മലപ്പുറം: മഞ്ചേരിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ റെയ്ഡ്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊച്ചി എന്‍.ഐ.എ സംഘം റെയ്ഡ് ആരംഭിച്ചത്.
റെയ്ഡിന് പിന്നാലെ നാല് പേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ശിഹാബ്, സൈദലവി, ഖാലിദ്, ഇര്‍ഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഒരു മണിക്കൂറിനുള്ളില്‍ റെയ്ഡ് പൂര്‍ത്തിയായിരുന്നു. നാല് വീടുകളില്‍ നടന്ന പരിശോധനയില്‍ ഓരോരുത്തരെ വീതം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മൊത്തം അഞ്ച് വീടുകളിലാണ് റെയ്ഡ് നടന്നത്.
എന്‍.ഐ.എ കസ്റ്റഡിയിലുള്ള ഒരാള്‍ എസ്.ഡി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയും രണ്ട് പേര്‍ സ്വര്‍ണപ്പണിക്കാരുമാണ്. ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇവരെ കൊണ്ടുപോകുന്നതെന്നും വിശദമായി ചോദ്യം ചെയ്ത ശേഷം തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമായാല്‍ വിട്ടയക്കുമെന്നുമാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ കുടുംബങ്ങളോട് പറഞ്ഞിരിക്കുന്നത്.
ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം. കേന്ദ്ര ഏജന്‍സി ഇയാള്‍ക്ക് വേണ്ടിയുള്ള പരിശോധന തുടരുകയാണ്. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ ഷംനാദിന് വേണ്ടിയാണ് തിരച്ചില്‍ നടക്കുന്നത്.
പാലക്കാട് ശ്രീനിവാസന്‍ കൊലപാതകവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് നിഗമനം. ഏപ്രില്‍ രണ്ടിന് ആര്‍.എസ്.എസ് നേതാവായ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായിരുന്ന 10 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
ഷെഫീഖ്, നാസര്‍, എച്ച്, ജംഷീര്‍, ബി, ജിഷാദ്, അഷ്റഫ് മൗലവി, സിറാജുദ്ദീന്‍, അബ്ദുല്‍ ബാസിത്, അഷ്റഫ്, മുഹമ്മദ് ഷെഫീഖ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. നേരത്തെ ഇവര്‍ക്കെതിരെ എന്‍.ഐ.എ യു.എ.പി.എ ചുമത്തിയിരുന്നു.
വിചാരണ കോടതികള്‍ ജാമ്യാപേക്ഷകള്‍ തള്ളിയതോടെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന റെയ്ഡിനെ തുടര്‍ന്ന് രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായിരുന്നു. മഞ്ചേരി സ്വദേശികളായ സലീം, അഖില്‍ എന്നിവരെയാണ് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്.
Content Highlight: NIA raids houses of SDPI activists in Manjeri; four people in custody