ഗുജറാത്ത് കലാപത്തിന് കാരണക്കാരവയരാണ് രാജ്യം ഭരിക്കുന്നതെന്ന ഭാഗം എമ്പുരാനില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്നത്. ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍ ഖേദപ്രകടനം നടത്തുകയും വിവാദമായ ഭാഗം നീക്കം ചെയ്യുമെന്ന് പറയുകയും ചെയ്തിരുന്നു.
എമ്പുരാന്റെ സംവിധായകന്‍ പൃഥ്വിരാജിനെതിരെ വ്യാപകമായ സൈബര്‍ അറ്റാക്കാണ് നടക്കുന്നത്. ബി.ജെ.പി നേതാക്കളില്‍ നിന്നും സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും തംരതാണ ആരോപണമാണ് പൃഥ്വിരാജിനും കുടുംബത്തിനും നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പൃഥ്വിരാജിനെതിരായ വിദ്വേഷം സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ പോസ്റ്റില്‍ വരെ എത്തിയിരിക്കുകയാണ്.
മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന എസ്.എസ്.എം.ബി 29ല്‍ പൃഥ്വിരാജും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒഡിഷയില്‍ നടന്ന ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും പൃഥ്വിരാജും ഒന്നിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. എന്നാല്‍ എമ്പുരാനിലെ ഭാഗം സംഘപരിവാറിനെ ചൊടിപ്പിച്ചതോടെ ചിത്രത്തില്‍ നിന്ന് പൃഥ്വിരാജിനെ ഒഴിവാക്കണമെന്ന കമന്റുകള്‍ രാജമൗലിയുടെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു.
ഒഡിഷയിലെ ദിയോമാലി എന്ന സ്ഥലത്തെ സൂര്യോദയത്തിന്റെ വീഡിയോ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് സംഘപരിവാറിന്റെ വിദ്വേഷ കമന്റുകള്‍ വന്നത്. ‘രാജ്യവിരുദ്ധനും ജിഹാദിയുമായ പൃഥ്വിരാജിനെ താങ്കളുടെ സിനിമയില്‍ നിന്ന് ഒഴിവാക്കുക, അല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് ദോഷം ചെയ്യും’, ‘സ്വന്തം രാജ്യത്തോടും സംസ്‌കാരത്തോടും യാതൊരു കൂറുമില്ലാത്തവനാണ് പൃഥ്വിരാജ്, അയാളെ നിങ്ങളുടെ സിനിമയുടെ ഭാഗമാക്കരുത്’, എന്നിങ്ങനെ ഒരുപാട് കമന്റുകള്‍ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.
‘ബോയ്‌ക്കോട്ട് ആന്റിനാഷണല്‍ പൃഥ്വിരാജ്’ എന്ന ഹാഷ്ടാഗോടുകൂടിയാണ് പല കമന്റുകളും അവസാനിക്കുന്നത്. നോര്‍ത്ത് ഇന്ത്യയിലുള്ളവരുടെ കമന്റുകളോടൊപ്പം മലയാളികളും പൃഥ്വിരാജിനെതിരെ കമന്റുകളിടുന്നുണ്ട്. ‘മോഹന്‍ലാലിനെ വരെ തെറ്റിദ്ധരിപ്പിച്ച് രാജ്യവിരുദ്ധ സിനിമയില്‍ അഭിനയിപ്പിച്ചയാളാണ് പൃഥ്വിരാജ്, അയാള്‍ നിങ്ങളെയും തെറ്റിദ്ധരിപ്പിക്കും’ എന്നിങ്ങനെയാണ് മലയാളികളുടെ കമന്റ്.
പൃഥ്വിരാജിന്റെ പങ്കാളിയും നിര്‍മാതാവുമായ സുപ്രിയ അര്‍ബന്‍ നക്‌സലാണെന്നും അവരെ നിലക്ക് നിര്‍ത്തണമെന്നും മല്ലിക സുകുമാരനോട് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്‍ പൊതുവേദിയില്‍ പ്രസംഗിക്കുകയുണ്ടായി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ വെട്ടിമാറ്റി റീ സെന്‍സര്‍ ചെയ്ത പതിപ്പ് ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തി.
Content Highlight: Comments against Prithviraj on S S Rajamouli’s Facebook post