തിരുവനന്തപുരം: എമ്പുരാൻ വിവാദത്തിൽ പ്രതികരണവുമായി കേരള ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. മാർച്ച് 27നായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്‌ത എമ്പുരാൻ തീയറ്ററിൽ എത്തിയത്. ചിത്രം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തെ എതിർത്ത് ആർ.എസ്.എസും സംഘപരിവാറും എത്തിയിരുന്നു.
എമ്പുരാൻ നേരിടുന്ന ആക്രമണത്തിൽ വിമർശനവുമായെത്തിയിരിക്കുകയാണ് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. വർഷങ്ങൾക്ക് മുമ്പ് അഡോൾഫ് ഹിറ്റ്‌ലറുടെ കാലഘട്ടത്തിൽ ചാർളി ചാപ്ലിൻ ദ ഗ്രേറ്റ് ഡിക്ടേറ്റർ പോലൊരു സിനിമ ഇറക്കിയെന്നും എന്നാൽ ആ സിനിമ ഇന്നും ജീവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ കാലഘട്ടത്തിൽ എമ്പുരാന് നേരിടേണ്ടി വരുന്നത് നേരെ മറിച്ചുള്ള അനുഭവമാണ്.
ആദ്യം കാണുമ്പോൾ പ്രശ്നങ്ങൾ ഒന്നും തോന്നാതിരുന്ന സെൻസർ ബോർഡിന് സിനിമ ഇറങ്ങിയതോടെ പ്രശ്നങ്ങൾ തോന്നി തുടങ്ങുന്നു. സെൻസർ ബോർഡിന് ആദ്യം ഒന്നും തോന്നാതിരുന്ന സിനിമക്ക് നേരെ റിലീസായത്തിന് ശേഷം ഇത്തരം ആക്രമണം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഇനി എന്തെങ്കിലും ഒരുകാര്യം എഴുതാൻ സാധിക്കുമോ അതിനുള്ള സ്വാതന്ത്ര്യം ഉണ്ടാകുമോ എന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യൻ സിനിമയുടേത് മാത്രമല്ല, ദ ഗ്രേറ്റ് ഡിക്ടേറ്റർ എന്നൊരു സിനിമയുണ്ടായിരുന്നു. ചാർളി ചാപ്ലിൻ എന്ന ചെറിയ മനുഷ്യൻ ഇറക്കിയ സിനിമയെ ഹിറ്റ്ലർ എങ്ങനെയാണ് വിലയിരുത്തിയതെന്ന് നമുക്കറിയാം. ഇന്നത്തെ കാലത്തിന്റെ അത്ര ആധുനിക സാങ്കേതിക വിദ്യകൾ ഇല്ലെങ്കിൽ പോലും ലോകത്ത് എവിടെയാണെങ്കിലും ഒരാളെ ഇല്ലാതാക്കാൻ അവർക്ക് സാധിക്കുമായിരുന്നു. ആ സിനിമ ഇപ്പോഴും ജീവിക്കുന്നുണ്ട്.
അത്തരം കാലത്ത് പോലും അത്തരം സിനിമ ഇറക്കാൻ പറ്റുമായിരുന്നു. ഞാൻ പറഞ്ഞത് ആദ്യം കാണുമ്പോൾ സെൻസർ ബോർഡിന് പോലും ഒന്നും തോന്നാത്ത, റിലീസ് ചെയ്ത ഒരു സിനിമക്ക് നേരെയുണ്ടാകുന്ന ആക്രമണത്തെക്കുറിച്ചാണ്. സെൻസർ ബോർഡ് നോക്കുമ്പോൾ ഒന്നും പറഞ്ഞിരുന്നില്ലല്ലോ. അതൊരു ശരിയായ സമീപനമല്ല. ഭാവിയിൽ ഇനി എന്തെങ്കിലും ഒരുകാര്യം എഴുതാൻ സാധിക്കുമോ അതിനുള്ള സ്വാതന്ത്ര്യം ഉണ്ടാകുമോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
1940ൽ പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഡിക്ടേറ്റർ, ഹിറ്റ്‌ലറെ നേരിട്ട് വിമർശിച്ച, ഫാസിസത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച ആദ്യത്തെ ഹോളിവുഡ് ചിത്രമായിരുന്നു.
മുരളി ഗോപി തിരക്കഥ ഒരുക്കിയ എമ്പുരാൻ ആരംഭിച്ചത് 2002ലെ ഗുജറാത്ത് കലാപം കാണിച്ചു കൊണ്ടായിരുന്നു. സിനിമയുടെ ആദ്യത്തെ 20 മിനിറ്റിൽ കലാപമായിരുന്നു പശ്ചാത്തലം. കലാപത്തിന് കാരണക്കാരായവരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നതെന്ന പ്രസ്‌താവനയടക്കം എമ്പുരാനിൽ ഉണ്ടായിരുന്നു.
അതോടെ ഇൻഡസ്ട്രിയിലെ ഏറ്റവും ചെലവേറിയ ചിത്രമായി എത്തിയ എമ്പുരാൻ ആദ്യ ഷോയ്ക്ക് പിന്നാലെ വ്യാപകമായ സൈബർ ആക്രമണം നേരിടുകയായിരുന്നു. കലാപത്തെ കുറിച്ച് പറഞ്ഞ വസ്തുതകൾ ചില തീവ്ര ഹിന്ദുത്വ വാദികളെ ചൊടിപ്പിക്കുകയായിരുന്നു
മോഹൻലാലും പൃഥ്വിരാജ് സുകുമാരനും പല ഭാഗങ്ങിൽ നിന്നുള്ള വ്യാപകമായ സൈബർ ആക്രമണമാണ് നേരിട്ടത്. പിന്നാലെ സിനിമയിലെ 17 ഭാഗങ്ങൾ വെട്ടാനുള്ള തീരുമാനം ഉണ്ടാവുകയും സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പേര് മാറ്റാനും തീരുമാനമുണ്ടായി. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ എത്തുകയും ചെയ്തിരുന്നു.
Content Highlight: The Great Dictator, which was released during Hitler’s time, is still alive today, and the censor board initially didn’t notice the problems that came after the release of Empuran: K.N. Balagopal criticizes