ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ സെക്കന്റ് ഹോം സ്‌റ്റേഡിയമായ ഗുവാഹത്തിയിലെ ബര്‍സാപര സറ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനാണ് സൂപ്പര്‍ കിങ്‌സ് പരാജയം ഏറ്റുവാങ്ങിയത്.
രാജസ്ഥാന്‍ ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
Back to the drawing board. #RRvCSK #WhistlePodu 🦁💛 pic.twitter.com/855m8JfbOw
— Chennai Super Kings (@ChennaiIPL) March 30, 2025
സൂപ്പര്‍ താരം നിതീഷ് റാണയുടെ ബാറ്റിങ് കരുത്തിലും സൂപ്പര്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരങ്കയുടെ മികച്ച ബൗളിങ് പ്രകടനത്തിന്റെയും ബലത്തിലാണ് രാജസ്ഥാന്‍ ജയിച്ചുകയറിയത്.
ഈ പരാജയത്തിന് പിന്നാലെ 180 റണ്‍സ് ചെയ്‌സ് ചെയ്ത് ജയിക്കാന്‍ സാധിക്കാത്ത ടീമെന്ന ചീത്തപ്പേര് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിടാതെ പിന്തുടരുകയാണ്. 2019ന് ശേഷം ഒരിക്കല്‍പ്പോലും സൂപ്പര്‍ കിങ്‌സിന് 180 റണ്‍സ് ചെയ്‌സ് ചെയ്ത് ജയിക്കാന്‍ സാധിച്ചിട്ടില്ല.
ആദ്യം ബാറ്റ് ചെയ്ത് പലപ്പോഴും ഇതിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ടെങ്കിലും, ചെയ്‌സിങ്ങില്‍ പലതവണ 180 കടന്നിട്ടുണ്ടെങ്കിലും ഒരിക്കല്‍പ്പോലും സക്‌സസ്ഫുള്‍ ചെയ്‌സിങ് നടത്താന്‍ സൂപ്പര്‍ കിങ്‌സിന് സാധിച്ചിരുന്നില്ല.
ചെന്നൈയുടെ ഈ ദൗര്‍ബല്യത്തെ കുറിച്ച് രാജസ്ഥാന്‍ ഇന്നിങ്‌സിന് ശേഷം കമന്റേറ്റര്‍മാര്‍ ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. 200 റണ്‍സ് ചെയ്‌സ് ചെയ്യേണ്ടതില്ല എന്നതില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആശ്വസിക്കാമെന്നും, എന്നാല്‍ ചെയ്‌സ് ചെയ്യേണ്ട ടാര്‍ഗെറ്റ് 180+ ആണെന്നുമായിരുന്നു കമന്റേറ്റര്‍മാര്‍ പറഞ്ഞത്.
2019ന് ശേഷം ഏറ്റവുമധികം തവണ 180+ ടാര്‍ഗെറ്റ് ചെയ്‌സ് ചെയ്ത വിജയിച്ച ടീമുകള്‍
(ടീം – എത്ര തവണ എന്നീ ക്രമത്തില്‍)
രാജസ്ഥാന്‍ റോയല്‍സ് – 11 തവണ
മുംബൈ ഇന്ത്യന്‍സ് – 8 തവണ
ദല്‍ഹി ക്യാപ്പിറ്റല്‍സ് – 6 തവണ
ഗുജറാത്ത് ടൈറ്റന്‍സ് – 6 തവണ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 6 തവണ
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 6 തവണ
പഞ്ചാബ് കിങ്‌സ് – 4 തവണ
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 3 തവണ
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 0
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏഴാം സ്ഥാനത്താണ്. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് പോയിന്റാണ് ടീമിനുള്ളത്.
ഏപ്രില്‍ അഞ്ചിനാണ് സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം. ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.
Content Highlight: IPL 2025: Since 2019 Chennai Super Kings never successfully chased 180+ score