ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ആർ.എസ്.എസ് ഓഫീസിൽ പോയി വിരമിക്കൽ പ്രഖ്യാപിച്ചുവെന്ന അവകാശവാദവുമായി ശിവസേനയുടെ (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്.
മുംബൈയിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം നേതാവിന്റെ അവകാശവാദം. ‘പ്രധാനമന്ത്രി മോദി വിരമിക്കൽ പ്രഖ്യാപിക്കാൻ ആർ.എസ്.എസ് ഓഫീസിലേക്ക് പോയി. എന്റെ അറിവിൽ, 10-11 വർഷത്തിനിടെ അദ്ദേഹം ഒരിക്കലും ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചിട്ടില്ല. ആർ.എസ്.എസ്, നേതൃത്വത്തിൽ മാറ്റം ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദി വിരമിക്കാൻ പോവുകയാണ്,’ അദ്ദേഹം പറഞ്ഞു. 2029ലെ തെരഞ്ഞെടുപ്പിന് മുമ്പ് മോദി വിരമിക്കുന്നുവെന്നാണ് സൂചനയെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിൻഗാമിയെ ആർ.എസ്.എസ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിൻഗാമിയെ ആർ.എസ്.എസ് തീരുമാനിക്കും. അദ്ദേഹം മഹാരാഷ്ട്രയിൽ നിന്നുള്ളയാളായിരിക്കും. അതുകൊണ്ടാണ് ചർച്ച ചെയ്യാൻ മോദിയെ നാഗ്പൂരിലേക്ക് വിളിപ്പിച്ചത്,’ സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.
സഞ്ജയ് റാവത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് ഒരു കോൺഗ്രസ് നേതാവും പറഞ്ഞു. ‘അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് ഞാൻ കരുതുന്നു. 75 വയസ് കഴിഞ്ഞവരോട് അവർ വിരമിക്കാൻ ആവശ്യപ്പെടും. പ്രധാനമന്ത്രി മോദിക്ക് പ്രായമാകുകയാണ്, അതിനാൽ അവർ ഇപ്പോൾ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടാകാം. അവരെ സന്തോഷിപ്പിക്കാൻ അദ്ദേഹം അവിടെ പോയിരിക്കണം,’ സഞ്ജയ് റാവത്തിന്റെ പരാമർശത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് ഹുസൈൻ ദൽവായിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച പ്രധാനമന്ത്രി മോദി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചിരുന്നു. അന്തരിച്ച ആർ.എസ്.എസ് മേധാവി മാധവറാവു ഗോൾവാൾക്കറുടെ പേരിലുള്ള മാധവ് നേത്രാലയ ഐ ഇൻസ്റ്റിറ്റ്യൂട്ട് & റിസർച്ച് സെന്ററിന്റെ പുതിയ വിപുലീകറിച്ച കെട്ടിടമായ മാധവ് നേത്രാലയ പ്രീമിയം സെന്ററിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി മോദി നിർവഹിച്ചിരുന്നു.
നാഗ്പൂർ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർ.എസ്.എസിനെ ഇന്ത്യയുടെ അനശ്വര സംസ്കാരത്തിന്റെയും ആധുനികവൽക്കരണത്തിന്റെയും ആൽമരം എന്നാണ് വിശേഷിപ്പിച്ചത്. ആർ.എസ്.എസിന്റെ ആദർശങ്ങളും തത്വങ്ങളും ദേശീയ അവബോധത്തെ സംരക്ഷിക്കുക എന്നതായിരുന്നുവെന്നും മോദി പറഞ്ഞു.
Content highlight: PM announced retirement at RSS office’: Sanjay Raut claims ‘successor discussed in close-door meet’