Cricket
ബാറ്റിങ് എളുപ്പമായിരുന്നില്ല, സഹായിച്ചത് അവന്‍; തുറന്ന് പറഞ്ഞ് വെങ്കിടേഷ് അയ്യര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 04, 04:07 am
Friday, 4th April 2025, 9:37 am

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്ത്. 80 റണ്‍സിനാണ് സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത വിജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടാനാണ് കൊല്‍ക്കത്തയ്ക്ക് സാധിച്ചത്. വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഉദയസൂര്യന്‍മാര്‍ 16.4 ഓവറില്‍ 120 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. സീസണില്‍ ഹൈദരാബാദിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.

കൊല്‍ക്കത്തയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് മധ്യനിരയില്‍ ഇറങ്ങിയ വെങ്കിടേഷ് അയ്യരാണ്. 29 പന്തില്‍ മൂന്ന് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 60 റണ്‍സാണ് താരം നേടിയത്. 15 ഓവറിന് ശേഷം വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ അയ്യര്‍ക്ക് സാധിച്ചിരുന്നു. മാത്രമല്ല അയ്യര്‍ക്ക് കൂട്ട് നിന്ന് റിങ്കു സിങ് 17 പന്തില്‍ നിന്ന് 32 റണ്‍സും നേടി മികച്ച പ്രകടനമാണ് നടത്തിയത്. മത്സരശേഷം വെങ്കിടേഷ് അയ്യര്‍ സംസാരിച്ചിരുന്നു.

ബാറ്റിങ് എളുപ്പമായിരുന്നില്ലെന്നും പന്ത് ജഡ്ജ് ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ റിങ്കു സിങ്ങാണ് തന്നെ സഹായിച്ചതെന്നും താരം പറഞ്ഞു. മാത്രമല്ല വിക്കറ്റിന്റെ സ്വഭാവം മനസിലാക്കാന്‍ 10 പന്ത് കളിക്കേണ്ടി വന്നെന്നും സാഹചര്യമനുസരിച്ച് കളിയുടെ രീതി മാറ്റേണ്ടി വരുമെന്നും താരം പറഞ്ഞു.

‘പന്ത് സ്ലോ ആയതിനാല്‍ ബാറ്റിങ് എളുപ്പമായിരുന്നില്ല. ഞങ്ങള്‍ക്ക് ലഭിച്ച അവസരത്തില്‍ ഞാനും റിങ്കുവും പാര്‍ട്ണര്‍ഷിപ്പ് കെട്ടിപ്പടുക്കാന്‍ തീരുമാനിച്ചു. പന്ത് കൃത്യസമയത്ത് നിര്‍ണയിക്കാന്‍ കഴിയാതെ വന്നപ്പോള്‍ എന്നെ സഹായിച്ചതിന് റിങ്കുവിന് നന്ദി. പൊസിഷനിങ്ങിനെക്കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞു, അത് എനിക്ക് ഗുണം ചെയ്തു.

വലുപ്പത്തില്‍ അദ്ദേഹം ചെറുതാണ്, പക്ഷേ അവന്‍ ഒരു പവര്‍ഹൗസാണ്. വിക്കറ്റിന്റെ സ്വഭാവം മനസിലാക്കാന്‍ ഞാന്‍ 10 പന്തുകള്‍ എടുത്തു. ടോപ്പ് ഓര്‍ഡറിനും മധ്യനിര ബാറ്റര്‍ക്കുമിടയിലാണ് ഞാന്‍, ചിലപ്പോള്‍ ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോകേണ്ടി വരും, ചിലപ്പോള്‍ ഞാന്‍ ആക്രമിച്ചു കളിക്കേണ്ടി വരും,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ വെങ്കി പറഞ്ഞു.

അയ്യര്‍ക്ക് പുറമെ യുവ താരം അംകൃഷ് രഘുവംശി 32 പന്തില്‍ നിന്ന് 5 സിക്സും 3 ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ രഹാനെ 38 റണ്‍സും നേടി പുറത്തായി. ഹൈദരാബാദിന് വേണ്ടി മുഹമ്മദ് ഷമി, സീഷന്‍ അന്‍സാരി, കാമിന്ദു മെന്‍ഡിസ്, ഹര്‍ഷല്‍ പട്ടേല്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ബൗളില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഇംപാക്ടായി ഇറങ്ങിയ വൈഭവ് അറോറ ഒരു മെയ്ഡന്‍ അടക്കം 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടി മികച്ച ബൗളിങ് പ്രകടനമാണ് നടത്തിയത്. വരുണ്‍ ചക്രവര്‍ത്തി 22 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളും നേടി.

ആന്ദ്രെ റസല്‍ രണ്ട് വിക്കറ്റും ഹര്‍ഷിത് റാണ, സുനില്‍ നരേയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. കൊല്‍ക്കത്തയുടെ മിന്നും ബൗളിങ്ങില്‍ പവര്‍പ്ലെയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സാണ് ഹൈദരാബാദിന് നേടാന്‍ സാധിച്ചത്.

Content Highlight: IPL 2025: Venkatesh Iyer Talking About Rinku Singh