Entertainment
മെര്‍സലിനെതിരെ സംഘപരിവാര്‍ വന്നപ്പോള്‍ രജിനികാന്തും കമല്‍ ഹാസനുമടക്കം മൊത്തം തമിഴ് ഇന്‍ഡസ്ട്രിയും കൂടെ നിന്നു; എമ്പുരാനില്‍ അത് കണ്ടില്ല: എന്‍. എസ്. മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 10, 03:56 pm
Thursday, 10th April 2025, 9:26 pm

എമ്പുരാന്‍ വിവാദങ്ങളോട് പ്രതികരിക്കുകയാണ് എഴുത്തുകാരന്‍ എന്‍. എസ്. മാധവന്‍. മെര്‍സല്‍ എന്ന സിനിമക്കെതിരെ സംഘപരിവാര്‍ അക്രമം ഉണ്ടായപ്പോള്‍ രജിനികാന്തും കമല്‍ ഹാസനുമടക്കം മൊത്തം ഇന്‍ഡസ്ട്രിയും കൂടെ നിന്നെന്നും എന്നാല്‍ എമ്പുരാനില്‍ കേരത്തില്‍ നിന്ന് അങ്ങനൊന്ന് ഉണ്ടായില്ലെന്നും എന്‍. എസ്. മാധവന്‍ പറയുന്നു.

ചരിത്രത്തില്‍ നിന്ന് മുറിച്ചുമാറ്റപ്പെട്ട ഒന്നായിരുന്നു ഗുജറാത്ത് കലാപമെന്നും എന്നാല്‍ എമ്പുരാന്‍ സിനിമ അത് വീണ്ടും ഓര്‍മിപ്പിച്ചെന്നും മാധവന്‍ പറഞ്ഞു. മെര്‍സലിനെതിരെ തെരുവിലിറങ്ങിയാണ് സംഘപരിവാര്‍ പ്രതിക്ഷേധിച്ചതെന്നും എന്നാല്‍ എമ്പുരാനെതിരെ ഇന്റര്‍നെറ്റിലൂടെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് സാംസ്‌കാരിക വേദി നടത്തിയ പരിപാടിയില്‍ മുസാഫര്‍ അഹമ്മദുമായി നടത്തിയ സംഭാഷണത്തിലാണ് എന്‍.എസ്. മാധവന്‍ ഇക്കാര്യം പറഞ്ഞത്.

‘എമ്പുരാനെതിരെ നടന്ന അതിക്രമങ്ങളും അതിനെ തുടര്‍ന്നുണ്ടായ സെന്‍സറിങ്ങുമെല്ലാം കേരളത്തില്‍ അത്ര വലിയ ചലനം ഉണ്ടാക്കിയെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഒരു മൂന്ന്, നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ് നാട്ടില്‍ മെര്‍സല്‍ എന്ന സിനിമയിറങ്ങിയിരുന്നു. അപ്പോള്‍ ആ സിനിമയോടൊപ്പമായിരുന്നു തമിഴ് നാട്ടിലെ മൊത്തം ഇന്‍ഡസ്ട്രിയും. കമല്‍ ഹാസനും രജിനികാന്തും വരെ മെര്‍സലിനെ സപ്പോര്‍ട്ട് ചെയ്തിരുന്നു.

ചരിത്രത്തില്‍ നിന്ന് മുറിച്ച് മാറ്റപ്പെട്ട ചരിത്രമായിരുന്നു ഗുജറാത്ത് വംശഹത്യ. ഇത് നടന്നത് ഇന്നുള്ള യൗവത്വത്തില്‍ പലര്‍ക്കും അറിയണമെന്നില്ല. ഇന്ന് ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനും ഈ ചരിത്രം ഓര്‍മിപ്പിക്കണം എന്നില്ല. എന്നാല്‍ ഗുജറാത്ത് കലാപം എന്താണെന്ന് അടയാളപ്പെടുത്തി കാണിച്ച് തന്നതാണ് എമ്പുരാന്റെ വിജയം.

അതിനെ എങ്ങനെയാണ് സംഘപരിവാര്‍ എതിര്‍ത്തതെന്നും നിങ്ങള്‍ അറിയണം. അതിന് വേണ്ടി അവര്‍ തെരുവില്‍ ഇറങ്ങിയില്ല. മെര്‍സല്‍ ഇറങ്ങിയപ്പോള്‍ ആ രീതിയില്‍ ഇറങ്ങിയ സിനിമക്കെതിരെ തെരുവിലിറങ്ങി പ്രതിക്ഷേധിച്ചാണ് സംഘപരിവാര്‍ എതിര്‍ത്തിരുന്നത്. എന്നാല്‍ എമ്പുരാനെ എതിര്‍ത്തത് വെറും ഇന്റര്‍നെറ്റിലൂടെയാണ്. കാരണം തെരുവില്‍ ഇറങ്ങിയാല്‍ ഇന്റര്‍നെറ്റ് ഇല്ലാത്ത ഇന്ത്യയിലെ ബാക്കിയുള്ള 60 ശതമാനം ആളുകള്‍ക്കും ഗുജറാത്ത് കലാപം വീണ്ടും ഓര്‍മവരും. അങ്ങനെ ആളുകള്‍ മറക്കാന്‍ തുടങ്ങിയ ഒരു സംഭവത്തെയാണ് ഒറ്റയടിക്ക് എമ്പുരാന്‍ ഓര്‍മിപ്പിച്ചത്,’ എന്‍. എസ്. മാധവന്‍ പറയുന്നു.

Content Highlight: N. S. Madhavan says that when the Sangh Parivar violence against the film Mersal took place, the entire industry stood by it, but there was no such reaction from Kerath in Empuraan