national news
പഹല്‍ഗാം ഭീകരാക്രമണം; ഇന്ത്യയ്ക്കുള്ള പിന്തുണ ആവര്‍ത്തിച്ച് യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 28, 05:56 am
Monday, 28th April 2025, 11:26 am

വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിലപാട് വ്യക്തമാക്കി അമേരിക്ക. തങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും യു.എസ് പ്രതികരിച്ചു. ആക്രമണത്തിന്റെ സമയത്ത് ഇന്ത്യയിലുണ്ടായിരുന്ന യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ പരമാര്‍ശങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടായിരുന്നു യു.എസിന്റെ പ്രതികരണം.

അതേസമയം ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോഴും പഹല്‍ഗാമിലെ ഭീകരാക്രമണം സംബന്ധിച്ച് ഇരു രാജ്യങ്ങളും ഉത്തരവാദിത്ത പൂര്‍ണമായ ഒരു തീരുമാനം കൈക്കൊള്ളണമെന്ന് യു.എസ് ആവശ്യപ്പെട്ടു.

യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് റോയിട്ടേഴ്‌സിന് അയച്ച മെയിലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനകം തന്നെ അമേരിക്ക രണ്ട് രാജ്യങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ വിഷയത്തില്‍ ദിനംപ്രതി പുതിയ അപ്‌ഡേറ്റുകള്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ യു.എസ് സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

യു.എസും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഏഷ്യന്‍ മേഖലയില്‍ ചൈനയ്‌ക്കെതിരെയുള്ള പിടിവള്ളിയായാണ് അമേരിക്ക ഇന്ത്യയെ കണക്കാക്കുന്നത്.  അതിനാല്‍ ഇന്ത്യയ്ക്കുള്ള പിന്തുണ യു.എസിനും ഗുണകരമാണ്‌.

എന്നാല്‍ രണ്ട് ദിവസം മുമ്പ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നത്തില്‍ അമേരിക്ക ഇടപെടേണ്ട ആവശ്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. പ്രശ്നം അവര്‍ സ്വയം പരിഹരിച്ചു കൊള്ളുമെന്നും ഇരുവിഭാഗവും തമ്മിലുള്ള പിരിമുറുക്കങ്ങള്‍ വര്‍ഷങ്ങളായി ഉള്ളതാണെന്നും ട്രംപ് പറയുകയുണ്ടായി.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ 1500 വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണെന്നും അതിനാല്‍ തന്നെ അവര്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അത് പരിഹരിച്ച് കൊള്ളുമെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

‘ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 1,500 വര്‍ഷമായി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് അങ്ങനെ തന്നെയായിരുന്നു. അവരത് ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പരിഹരിക്കും. എനിക്ക് ഉറപ്പുണ്ട്. രണ്ട് നേതാക്കളെയും എനിക്കറിയാം. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടെങ്കിലും അവ എല്ലായ്പ്പോഴും ഉണ്ടായിട്ടുണ്ട്,’ ട്രംപ് പറഞ്ഞു.

അതേസമയം അമേരിക്കയ്ക്ക് ഇന്ത്യ പിന്തുണ പ്രഖ്യാപിക്കുമ്പോഴും ചൈനയുടെ പിന്തുണ പാകിസ്ഥാനാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയെ പിന്തുണച്ച ചൈന ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന നിര്‍ദേശത്തിന് പിന്നാലെയാണ് പാകിസ്ഥാന് പിന്തുണയുമായി രംഗത്തെത്തിയത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പാകിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറുമായി ഫോണില്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഭീകരാക്രമണത്തിനു ശേഷമുള്ള സംഭവവികാസങ്ങള്‍ ചൈന സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നും വാങ് പറഞ്ഞതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ റഷ്യക്കോ ചൈനക്കോ മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കോ ഇന്ത്യ പറയുന്നത് സത്യമാണോയെന്ന് അന്വേഷിക്കാമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.

Content Highlight: Pahalgam terror attack; US reiterates support for India