Entertainment
പൃഥ്വി മൂന്നോ നാലോ ഗെറ്റപ്പിലെത്തുന്ന ചിത്രം; എമ്പുരാന് ശേഷം വര്‍ക്ക് തുടങ്ങും: സംവിധായകന്‍ വിജി തമ്പി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 01, 09:16 am
Saturday, 1st March 2025, 2:46 pm

മലയാളത്തിന് മികച്ച സിനിമകള്‍ നല്‍കിയിട്ടുള്ള സംവിധായകരില്‍ ഒരാളാണ് വിജി തമ്പി. 1988ല്‍ പുറത്തിറങ്ങിയ ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ് ആണ് അദ്ദേഹത്തിന്റെ ആദ്യചിത്രം. ഇരുപത്തിയഞ്ചിലേറെ മലയാളചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള വ്യക്തി കൂടെയാണ് വിജി.

ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ച് പറയുകയാണ് വിജി തമ്പി. വേലുത്തമ്പി ദളവയുടെ ജീവിതത്തെ ആസ്പദമാക്കിയ ഒരു മെഗാ പ്രോജക്ടാണ് വരാനിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

നായകനാകുന്നത് പൃഥിരാജ് സുകുമാരനാണെന്നും വിജി അഭിമുഖത്തില്‍ പറയുന്നു. പൃഥിയെ നായകനാക്കി മുമ്പ് കൃത്യം, നമ്മള്‍ തമ്മില്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തത് വിജി തമ്പി തന്നെയായിരുന്നു. ഈ സിനിമയില്‍ പൃഥിരാജിനെ മൂന്നോ നാലോ ഗെറ്റപ്പില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

‘വേലുത്തമ്പി ദളവയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു മെഗാ പ്രോജക്ടാണ് ഇനി വരാനിരിക്കുന്നത്. പൃഥിരാജ് നായകനായി എത്തുന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കെല്ലാം ഏറെക്കുറെ കഴിഞ്ഞു. രണ്‍ജി പണിക്കരാണ് അതിന്റെ സ്‌ക്രിപ്റ്റ് എഴുതുന്നത്.

വാസ്തവത്തില്‍ ഇത് 2005ല്‍ തുടങ്ങിയ വര്‍ക്കാണ്. ചരിത്രത്തിന്റെ ഭാഗമായ ഒരു ഏട് അഭ്രപാളിയില്‍ പകര്‍ത്തുമ്പോള്‍ അതത്ര നിസാരമായിരിക്കില്ലല്ലോ. അതുകൊണ്ട് നല്ല രീതിയില്‍ ഹോം വര്‍ക്ക് നടത്തി കുറേയധികം ഗവേഷണങ്ങളൊക്കെ ചെയ്തതിന് ശേഷമാണ് എഴുത്ത് ആരംഭിച്ചതുതന്നെ.

പൃഥിയെ മൂന്നോ നാലോ ഗെറ്റപ്പില്‍ കൊണ്ടുവരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ 100 ദിവസത്തിലധികം ഷൂട്ടിനായി തന്നെ വേണ്ടിവരും. പൃഥിയുടെ തിരക്കുകാരണം അതങ്ങോട്ട് ഒത്തു വരുന്നില്ല.

അതിനിടെ കൊവിഡ് ഉള്‍പ്പെടെയുള്ള സംഗതികള്‍ പ്രതിസന്ധിയായി. ഏറ്റവും ഒടുവില്‍ എമ്പുരാന്റെ വര്‍ക്ക് കഴിഞ്ഞാല്‍ ചെയ്യാം എന്ന നിലയ്ക്കാണ് നില്‍ക്കുന്നത്,’ വിജി തമ്പി പറഞ്ഞു.

Content Highlight: Viji Thambi Talks About His Upcoming Project With Prithviraj Sukumaran