മിന്നലഴകേ എന്ന ആല്‍ബം സോങ്ങിലൂടെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് ജേക്‌സ് ബിജോയ്. 2014ല്‍ പുറത്തിറങ്ങിയ എയ്ഞ്ചല്‍സാണ് ജേക്‌സിന്റെ ആദ്യചിത്രം. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കാന്‍ ജേക്‌സിന് സാധിച്ചു. ടാക്‌സിവാലാ എന്ന ചിത്രത്തിലൂടെ തെലുങ്കിലും ജേക്‌സ് തന്റെ സാന്നിധ്യമറിയിച്ചു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ തിരക്കുള്ള സംഗീതസംവിധായകനാണ് ജേക്‌സ് ബിജോയ്.
ജേക്‌സ് ബിജോയ്‌യുടെ കരിയറില്‍ വലിയൊരു ഇംപാക്ടുണ്ടാക്കിയ ചിത്രമായിരുന്നു രണം: ഡെറ്റ്രോയിറ്റ് ക്രോസിങ്. പൃഥ്വിരാജിനെ നായകനാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. വന്‍ ബജറ്റിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയില്ല. രണം എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ജേക്‌സ് ബിജോയ്.
ആ സിനിമയില്‍ വര്‍ക്ക് ചെയ്ത എല്ലാവരുടെയും സ്റ്റെപ്പിങ് സ്റ്റോണ്‍ രണം ആയിരുന്നെന്ന് ജേക്‌സ് ബിജോയ് പറഞ്ഞു. 16 സിനിമകള്‍ ചെയ്ത ശേഷം തനിക്ക് ഒരു ഐഡന്റിറ്റി തന്ന ചിത്രമായിരുന്നു രണമെന്നും ഇപ്പോഴാണ് ആ സിനിമക്ക് കൃത്യമായിട്ടുള്ള ഓഡിയന്‍സിനെ ലഭിച്ചതെന്ന് ജേക്‌സ് കൂട്ടിച്ചേര്‍ത്തു. ആ സിനിമയുടെ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്‌തെന്നും സ്‌ക്രിപ്റ്റ് അവസാനഘട്ടത്തിലാണെന്നും ജേക്‌സ് ബിജോയ് പറഞ്ഞു.
ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി കുറച്ച് കൊമേഴ്‌സ്യല്‍ എലമെന്റുകളെല്ലാം കൂട്ടിയിട്ടുള്ള ചിത്രമായാണ് രണത്തിന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ജേക്‌സ് ബിജോയ് കൂട്ടിച്ചേര്‍ത്തു. അധികം വൈകാതെ ആ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്നും ജേക്‌സ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോട് സംസാരിക്കുകയായിരുന്നു ജേക്‌സ് ബിജോയ്.
‘രണം എന്ന സിനിമ വളരെ സ്‌പെഷ്യലായിട്ടുള്ള ഒന്നാണ്. ആ പടത്തില്‍ വര്‍ക്ക് ചെയ്ത ഞാനുള്‍പ്പെടെയുള്ള പലരുടെയും സ്റ്റെപ്പിങ് സ്റ്റോണായിരുന്നു രണം. എന്താ പറയുക, അതിന് മുമ്പ് 16 പടത്തില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും രണമാണ് എനിക്ക് വലിയൊരു ഐഡന്റിറ്റി തന്നത്. എന്നാല്‍ അന്ന് ആ സിനിമയെ പ്രേക്ഷകര്‍ സ്വീകരിച്ചില്ല.
ഇപ്പോഴാണ് അതിന്റെ യഥാര്‍ത്ഥ ഓഡിയന്‍സിനെ കണ്ടുമുട്ടുന്നത്. രണത്തിന് രണ്ടാം ഭാഗമുണ്ടെന്ന് നിര്‍മല്‍ അനൗണ്‍സ് ചെയ്തു. അതിന്റെ സ്‌ക്രിപ്റ്റ് വര്‍ക്ക് ഫൈനല്‍ സ്റ്റേജിലാണ്. രാജുവൊക്കെ ആ പ്രൊജക്ടില്‍ വലിയ എക്‌സൈറ്റഡാണ്. അധികം വൈകാതെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് ഉണ്ടാകും. ഇത്തവണ കുറച്ചുകൂടി കൊമേഴ്‌സ്യല്‍ രീതിയിലായിരിക്കും ഒരുക്കുക,’ ജേക്‌സ് ബിജോയ് പറഞ്ഞു.
Content Highlight: Jakes Bejoy about Ranam movie and its sequel