ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ ചെപ്പോക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ പരാജയമാണ് ചെന്നൈക്ക് നേരിടേണ്ടി വന്നത്.
ചെന്നൈ ഉയര്‍ത്തിയ 104 റണ്‍സിന്റെ വിജയലക്ഷ്യം 10.1 ഓവറില്‍ നൈറ്റ് റൈഡേഴ്‌സ് മറികടക്കുകയായിരുന്നു.
𝐂𝐨𝐦𝐦𝐚𝐧𝐝𝐢𝐧𝐠 𝐰𝐢𝐧 𝐚𝐭 𝐂𝐡𝐞𝐩𝐚𝐮𝐤 💪 pic.twitter.com/XJqCZy3F8J
— KolkataKnightRiders (@KKRiders) April 11, 2025
ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അഞ്ചാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയിച്ച ശേഷം ധോണിയും സംഘവും വിജയത്തിന്റെ മധുരം രുചിച്ചിട്ടില്ല.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പരാജയത്തോടെ തുടര്‍ച്ചയായ അഞ്ചാം പരാജയമാണ് ചെന്നൈയുടെ രാജാക്കന്‍മാര്‍ക്ക് നേരിടേണ്ടി വന്നത്. ഐ.പി.എല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് സൂപ്പര്‍ കിങ്‌സ് തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ പരാജയമേറ്റുവാങ്ങുന്നത്.
(മത്സരങ്ങള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
5* – 2025
4 – 2010
4 – 2022
4 – 2022-23
வெற்றி! 🥳 pic.twitter.com/De6RZzUbHR
— KolkataKnightRiders (@KKRiders) April 11, 2025
ഇതിനൊപ്പം മറ്റൊരു മോശം റെക്കോഡും ഈ തോല്‍വിക്ക് പിന്നാലെ സൂപ്പര്‍ കിങ്‌സിനെ തേടിയെത്തി. ചെപ്പോക്കിലെ ഹാട്രിക് തോല്‍വിയുടെ അനാവശ്യ നേട്ടമാണിത്. ഇതാദ്യമായാണ് സൂപ്പര്‍ കിങ്‌സ് ചെപ്പോക്കില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെടുന്നത്.
2008ന് ശേഷം ആദ്യമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ചെപ്പോക്കില്‍ വിജയിച്ചപ്പോള്‍ 2010ന് ശേഷം ദല്‍ഹി ക്യാപ്പിറ്റല്‍സും സൂപ്പര്‍ കിങ്‌സിനെ ചെന്നൈയിലെത്തി പരാജയപ്പെടുത്തി.
13 വര്‍ഷത്തില്‍ ഇത് രണ്ടാം തവണയാണ് കൊല്‍ക്കത്ത ചെന്നൈയെ ചെന്നൈയില്‍ പരാജയപ്പെടുത്തുന്നത്. തങ്ങളുടെ കോട്ടയായ ചെപ്പോക്കിന്റെ അടിത്തറയിളകുന്ന കാഴ്ച നിരാശയോടെ നോക്കിക്കാണാന്‍ മാത്രമാണ് ആരാധകര്‍ക്കാകുന്നത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തൊട്ടതെല്ലാം പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ വെറും 16 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍മാര്‍ രണ്ട് പേരെയും സൂപ്പര്‍ കിങ്സിന് നഷ്ടമായിരുന്നു.
ഡെവോണ്‍ കോണ്‍വേയുടെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടപ്പെട്ടത്. നാലാം ഓവറിലെ ആദ്യ പന്തില്‍ മോയിന്‍ അലിക്ക് വിക്കറ്റ് സമ്മാനിച്ച് കോണ്‍വേ പുറത്തായി. 11 പന്തില്‍ 12 റണ്‍സാണ് താരം നേടിയത്.
അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ രചിന്‍ രവീന്ദ്രയും മടങ്ങി. ഒമ്പത് പന്തില്‍ നാല് റണ്‍സാണ് രചിന് നേടാന്‍ സാധിച്ചത്. ഹര്‍ഷിത് റാണയുടെ പന്തില്‍ കൊല്‍ക്കത്ത നായകന്‍ അജിന്‍ക്യ രഹാനെക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
മൂന്നാം വിക്കറ്റില്‍ വിജയ് ശങ്കറും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് സൂപ്പര്‍ കിങ്‌സിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 43 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്. ഇന്നിങ്‌സിലെ ഏറ്റവും മികച്ച പാര്‍ട്ണര്‍ഷിപ്പാണിത്.
