Kerala News
നവബ്രാഹ്മണിസത്തെ ചെറുക്കുന്ന മഹാഗായകനെ ആറുഗ്രാം കഞ്ചാവിന്റെ പേരിൽ കലയിൽ നിന്ന് പുറംതള്ളാനുള്ള ശ്രമം അനുവദിക്കാനാവില്ല: അശോകൻ ചെരുവിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 30, 06:10 am
Wednesday, 30th April 2025, 11:40 am

തിരുവനന്തപുരം: റാപ്പര്‍ വേടന് പിന്തുണ അറിയിച്ച് എഴുത്തുകാരൻ അശോകൻ ചെരുവിൽ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം വേടന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. താമസിച്ചിരുന്ന മുറിയിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തതിൻ്റെ വെളിച്ചത്തിൽ റാപ് ഗായകൻ വേടൻ നിയമനടപടി നേരിടുക തന്നെ വേണമെന്ന് പറഞ്ഞ അദ്ദേഹം, പക്ഷേ അതിൻ്റെ പേരിൽ വേടനെ സാംസ്കാരികമായി വേട്ടയാടുന്നത് ദുരുദ്ദേശപരമാണെന്ന് വിമർശിച്ചു.

വേടന്റെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്ത ആറുഗ്രാം കഞ്ചാവിനെ മുൻനിർത്തി ഒരു ബദൽപക്ഷ കലാകാരൻ അനുഭവിക്കുന്ന ആത്മസംഘർഷത്തെ വിലയിരുത്താൻ ഒരുപക്ഷേ ശിക്ഷാനിയമത്തിന് കഴിഞ്ഞെന്ന് വരില്ലെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം രാജ്യത്ത് അധികാരമായിരിക്കുകയും കേരളത്തിലെ അരാഷ്ട്രീയ മധ്യവർഗമനസാക്ഷിയിലേക്ക് പടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന നവബ്രാഹ്മണിസത്തെ, അരങ്ങിൽ തൻ്റെ മൗലികമായ കലാവിഷ്ക്കാരത്തിലൂടെ പ്രതിരോധിക്കുന്ന ഒരു കലാകാരൻ അനുഭവിക്കുന്ന മനസംഘർഷങ്ങൾ നാം തിരിച്ചറിയേണ്ടതുണ്ടെന്നും അശോകൻ ചെരുവിൽ പറഞ്ഞു.

നമ്മുടെ സാംസ്കാരികവ്യവസ്ഥയും സൗന്ദര്യസങ്കൽപ്പങ്ങളും പഴയകാല ബ്രാഹ്മണിസം നേതൃത്വം നൽകിയ ഫ്യൂഡലിസത്തിൻ്റേതാണ് എന്നതാണ് വലിയൊരു പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനികസമൂഹം അഭിമുഖീകരിക്കുന്ന മഹാവിപത്താണ് മയക്കുമരുന്നെന്നും സ്വയംഹത്യ പോലെ മാരകമാണതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ആ രംഗത്തെ ഉത്പാദന/വിതരണക്കാരും ഉപഭോക്താക്കളും ചെയ്യുന്ന കുറ്റം ഒരേ മട്ടിലുള്ളതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘കുഞ്ഞുണ്ണിമാഷടെ ഒരു കവിതയുണ്ട്. വരികൾ കൃത്യമായി ഓർമ്മയില്ല. ഏതാണ്ടിങ്ങനെയാണ്. ‘പ്രണയനൈരാശ്യംകൊണ്ട് കെട്ടിത്തൂങ്ങാൻ മരത്തിൽ കയറിയ ഒരുത്തനെ ഞാൻ കയറഴിച്ച് താഴെയിറക്കി, വേലിയിൽ നിന്ന് നല്ലൊരു പത്തലൊടിച്ച് തല്ലിക്കൊന്ന് കുഴിച്ചിട്ടു’
മയക്കുമരുന്നിനെതിരായ സമൂഹത്തിൻ്റെ പ്രതിരോധം പോകുന്ന വഴി കാണുമ്പോൾ ഈ കവിത ഓർമ്മവരുന്നു. ആധുനികസമൂഹം അഭിമുഖീകരിക്കുന്ന മഹാവിപത്താണ് മയക്കുമരുന്ന്. സ്വയംഹത്യ പോലെ മാരകമാണത്. പക്ഷേ ആ രംഗത്തെ ഉൽപ്പാദന/വിതരണക്കാരും ഉപഭോക്താക്കളും ചെയ്യുന്ന കുറ്റം ഒരേ മട്ടിലുള്ളതല്ല. ഒരു കൂട്ടർ ലാഭം കൊയ്യുന്നു. മറ്റുള്ളവർ അതുപയോഗിച്ച് ആത്മഹത്യ ചെയ്യുന്നു. നമ്മുടെ നിയമത്തിൽ ആത്മഹത്യ(ശ്രമം)യും ക്രിമിനൽ കുറ്റമാണല്ലോ.

