Entertainment
ഗെയിം ചേഞ്ചറിന്റെ ചെറിയൊരു വണ്‍ ലൈന്‍ മാത്രമാണ് ഞാന്‍ ഷങ്കര്‍ സാറിന് കൊടുത്തത്, ഒരുപാട് റൈറ്റേഴ്‌സ് വന്നപ്പോള്‍ കഥ തന്നെ മാറി: കാര്‍ത്തിക് സുബ്ബരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 25, 01:59 am
Friday, 25th April 2025, 7:29 am

റാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ചിത്രമാണ് ഗെയിം ചേഞ്ചര്‍. 300 കോടി ബജറ്റിലെത്തിയ ചിത്രം ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ പരാജയമായി മാറി. 180 കോടി മാത്രമാണ് ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്ന് നേടാന്‍ സാധിച്ചത്. ട്രോള്‍ പേജുകളിലും ചിത്രം വലിയ ചര്‍ച്ചാ വിഷയമായി മാറി.

ചിത്രത്തിന്റെ കഥ കാര്‍ത്തിക് സുബ്ബരാജിന്റേതായിരുന്നു. ലോജിക്കില്ലായ്മയുടെ പേരില്‍ കാര്‍ത്തിക് സുബ്ബരാജും ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഗെയിം ചേഞ്ചറിനെക്കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്. കഥയുടെ ചെറിയൊരു വണ്‍ ലൈന്‍ മാത്രമായിരുന്നു താന്‍ ഷങ്കറിന് നല്‍കിയതെന്ന് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

വളരെ ഗ്രൗണ്ടഡായിട്ടുള്ള ഒരു ഐ.എ.എസ് ഓഫീസറുടെ കഥയായിരുന്നു തന്റെ മനസിലെന്നും ആ കഥയെ ഷങ്കറിന്റെ വിഷനിലൂടെ എങ്ങനെ കാണാന്‍ സാധിക്കുമെന്ന് എക്‌സൈറ്റഡായിരുന്നു താനെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. അതിന് ശേഷം ഒരുപാട് റൈറ്റേഴ്‌സ് ആ കഥയുടെ മുകളില്‍ പണിയെടുത്തെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

ഒടുവില്‍ താന്‍ ഉദ്ദേശിച്ചതില്‍ നിന്ന് കഥ വല്ലാതെ മാറിയെന്നും ഇപ്പോള്‍ കാണുന്ന രീതിയിലേക്കായെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. ആ കഥ പ്രേക്ഷകര്‍ക്ക് വര്‍ക്കായില്ലെന്നും ചില കഥകള്‍ സിനിമയാകുമ്പോള്‍ ആളുകളില്‍ വര്‍ക്കാകില്ലെന്നതിന്റെ ഉദാഹരണമാണ് ഗെയിം ചേഞ്ചറെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ഗലാട്ടാ എക്‌സ്‌ക്ലൂസീവിനോട് സംസാരിക്കുകയായിരുന്നു കാര്‍ത്തിക് സുബ്ബരാജ്.

‘സത്യത്തില്‍ ഗെയിം ചേഞ്ചറിന്റെ ചെറിയൊരു വണ്‍ ലൈന്‍ മാത്രമായിരുന്നു ഞാന്‍ ഷങ്കര്‍ സാറിന് നല്‍കിയിരുന്നത്. ഇപ്പോള്‍ കാണുന്ന രീതിയിലായിരുന്നില്ല അത്. വളരെ ഗ്രൗണ്ടഡായിട്ടുള്ള ഒരു ഐ.എ.എസ് ഓഫീസറെക്കുറിച്ചുള്ള വിവരണമായിരുന്നു അത്. ആ വണ്‍ ലൈനിനെ ഷങ്കര്‍ സാറിന്റെ വിഷനില്‍ കാണണമെന്നായിരുന്നു എന്റെ ആഗ്രഹം.

അദ്ദേഹത്തിന് പുറമെ വേറെയും ചില റൈറ്റേഴ്‌സ് വന്നു. ആ കഥയില്‍ ഒരുപാട് വര്‍ക്കുകള്‍ നടത്തി ഇപ്പോള്‍ കാണുന്ന രൂപത്തിലേക്ക് മാറ്റി. ചില സിനിമകള്‍ അങ്ങനെയാണ്, നമ്മള്‍ മനസില്‍ കണ്ട വണ്‍ ലൈന്‍ സിനിമയാകുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് വര്‍ക്കായെന്ന് വരില്ല. ഗെയിം ചേഞ്ചറിന് സംഭവിച്ചത് അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

Content Highlight: Karthik Subbaraj about his contribution in Game Changer movie