അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം വരും; പൃഥ്വി ഇന്ന് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതില്‍ സന്തോഷം: വിനയന്‍
Entertainment
അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം വരും; പൃഥ്വി ഇന്ന് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതില്‍ സന്തോഷം: വിനയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd April 2024, 12:11 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് 2005ല്‍ പുറത്തിറങ്ങിയ അത്ഭുത ദ്വീപ്. വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഉയരം കുറഞ്ഞ ആളുകളുടെ കഥയാണ് പറഞ്ഞിരുന്നത്. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നത് ഗിന്നസ് പക്രു, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരായിരുന്നു.

ഇന്ന് പൃഥ്വിരാജ് എന്ന നടന്‍ ചര്‍ച്ചയാകുന്നത് ആടുജീവിതം എന്ന സിനിമയിലൂടെയാണ്. മലയാളത്തില്‍ ഏറെ സ്വീകാര്യത നേടിയ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി വന്ന സിനിമയാണ് ഇത്.

ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ് നജീബ് എന്ന കഥാപാത്രമായാണ് എത്തിയത്. ചിത്രത്തെയും പൃഥ്വിരാജിനെയും പ്രശംസിച്ച് നിരവധി ആളുകള്‍ മുന്നോട്ട് വന്നിരുന്നു.

പൃഥ്വിരാജ് സുകുമാരന്‍ അത്ഭുത ദ്വീപ്, സത്യം എന്നീ സിനിമകളൊക്കെ കഴിഞ്ഞ് പത്തൊമ്പത് വര്‍ഷത്തിന് ശേഷം ആടുജീവിതത്തിലൂടെ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്ന നടനായി മാറിയതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്ന് പറയുകയാണ് വിനയന്‍.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. അത്ഭുതദ്വീപ് സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഉണ്ടായ സംഘടനാ പ്രശ്‌നങ്ങളും പൃഥ്വിരാജിന് ഉണ്ടായിരുന്ന വിലക്കും തരണം ചെയ്തത് ഇന്ന് ഓര്‍ക്കുമ്പോള്‍ രസകരമായി തോന്നുന്നുവെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒപ്പം അത്ഭുതദ്വീപിന്റെ അടുത്ത ഭാഗം വരുന്നതിനെ കുറിച്ചും സംവിധായകന്‍ പോസ്റ്റില്‍ പറഞ്ഞു. അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം കൂടുതല്‍ ഭംഗിയായി വലിയ ചിത്രമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നാണ് വിനയന്‍ പറഞ്ഞത്.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

2005 ഏപ്രില്‍ ഒന്നിനാണ് അത്ഭുതദ്വീപ് റിലീസ് ചെയ്തത്. പരിമിതമായ ബജറ്റില്‍ ആയിരുന്നെങ്കിലും ഗിന്നസ് പക്രു ഉള്‍പ്പടെ മുന്നൂറോളം കൊച്ചുമനുഷ്യരെ പങ്കെടുപ്പിച്ച് വലിയ ക്യാന്‍വാസിലായിരുന്നു
ചിത്രം പൂര്‍ത്തിയാക്കിയത്.

അത്ഭുത ദ്വീപും സത്യവുമൊക്കെ കഴിഞ്ഞ് പത്തൊമ്പത് വര്‍ഷത്തിന് ശേഷം ആടുജീവിതത്തിലൂടെ പൃഥ്വിരാജ് ഇന്ന് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്ന നടനായി മാറിയിരിക്കുന്നു. ഒത്തിരി സന്തോഷമുണ്ട്.

അത്ഭുതദ്വീപ് ഷൂട്ട് ചെയ്യുമ്പോഴുള്ള സംഘടനാ പ്രശ്‌നങ്ങളും പൃഥ്വിക്കുണ്ടായിരുന്ന വിലക്കും അതിനെ തരണം ചെയ്തതുമൊക്കെ ഇന്നോര്‍ക്കുമ്പോള്‍ രസകരമായി തോന്നുന്നു. അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം കൂടുതല്‍ ഭംഗിയായി ഒരു വലിയ ചിത്രമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നു.

Content Highlight: Vinayan Talks About Prithviraj Sukumaran And Athbhutha Dweepu Second Part