Entertainment
ധൂം 3 എന്റെ ആ സിനിമയില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് ചിലര്‍ എന്നോട് പറഞ്ഞു, ഞാന്‍ പ്രശ്‌നമുണ്ടാക്കാന്‍ പോയില്ല: കെ.എസ്. രവികുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 17, 12:45 pm
Thursday, 17th April 2025, 6:15 pm

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് കെ.എസ്. രവികുമാര്‍. നാട്ടാമൈ, പടയപ്പ, തെനാലി, പഞ്ചതന്ത്രം, അവ്വൈ ഷണ്മുഖി, ദശാവതാരം തുടങ്ങി തമിഴിലെ മികച്ച സിനിമകളെല്ലാം പിറന്നത് കെ.എസ്. രവികുമാറിലൂടെയാണ്. സംവിധാനത്തിന് പുറമെ അഭിനയത്തിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ധൂം 3യെക്കുറിച്ച് സംസാരിക്കുകയാണ് കെ.എസ്. രവികുമാര്‍. ചിത്രം റിലീസായ സമയത്ത് ഒരുപാട് പേര്‍ തന്നെ വിളിച്ചിരുന്നെന്ന് കെ.എസ്. രവികുമാര്‍ പറഞ്ഞു. ധൂം 3യുടെ ഇന്റര്‍വല്‍ സീന്‍ താന്‍ സംവിധാനം ചെയ്ത വില്ലന്‍ എന്ന സിനിമയുടെ കഥ കോപ്പിയടിച്ചാണ് ധൂം 3യുടെ ഇന്റര്‍വല്‍ ഒരുക്കിയതെന്ന് അവര്‍ തന്നോട് പറഞ്ഞിരുന്നെന്നും രവികുമാര്‍ കൂട്ടിച്ചേര്‍ത്തു.

സംഗതി സത്യമാണോ എന്നറിയാന്‍ താന്‍ ധൂം 3 തിയേറ്ററില്‍ പോയി കണ്ടിരുന്നെന്നും അത് ഏറെക്കുറെ സത്യമായിരുന്നെന്നും കെ.എസ്. രവികുമാര്‍ പറയുന്നു. ഇരട്ടയായ നായകനില്‍ ഒരാള്‍ തന്റെ സഹോദരന്റെ ഐഡന്റിറ്റി മറച്ചുവെക്കുന്നതാണ് വില്ലന്റെ കഥയെന്നും അതേ തീം തന്നെയാണ് ധൂം 3യില്‍ ഉണ്ടായിരുന്നതെന്നും രവികുമാര്‍ പറഞ്ഞു.

പലരും തന്നോട് ധൂം 3യുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസ് കൊടുക്കാന്‍ നിര്‍ദേശിച്ചെന്നും എന്നാല്‍ അതൊന്നും വേണ്ടെന്ന് താന്‍ തീരുമാനിച്ചെന്നും കെ.എസ്. രവികുമാര്‍ കൂട്ടിച്ചേര്‍ത്തു. ധൂം 3ക്ക് ശേഷം കുറച്ചുകാലം വില്ലന്‍ എന്ന സിനിമയെക്കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്‌തെന്നും അത് വലിയൊരു വിജയമായി കാണുന്നെന്നും കെ.എസ്.രവികുമാര്‍ പറഞ്ഞു. ടൂറിങ് ടോക്കീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ധൂം 3 എന്ന പടം റിലീസായ സമയത്ത് കുറേപ്പേര്‍ എന്നെ വിളിച്ചിരുന്നു. ‘നിങ്ങളുടെ സിനിമയുടെ കഥയാണല്ലോ ഇവര്‍ വലിയ ട്വിസ്റ്റായി എടുത്തുവെച്ചിരിക്കുന്നത്’ എന്ന് അവര്‍ പറഞ്ഞു. ഏത് സിനിമയാണെന്ന് ചോദിച്ചപ്പോള്‍ വില്ലന്‍ എന്ന പടത്തിന്റെ കോപ്പിയാണെന്ന് അറിഞ്ഞു. എന്നാല്‍ പിന്നെ ആ പടം കണ്ടേക്കാമെന്ന് വെച്ച് ഞാന്‍ ധൂം 3 കണ്ടു.

സംഗതി സത്യമായിരുന്നു. ഇരട്ടയായ നായകന്‍ സഹേദരന്റെ ഐഡന്റിറ്റിയില്‍ ജീവിക്കുന്നു. അവനെ സമൂഹത്തില്‍ നിന്ന് മറച്ചുവെക്കുന്നു. ധൂം 3യില്‍ ആ കഥയാണ് ഇന്റര്‍വല്‍ ട്വിസ്റ്റായി പ്രസന്റ് ചെയ്തത്. ധൂം 3ക്കെതിരെ കേസ് കൊടുക്കാന്‍ പലരും എന്നോട് പറഞ്ഞു. അതിന്റെയൊന്നും ആവശ്യമില്ലെന്ന് എനിക്ക് തോന്നി. ധൂം 3 കാരണം കുറച്ചുകാലം വില്ലന്‍ ചര്‍ച്ചയിലുണ്ടായിരുന്നു,’ കെ.എസ്. രവികുമാര്‍ പറഞ്ഞു.

Content Highlight: KS Ravikumar saying Dhoom 3 interval scene copied from his movie Villain