Long way ahead.💔#CSKvKKR pic.twitter.com/kMiNEWxYvX
— Chennai Super Kings (@ChennaiIPL) April 11, 2025
ടീം സ്‌കോര്‍ 59ല്‍ നില്‍ക്കവെ വിജയ് ശങ്കറിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി ബ്രേക് ത്രൂ നല്‍കി. 21 പന്തില്‍ 29 റണ്‍സാണ് താരം നേടിയത്. ഇതിന് മുമ്പ് രണ്ട് തവണ കൊല്‍ക്കത്ത വിജയ് ശങ്കറിന് ലൈഫ് നല്‍കിയിരുന്നു.
അധികം വൈകാതെ ത്രിപാഠിയും പുറത്തായി. 22 പന്തില്‍ 16 റണ്‍സാണ് താരം നേടിയത്. തുടര്‍ന്നങ്ങോട്ട് വിക്കറ്റുകളുടെ ഘോഷയാത്രയാണ് ചെപ്പോക്കില്‍ കണ്ടത്. 59/2 എന്ന നിലയില്‍ നിന്നും 79/9 എന്ന നിലയിലേക്ക് സൂപ്പര്‍ കിങ്‌സിന്റെ പതനം വളരെ വേഗത്തിലായിരുന്നു.
ശിവം ദുബെയുടെ ചെറുത്തുനില്‍പ്പാണ് ചെന്നൈയെ നൂറ് കടത്തിയത്. 29 പന്തില്‍ പുറത്താകാതെ 31 റണ്‍സാണ് ദുബെ അടിച്ചെടുത്തത്.
കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ മൂന്ന് വിക്കറ്റും ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും നേടി. മോയിന്‍ അലിയും വൈഭവ് അറോറയുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.
Bowled as one 💜 pic.twitter.com/Ds2dqaLpVy
— KolkataKnightRiders (@KKRiders) April 11, 2025
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ഒട്ടും വൈകിക്കാതെ വെടിക്കെട്ടിലേക്ക് കടന്നു. ക്വിന്റണ്‍ ഡി കോക്കും സുനില്‍ നരെയ്‌നും ചേര്‍ന്ന് ചെപ്പോക്കിലെ താണ്ഡവത്തിന് തുടക്കമിടുകയായിരുന്നു. നേരിട്ട അഞ്ചാം പന്തില്‍ സിംഗിള്‍ നേടിയാണ് ഡി കോക്ക് അക്കൗണ്ട് തുറന്നത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സറുമായി നരെയ്ന്‍ മര്‍ദനമാരംഭിച്ചു.
രണ്ടാം ഓവറിലെ ആദ്യ പന്ത് തന്നെ സിക്‌സറിന് തൂക്കി ഡി കോക്കും വെടിക്കെട്ടിന് തിരികൊളുത്തി.
ആദ്യ വിക്കറ്റില്‍ 46 റണ്‍സാണ് ഓപ്പണര്‍മാര്‍ ചേര്‍ത്തുവെച്ചത്. 16 പന്തില്‍ 23 റണ്‍സ് നേടിയ ഡി കോക്കിനെ മടക്കി അന്‍ഷുല്‍ കാംബോജ് കൂട്ടുകെട്ട് പൊളിച്ചു.
പിന്നാലെയെത്തിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ കാഴ്ചക്കാരനാക്കി സുനില്‍ നരെയ്ന്‍ തന്റെ ചെന്നൈ മര്‍ദനം തുടര്‍ന്നുകൊണ്ടേയിരുന്നു.
എട്ടാം ഓവറിലെ ആദ്യ പന്തില്‍ അര്‍ഹിച്ച അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ നരെയ്ന്‍ മടങ്ങി. 18 പന്തില്‍ അഞ്ച് സിക്‌സറും രണ്ട് ഫോറുമടക്കം 44 റണ്‍സാണ് താരം നേടിയത്.
അധികം വൈകാതെ റിങ്കു സിങ്ങിനെ ഒപ്പം കൂട്ടി രഹാനെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. രഹാന 17 പന്തില്‍ 20 റണ്‍സും റിങ്കു സിങ് 12 പന്തില്‍ 15 റണ്‍സും നേടി പുറത്താകാതെ നിന്നു.
Content Highlight: IPL 2025: CSK vs KKR: For the first time ever Chennai Super Kings have lost 5 games in a row