Entertainment
ആ ബുക്ക് വായിച്ചപ്പോള്‍ രണ്ട് മൂന്ന് ദിവസം ഹാങ് ഓവര്‍ ഉണ്ടായിരുന്നു: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 04, 03:38 am
Friday, 4th April 2025, 9:08 am

മലയാളസിനിമയില്‍ ഇന്ന് മിനിമം ഗ്യാരന്റിയുള്ള നടന്മാരില്‍ ഒരാളാണ് ബേസില്‍ ജോസഫ്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്കെത്തിയ ബേസില്‍ സംവിധായകനായി മൂന്ന് സൂപ്പര്‍ഹിറ്റുകളാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്. കോമഡി വേഷങ്ങളില്‍ തിളങ്ങിയ ബേസില്‍ ജാന്‍ ഏ മന്‍ എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ചു.

ഓരോ സിനിമ കഴിയുന്തോറും തന്നിലെ അഭിനേതാവിനെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന നടനായി ബേസില്‍ മാറിയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പൊന്മാനില്‍ മികച്ച പ്രകടനമാണ് ബേസില്‍ കാഴ്ചവെച്ചത്.

പൊന്‍മാനിലെ ബേസില്‍ ചെയ്ത പി.പി അജേഷ് എന്ന കഥാപാത്രം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ആ കഥാപാത്രം പറയുന്ന സംഭാഷണങ്ങള്‍ മാത്രം വച്ചുള്ള വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇപ്പോള്‍ അജേഷ് എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന ഒന്നാണെന്ന് സിനിമ ചെയ്യുമ്പോള്‍ തോന്നിയിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ബേസില്‍ ജോസഫ്.

നാലഞ്ച് ചെറുപ്പക്കാര്‍ എന്ന നോവല്‍ വായിച്ചു കഴിഞ്ഞാല്‍ അജേഷ് എന്ന കഥാപാത്രം നമ്മളില്‍ നിന്ന് വിട്ടുപോകില്ലെന്നും ആ കഥാപാത്രത്തിന്റെ ഒരു ഹാങ് ഓവറിലായിരിക്കും നമ്മളെന്നും ബേസില്‍ പറയുന്നു.
ലോഡ്ജിലുള്ള ഭാഗങ്ങളൊക്കെ വായിക്കുമ്പോള്‍ തന്നെ വല്ലാത്ത ആകാംഷയുണ്ടായിരുന്നുവെന്നും ബേസില്‍ കൂട്ടിചേര്‍ത്തു.

എല്ലാ മിഡില്‍ ക്ലാസ് ഫാമിലിയിലുള്ള ആളുകള്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു കഥാപാത്രമാണ് അജേഷെന്നും ജീവിതത്തില്‍ ഫൈറ്റ് ചെയ്ത് വരുന്ന മിഡില്‍ ക്ലാസിലുള്ള ഏതൊരാള്‍ക്കും റിലേറ്റ് ചെയ്യാന്‍ കഴിയുന്ന കാര്യമാണ് ആ കഥാപാത്രം പറയുന്നതെന്നും പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്

‘ആ നോവല്‍ വായിച്ച് കഴിഞ്ഞാലും കുറച്ച് ദിവസം നമ്മള്‍ അജേഷിന്റെ ഹാങ് ഓവറിലായിരിക്കും ഉണ്ടാകുക. അത് വായിക്കുമ്പോള്‍ അജേഷിന് ഒരു മുഖം ഇല്ല. പക്ഷേ പുസ്തകം വായിക്കുന്ന സമയത്താണെങ്കിലും ആ കഥാപാത്രത്തിന് ഒരു കനമുണ്ടായിരുന്നു. ലോഡ്ജിലെ സീനുകള്‍ ഒക്കെ തന്നെയാണെങ്കിലും വായിക്കുന്ന സമയത്ത് ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. കാരണം നമ്മള്‍ക്കൊക്കെ റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു കഥാപാത്രമാണ്. ഒരു മിഡില്‍ ക്ലാസിലുള്ള ആളുടെ ലൈഫ് ആണല്ലോ കാണിക്കുന്നത്. ജീവിതത്തില്‍ പൊരുതി വരുന്ന ഏതൊരു മിഡില്‍ ക്ലാസ് ഫാമിലിയിലുള്ള ആളുകള്‍ക്കും റിലേറ്റബിള്‍ ആയിട്ടുള്ള കാര്യങ്ങളാണ് അജേഷ് പറയുന്നത്. പുസ്തകം വായിച്ചവരെയും സിനിമ കാണുന്നവരെയും നിരാശപ്പെടുത്തരുതെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു,’ ബേസില്‍ ജോസഫ് പറഞ്ഞു.

Content Highlight: Basil joseph about his character in Ponman