങളില്‍ മിമിക്രി നടനായി എത്തിയ അദ്ദേഹം പിന്നീട് ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത് ഒടുവില്‍ തിരക്കേറിയ സിനിമാതാരമായി.
ശബ്ദഗാംഭീര്യം കൊണ്ടും തനിമയാര്‍ന്ന അഭിനയ ശൈലി കൊണ്ടും ശ്രദ്ധിക്കപ്പെട്ട നടന്‍ കൂടിയാണ് അദ്ദേഹം. നരസിംഹം എന്ന ചിത്രത്തിലെ മണപ്പള്ളി പവിത്രന്‍, പത്രത്തിലെ വിശ്വനാഥന്‍, പ്രജയിലെ ളാഹയില്‍ വക്കച്ചന്‍ തുടങ്ങി അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ നിരവധിയാണ്.
Content Highlight: Lal Jose Talks About NF Varghese