Entertainment
നിങ്ങള്‍ക്ക് എത്ര വയസായെന്ന് രജിനി സാര്‍; അന്ന് അദ്ദേഹത്തിന് അത്ഭുതമായി: കുളപ്പുള്ളി ലീല

മലയാളികള്‍ക്ക് ഏറെ പരിചിതയായ സിനിമ – സീരിയല്‍ നടിയാണ് കുളപ്പുള്ളി ലീല. നാടകങ്ങളിലൂടെയാണ് അവര്‍ അഭിനയ ജീവിതം ആരംഭിച്ചത്. മലയാളത്തിലും തമിഴിലുമായി 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച അഭിനേത്രി കൂടിയാണ് അവര്‍.

1995ല്‍ പുറത്തിറങ്ങിയ രജിനികാന്ത് ചിത്രമായ മുത്തു ആയിരുന്നു കുളപ്പുള്ളി ലീലയുടെ ആദ്യ ചിത്രം. പിന്നീട് 1998ല്‍ അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തില്‍ ത്രേസ്യാമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് മലയാളത്തിലും അഭിനയിച്ചു.

മുത്തു ഇറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം 2021ല്‍ അണ്ണാത്തെ എന്ന സിനിമയിലും രജിനികാന്തിനൊപ്പം കുളപ്പുള്ളി ലീല ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ രജിനികാന്തിനെ കുറിച്ച് പറയുകയാണ് കുളപ്പുള്ളി ലീല

‘ഞാന്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് സിനിമ മുത്തു ആണ്. അതും രജിനികാന്തിനൊപ്പം. ആ സിനിമയില്‍ അദ്ദേഹത്തെ വഴക്ക് പറയുന്ന ഒരു സീന്‍ എനിക്ക് ഉണ്ടായിരുന്നു. അന്ന് ഞാന്‍ ഒരു സിനിമാ ആര്‍ട്ടിസ്റ്റ് ആയിരുന്നില്ല. ഒരു സ്‌റ്റേജ് ആര്‍ട്ടിസ്റ്റ് മാത്രമായിരുന്നു.

തിയേറ്ററില്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റായിട്ട് ചെയ്യുകയായിരുന്നു. അന്ന് എനിക്ക് തിയേറ്ററില്‍ കളി ഉണ്ടായിരുന്നില്ല. രണ്ടുദിവസം എനിക്ക് വര്‍ക്കില്ലെന്ന് അറിഞ്ഞപ്പോഴാണ് ആ സിനിമയിലേക്ക് വിളിച്ചത്.

മുത്തു സിനിമയില്‍ ചായ കടയിലെ റോള്‍ ചെയ്യേണ്ടിയിരുന്നതും ഞാന്‍ തന്നെയായിരുന്നു. ആദ്യം ചെയ്ത സീന്‍ ഇഷ്ടമായത് കൊണ്ടായിരുന്നു ആ റോളും തരാമെന്ന് സംവിധായകന്‍ പറഞ്ഞത്. പക്ഷെ അന്ന് എനിക്ക് തിയേറ്ററില്‍ കളിയുള്ളത് കാരണം പോകാന്‍ പറ്റിയില്ല.

അണ്ണാത്തെ സിനിമയില്‍ രജിനി സാറിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് മുത്തു സിനിമയെ പറ്റി സംസാരിച്ചിരുന്നു. സാറിന്റെ കൂടെ ഞാന്‍ മുമ്പ് അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞതോടെ അദ്ദേഹത്തിന് അത്ഭുതമായി.

ഏതാണ് സിനിമയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ മുത്തുവെന്ന് പറഞ്ഞു. ഉടനെ ഏത് ക്യാരക്ടറായിരുന്നു ചെയ്തതെന്ന് ചോദിച്ചു. ആ കഥാപാത്രത്തെ കുറിച്ച് പറഞ്ഞതും അടുത്തേക്ക് വന്നിട്ട് ‘അപ്പോള്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ എത്ര വയസായി’ എന്നാണ് രജിനി സാര്‍ ചോദിച്ചത് (ചിരി),’ കുളപ്പുള്ളി ലീല പറയുന്നു.

Content Highlight: Kulappulli Leela Talks About Rajinikanth