ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് റാവത്ത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തര മന്ത്രിയാണ് അമിത് ഷായെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ജമ്മു കശ്മീരിന് ഗുണം ചെയ്‌തോയെന്നും ബി.ജെ.പി രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വര്‍ഗീയ വിഷം പടര്‍ത്തുന്ന തിരക്കിലും, നേതാക്കളെ വിലക്ക് വാങ്ങിയും പ്രതിപക്ഷത്തെ അറസ്റ്റ് ചെയ്തും ഇല്ലാതാക്കുന്ന തിരക്കില്‍ മോദിയും അമിത് ഷായും രാജ്യത്തിന്റെ താത്പര്യങ്ങള്‍ മാറ്റിവെച്ചുവെന്നും അവര്‍ എങ്ങനെ ഈ രാജ്യത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ആക്രമണത്തില്‍ മുസ്‌ലിങ്ങളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും മതം ചോദിച്ചാല്‍ അത് ബി.ജെ.പിയുടേയും അവരുടെ വര്‍ഗീയ രാഷ്ട്രീയത്തിന്റെയും ഉത്തരവാദിത്തമാണ്. ആക്രമണത്തിനെതിരെ ബി.ജെ.പി പ്രതിഷേധിക്കുന്നുണ്ടെങ്കില്‍ അവര്‍ അമിതി ഷായെ അപലപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് പറയുന്നതിന്റെ അര്‍ത്ഥം കൂടുതല്‍ പള്ളികള്‍ തകര്‍ക്കുമെന്നാണോയെന്നും ഹിന്ദു മുസ്‌ലിം കാര്‍ഡ് കളിക്കുമോയെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.
Content Highlight: Amit Shah should take responsibility for Pahalgam terror attack and resign: Sanjay Raut MP