Film News
ഞാന്‍ ന്യായത്തിനൊപ്പം; മൂന്ന് മണിക്കൂര്‍ സിനിമ എന്റര്‍ടൈന്‍മെന്റ് ആയി കാണണം; എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 31, 08:49 am
Monday, 31st March 2025, 2:19 pm

എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്നും അത് എന്റര്‍ടൈന്‍മെന്റിനുള്ളതാണെന്നും ആസിഫ് അലി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ആസിഫ് അലിയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയുടെ അതിപ്രസരമാണെന്നും അതില്‍ എഴുതിവിടുന്ന വാക്കുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസമായി കാണുന്നതെന്നും ആസിഫ് പറഞ്ഞു.

സോഷ്യല്‍ മീഡിയയ്ക്ക് ഞാനെന്നോ നിങ്ങളെന്നോ ഇല്ലെന്നും നേരിട്ട് അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുന്നതാണ് കാണുന്നതെന്നും താന്‍ ന്യായത്തിനൊപ്പമെന്നും നില്‍ക്കുന്നുവെന്നും ആസിഫ് വ്യക്തമാക്കി.

‘സോഷ്യല്‍ മീഡിയയുടെ അതിപ്രസരമെന്ന് പറയില്ലേ, വീട്ടുകാരുടെയോ കൂട്ടുകാരുടെയോ കൂടെയിരുന്ന് വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ എഴുതി വിടുന്ന കുറച്ച് വാക്കുകളും കമന്റുകളും ഒരുപാട് വലിയ പ്രശ്‌നങ്ങളിലേക്ക് പോകും. അതൊക്കെ നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്. സിനിമയെ സിനിമയായി തന്നെ കാണുക. അതാണ് നമ്മള്‍ ഇപ്പോഴും ആഗ്രഹിക്കുന്നതും.

സിനിമ എന്റര്‍ടൈന്‍മെന്റിന് വേണ്ടിയുള്ളതാണ്. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഇതിന് ബന്ധമില്ലെന്ന് സിനിമ തുടങ്ങുന്നതിന് മുമ്പ് എഴുതികാണിക്കുന്നതാണ്. അതിനെ അങ്ങനെതന്നെ കാണുക. അല്ലാത്തവരും ഉണ്ടായിരിക്കാം, എന്റെ അഭിപ്രായം ആ രണ്ടര- മൂന്ന് മണിക്കൂര്‍ എന്റര്‍ടൈന്‍മെന്റ് ആയി കാണുക. സിനിമയുടെ ഇന്‍ഫ്‌ലുവെന്‍സ് എത്രമാത്രം വേണമെന്ന് തീരുമാനിക്കാന്‍ കഴിയുന്നത് നമുക്കാണ്. അത് നമ്മുടെ കയ്യിലായിരിക്കണം.

സോഷ്യല്‍ മീഡിയക്ക് ലാലേട്ടനെന്നോ ഞാനെന്നോ നിങ്ങളെന്നോ ഇല്ല. നേരിട്ട് അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ, അതാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. ആവശ്യമില്ലാത്ത വ്യാഖ്യാനങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുക. ന്യായം ആരുടെ ഭാഗത്താണോ അവിടെ നിന്നാണ് നമുക്ക് ശീലം. ഞാനും ന്യായത്തിന്റെ ഭാഗത്ത്,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif  Ali Reacts On Empuraan Movie Controversy