ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്കും മൗലികാവകാശങ്ങളുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ ഓര്‍ക്കണമെന്ന് സുപ്രീം കോടതി. നാഗരിക് അപൂര്‍ത്തി നിഗം (എന്‍.എ.എന്‍) അഴിമതി കേസ് ഛത്തീസ്ഗഡില്‍ നിന്ന് ന്യൂദല്‍ഹിയിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ജനങ്ങളുടെ മൗലികാവകാശങ്ങളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൂടി ചിന്തിക്കണമെന്ന് സുപ്രീം കോടതി ഹരജി പരിഗണിക്കവെ വ്യക്തമാക്കി.
കേസ് ഛത്തീസ്ഗഡില്‍ നിന്ന് ന്യൂദല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിന് പുറമേ, ഈ കേസില്‍ നിരവധി പ്രതികള്‍ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി മറ്റൊരു ഹരജിയും സമര്‍പ്പിച്ചിരുന്നു.
വ്യക്തിഗത അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള റിട്ട് ഹരജി എങ്ങനെ ഫയല്‍ ചെയ്യാമെന്ന് ഹരജി പരിഗണിക്കവെ കോടതി ഇ.ഡിയോട് ചോദിച്ചു. ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതായിരുന്നു ചോദ്യം. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ വ്യക്തികള്‍ക്ക് നേരിട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥയാണ് റിട്ട് ഹരജികളുടേത്.
ബെഞ്ചിന്റെ നിരീക്ഷണങ്ങളെത്തുടര്‍ന്ന്, ഇ.ഡിയെ പ്രതിനിധീകരിച്ച് ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്. വി രാജു ഹരജി പിന്‍വലിക്കാന്‍ അനുമതി തേടുകയും ഇ.ഡിക്കും മൗലികാവകാശങ്ങളുണ്ട് എന്ന് പറയുകയായിരുന്നു. ഇതിന് മറുപടിയായാണ് ഇ.ഡിക്ക് മൗലികാവകാശങ്ങളുണ്ടെങ്കില്‍, അവര്‍ ജനങ്ങളുടെ മൗലികാവകാശങ്ങളെക്കുറിച്ചും ചിന്തിക്കണമെന്ന് കോടതി നിരീക്ഷിച്ചത്.
തുടര്‍ന്ന് ഹരജി പിന്‍വലിക്കാനും കോടതി അനുമതി നല്‍കി. ഛത്തീസ്ഗഢിലെ കേസില്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അനില്‍ ടുട്ടേജയ്ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം ദുരുപയോഗം ചെയ്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആരോപിച്ചിരുന്നു.
ഇതിന് പുറമെ എന്‍.എ.എന്‍ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ചില പ്രതികള്‍ക്ക് ജുഡീഷ്യല്‍ ഇളവ് ലഭിക്കാന്‍ ഛത്തീസ്ഗഡിലെ ചില ഉദ്യോഗസ്ഥര്‍ ഒരു ഹൈക്കോടതി ജഡ്ജിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സി അവകാശപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പി.എം.എല്‍.എ കേസ് ഛത്തീസ്ഗഡിന് പുറത്തേക്ക് മാറ്റണമെന്ന് ഇ.ഡി ആവശ്യപ്പെട്ടത്.
Content Highlight: Supreme Court tells central agency that not only ED but also people have fundamental rights