IPL
ഇത്രയേറെ വേദനകള്‍ അയാള്‍ അര്‍ഹിക്കുന്നുണ്ടോ!? കാത്തിരിക്കാം, ദല്‍ഹിയില്‍ കുരിശില്‍ തറയ്ക്കപ്പെട്ട സഞ്ജുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി...
സന്ദീപ് ദാസ്
2025 Apr 17, 01:53 pm
Thursday, 17th April 2025, 7:23 pm

രാജസ്ഥാന്‍-ദല്‍ഹി മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നപ്പോള്‍ ടെലിവിഷന്‍ ക്യാമറകള്‍ സഞ്ജു സാംസണിന്റെ നേര്‍ക്ക് തിരിഞ്ഞു. ബൗണ്ടറിയുടെ പുറത്ത് തീര്‍ത്തും നിസ്സഹായനായി അയാള്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഒന്നിലും ഇടപെടാനാകാതെ കാഴ്ചക്കാരനായി ഒതുങ്ങേണ്ടി വന്നതിന്റെ വേദന സഞ്ജുവിന്റെ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു.

സൂപ്പര്‍ ഓവറില്‍ രാജസ്ഥാന്‍ ഒരുപാട് അബദ്ധങ്ങള്‍ കാണിച്ചു. ഇല്ലാത്ത റണ്ണിനുവേണ്ടി ഓടിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ റിയാന്‍ പരാഗിന്റെയും യശസ്വി ജയ്‌സ്വാളിന്റെയും ഇന്നിങ്‌സിന് അന്ത്യം കുറിച്ചു. രാജസ്ഥാന് 11 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്.

ദല്‍ഹിയുടെ വിജയം ഉറപ്പാക്കപ്പെട്ടിരുന്നു. കൈവശം ഇരുന്ന കളി കളഞ്ഞുകുളിച്ചതിന്റെ നിരാശ രാജസ്ഥാന്‍ താരങ്ങളുടെ ശരീരഭാഷയില്‍ പ്രകടമായിരുന്നു. കളി തീരുന്നതിന് മുമ്പ് തന്നെ അവരുടെ ചുമലുകള്‍ കുനിഞ്ഞുതുടങ്ങിയിരുന്നു.

ആ സമയത്ത് സഞ്ജു ഗ്രൗണ്ടില്‍ ഇറങ്ങി. സഹതാരങ്ങളോട് സംസാരിച്ചു. പരമാവധി ശക്തിയില്‍ ക്ലാപ് ചെയ്തു. മരണം ഉറപ്പിച്ച ടീമിന് പുതുജീവന്‍ പകരാനുള്ള അവസാന ശ്രമങ്ങള്‍!

അതുകൊണ്ട് യാതൊരുവിധ പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല എന്ന കാര്യം സഞ്ജുവിനും നന്നായി അറിയാമായിരുന്നു. സഞ്ജുവിനെ സ്‌നേഹിക്കുന്നവര്‍ക്ക് സഹിക്കാനാവാത്ത രംഗങ്ങളായിരുന്നു അവ!

ദല്‍ഹി അനായാസം റണ്‍ചേസ് പൂര്‍ത്തിയാക്കി. തീര്‍ത്തും പ്രെഡിക്റ്റബിള്‍ ആയ രീതിയില്‍ പന്തെറിഞ്ഞ സന്ദീപ് ശര്‍മ്മ രാജസ്ഥാന്റെ പതനം എളുപ്പത്തിലാക്കി.

തോല്‍വിക്കുശേഷം സഞ്ജുവിന് ക്യാപ്റ്റന്റെ അഭിമുഖം നല്‍കേണ്ടിവന്നു. അയാള്‍ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. ഇന്റര്‍വ്യൂ എങ്ങനെയൊക്കെയോ അവസാനിപ്പിച്ച് സഞ്ജു രക്ഷപ്പെടുകയായിരുന്നു!

അത് കണ്ടപ്പോള്‍ ഒരു ചോദ്യം മനസ്സില്‍ വന്നു. ഇത്രയേറെ വേദനകള്‍ സഞ്ജു അര്‍ഹിക്കുന്നുണ്ടോ!?

14 കോടി രൂപ മുടക്കിയിട്ടാണ് രാജസ്ഥാന്‍ ധ്രുവ് ജുറെലിനെ നിലനിര്‍ത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തില്‍ ഡബിള്‍ ഓടാനുള്ള അവസരം ജുറെലിന് ഉണ്ടായിരുന്നു. അതിന് തുനിയാതെ അവസാന പന്തില്‍ ഹീറോ ആകാനാണ് ജുറെല്‍ ആഗ്രഹിച്ചത്. ജുറെലിന്റെ അതിമോഹത്തിന്റെ ഫലമാണ് ഈ പരാജയം.

ദല്‍ഹി ഉയര്‍ത്തിയ 189 റണ്‍സിന്റെ ലക്ഷ്യത്തെ വിജയകരമായി ഭേദിക്കാന്‍ രാജസ്ഥാന് കഴിയുമായിരുന്നു. അതുപോലൊരു തുടക്കമാണ് സഞ്ജു ടീമിന് സമ്മാനിച്ചത്.

വരണ്ട പിച്ചില്‍നിന്ന് സ്പിന്നര്‍മാര്‍ക്ക് സഹായം ലഭിക്കും എന്ന കാര്യം ഉറപ്പായിരുന്നു. അതുകൊണ്ട് പേസര്‍മാര്‍ പന്തെറിയുന്ന പവര്‍പ്ലേയില്‍ പരമാവധി റണ്ണുകള്‍ നേടുക എന്നത് നിര്‍ണായകമായിരുന്നു.