താമസിച്ചിരുന്ന മുറിയിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തതിൻ്റെ വെളിച്ചത്തിൽ റാപ് ഗായകൻ വേടൻ നിയമനടപടി നേരിടുക തന്നെ വേണം. പക്ഷേ അതിൻ്റെ പേരിൽ അദ്ദേഹത്തെ സാംസ്കാരികമായി വേട്ടയാടുന്നത് ദുരുദ്ദേശപരമാണ്. കണ്ടെടുത്ത ആറുഗ്രാം കഞ്ചാവിനെ മുൻനിർത്തി ഒരു ബദൽപക്ഷ കലാകാരൻ അനുഭവിക്കുന്ന ആത്മസംഘർഷത്തെ വിലയിരുത്താൻ ഒരുപക്ഷേ ശിക്ഷാനിയമത്തിന് കഴിഞ്ഞു എന്നു വരില്ല. പക്ഷേ മാനവികതയെ ആഗ്രഹിക്കുന്ന സമൂഹത്തിന് അതിനുള്ള ബാധ്യതയുണ്ട്. എന്തുകൊണ്ടാണ് പൊതുവെ എഴുത്തുകാരും കലാകാരന്മാരും ലഹരിക്ക് അടിപ്പെടുന്നത്? മാനവരാശിയുടെ ആത്മവേദനകൾ കാളകൂടം പോലെ ഏറ്റുവാങ്ങുന്നവരുടെ ജീവിതാവസ്ഥയെ വിവരിക്കാൻ ഒരു എഫ്.ബി പോസ്റ്റിനെന്നല്ല ഒരു മഹാഗ്രന്ഥത്തിനും സാധിക്കും എന്ന് തോന്നുന്നില്ല.

രജ്യത്ത് അധികാരമായിരിക്കുകയും കേരളത്തിലെ അരാഷ്ട്രീയ മധ്യവർഗ്ഗമനസ്സാക്ഷിയിലേക്ക് പടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന നവബ്രാഹ്മണിസത്തെ, അരങ്ങിൽ തൻ്റെ മൗലികമായ കലാവിഷ്ക്കാരത്തിലൂടെ പ്രതിരോധിക്കുന്ന ഒരു കലാകാരൻ അനുഭവിക്കുന്ന മനസംഘർഷങ്ങൾ നാം തിരിച്ചറിയേണ്ടതുണ്ട്. പ്രധാനമായ സംഗതി നമ്മുടെ സാംസ്കാരികവ്യവസ്ഥ / സൗന്ദര്യസങ്കൽപ്പങ്ങൾ പഴയകാല ബ്രാഹ്മണിസം നേതൃത്വം നൽകിയ ഫ്യൂഡലിസത്തിൻ്റേതാണ് എന്നതാണ്. അതിനു പരിക്കേൽപ്പിക്കാൻ നമ്മുടെ നവോത്ഥാന/പുരോഗമന /ആധുനിക / അത്യാധുനിക / ഉത്തരാധുനിക സാഹിത്യപ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. സാംസ്കാരികമായി വേട്ടയാടപ്പെടുന്ന ജനതക്ക് തങ്ങളെ ആവിഷ്ക്കരിക്കാൻ ഇന്ന് പൊതുവേദികളില്ല. അത്തരമൊരു വേദി സ്വയം സൃഷ്ടിച്ച് പാടുന്ന മഹാഗായകനെ ആറുഗ്രാം കഞ്ചാവിൻ്റെ പേരിൽ കലയിൽ നിന്ന് പുറംതള്ളാനുള്ള ശ്രമം അനുവദിക്കാനാവില്ല,’ അദ്ദേഹം കുറിച്ചു.

തൃപ്പൂണിത്തറ പൊലീസാണ് വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് അഞ്ച് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് ഉപയോഗിച്ചതായി വേടന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വേടന്റെ കൂടെ മറ്റ് ഒമ്പത് പേര്‍കൂടി ഫ്ളാറ്റില്‍ ഉണ്ടായിരുന്നു. ഇവരില്‍ ആരുടെ പക്കല്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്ന കാര്യം വ്യക്തമല്ല. വേടന്‍ വാടകയ്ക്കെടുത്ത ഫ്ളാറ്റായിരുന്നു ഇത്.

കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ വേടന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വേടനെ വിട്ടയക്കാനായിരുന്നു സാധ്യത. എന്നാൽ പിന്നാലെ വേടന്റെ കഴുത്തിലെ മാലയിൽ പുലിപ്പല്ല് കണ്ടെത്തിയയതോടെ പുതിയ കേസ് വന്നിരിക്കുകയാണ്.

2020 ല്‍ ‘വോയ്സ് ഓഫ് ദി വോയ്സ് ലെസ്’ എന്ന പേരില്‍ തന്റെ ആദ്യ മ്യൂസിക് വീഡിയോയിലൂടെ ശ്രദ്ധിക്കപ്പെട്ട റാപ്പറും ഗാനരചയിതാവുമാണ് വേടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയിലെ ‘കുതന്ത്രം’ എന്ന പാട്ടിന് വരികളെഴുതി അദ്ദേഹം കൂടുതല്‍ ശ്രദ്ധ നേടിയിരുന്നു.

 

Content Highlight: Attempts to expel a great singer who opposes neo-Brahminism from the arts over six grams of ganja cannot be allowed: Asokan Cheruvil