സഞ്ജു ആ തന്ത്രമാണ് നടപ്പിലാക്കിയത്. മുകേഷിനെതിരെ നേടിയ കൂറ്റന്‍ സിക്‌സറുകള്‍ അതിന്റെ തെളിവായിരുന്നു.
ഈ സീസണിലെ ഡെല്‍ഹിയുടെ തുറുപ്പ് ചീട്ടാണ് വിപ്രജ് നിഗം. ബെംഗളൂരുവിനെതിരെ മത്സരിച്ചപ്പോള്‍ അയാള്‍ സാക്ഷാല്‍ വിരാട് കോഹ്‌ലിയെ പുറത്താക്കിയിരുന്നു. ദല്‍ഹിയിലെ പിച്ചില്‍ വിപ്രജ് അപകടകാരിയായി മാറാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടായിരുന്നു.

വിപ്രജിനെതിരെ സഞ്ജു തുടര്‍ച്ചയായി ഫോറും സിക്‌സും അടിച്ചതോടെ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന് തന്റെ ലെഗ്‌സ്പിന്നറിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. പിന്നീട് വിപ്രജ് പന്ത് തൊട്ടതേയില്ല. സ്ലോ പിച്ചില്‍ ലീഡ് സ്പിന്നര്‍മാരില്‍ ഒരാള്‍ പിന്‍വലിക്കപ്പെടുന്നു! അതുവരെയുള്ള സഞ്ജുവിന്റെ പദ്ധതികളെല്ലാം കൃത്യമായിരുന്നു.

അപ്പോഴാണ് സഞ്ജുവിന് പരിക്കേറ്റത്. സ്‌ക്വയര്‍കട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബാറ്റര്‍ക്ക് ഇഞ്ച്വറി ഉണ്ടാവുന്ന കാഴ്ച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്! എന്തൊരു നിര്‍ഭാഗ്യം.

അപ്പോഴും സഞ്ജു കീഴടങ്ങാന്‍ ഒരുക്കമായിരുന്നില്ല. പെയ്ന്‍ കില്ലര്‍ കഴിച്ച് അയാള്‍ അടുത്ത പന്ത് നേരിട്ടു. പക്ഷേ ഒരു സിംഗിള്‍ സ്വന്തമാക്കാനുള്ള കരുത്ത് പോലും തന്നില്‍ അവശേഷിക്കുന്നില്ല എന്ന ദുഃഖിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞതോടെ അയാള്‍ സാവകാശം നടന്നകന്നു.

Retired hurt എന്ന് സ്‌ക്രീനില്‍ എഴുതിക്കാണിച്ചു. സത്യത്തില്‍ ഹര്‍ട്ട് ആയത് നമ്മള്‍ക്കാണ്!

വിജയത്തിലേക്കുള്ള വഴി വെട്ടിയിട്ടാണ് രാജസ്ഥാന്‍ സ്‌കിപ്പര്‍ മടങ്ങിയത്. അയാള്‍ പരാജിതനാകില്ല എന്ന് ടീം അംഗങ്ങള്‍ ഉറപ്പ് വരുത്തണമായിരുന്നു. അവര്‍ അത് നിര്‍വ്വഹിച്ചില്ല.

2009ല്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഒരു ഏകദിന മത്സരം നടന്നിരുന്നു. അന്ന് 163 റണ്‍സില്‍ ബാറ്റ് ചെയ്യുമ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പരിക്കുമൂലം റിട്ടയര്‍ ചെയ്യേണ്ടിവന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞുപോയ സന്ദര്‍ഭമായിരുന്നു അത്.

പുരുഷ ക്രിക്കറ്റിലെ ആദ്യ ഏകദിന ഡബിള്‍ സെഞ്ച്വറി നേടാനുള്ള അവസരം സച്ചിന് നഷ്ടപ്പെട്ടുവല്ലോ എന്ന് ചിന്തിച്ച് ഒരുപാട് വേദനിച്ചിരുന്നു. അടുത്ത വര്‍ഷം ഗ്വാളിയോറില്‍ വെച്ച് സച്ചിന്‍ ഇരുനൂറ് പിന്നിട്ടപ്പോഴാണ് ആ സങ്കടത്തിന് അറുതിവന്നത്.

സഞ്ജു സച്ചിന് തുല്യനല്ല. പക്ഷേ സച്ചിന്റെ കളി കാണുമ്പോള്‍ ഉണ്ടായിരുന്ന അതേ ടെന്‍ഷനാണ് നാം സഞ്ജുവിന്റെ ബാറ്റിങ്ങ് ആസ്വദിക്കുമ്പോള്‍ അനുഭവിക്കുന്നത്! റിട്ടയര്‍ ചെയ്ത് മടങ്ങുന്ന സഞ്ജുവിന്റെ ചിത്രം ഇനി ഒരുപാട് കാലം നമ്മെ വേട്ടയാടും.

ക്രൈസ്റ്റ് ചര്‍ച്ചില്‍ നഷ്ടപ്പെട്ട ഡബിള്‍ സെഞ്ച്വറി ഗ്വാളിയോറില്‍ തിരിച്ചുപിടിച്ച സച്ചിനെ കാണാന്‍ സാധിച്ചു. നമുക്ക് കാത്തിരിക്കാം. ദല്‍ഹിയില്‍ കുരിശില്‍ തറയ്ക്കപ്പെട്ട സഞ്ജുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി…

 

Content Highlight: Sandeep Das writes about Sanju Samson and Rajasthan Royals vs Delhi Capitals match

സന്ദീപ് ദാസ്
എഴുത്തുകാരന്‍