national news
മൂന്ന് സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലെ സ്വത്ത് രാജ്യത്തെ വഖഫിനേക്കാള്‍ അധികം വരും; കേന്ദ്രത്തിന്റെ വാദം പൊളിച്ച് കപില്‍ സിബല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 04, 03:47 am
Friday, 4th April 2025, 9:17 am

ന്യൂദല്‍ഹി: വഖഫ് ഭേദഗതി നിയമത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പിയായ കപില്‍ സിബല്‍. രാജ്യത്തെ സ്വത്തുക്കളില്‍ ഭൂരിഭാഗവും കൈയടക്കിവെച്ചിരിക്കുന്നത് വഖഫ് ബോര്‍ഡാണെന്ന പ്രചാരണത്തിലൂടെ, ഹിന്ദു ക്ഷേത്രങ്ങളില്‍ അതിനേക്കാള്‍ അധികം സ്വത്തുക്കള്‍ ഉണ്ടെന്ന കാര്യം കേന്ദ്രം വിസ്മരിക്കുകയാണെന്ന് കപില്‍ സിബല്‍ രാജ്യസഭയില്‍ ആരോപിച്ചു.

വഖഫ് സ്വത്ത് ദൈവത്തിന് അവകാശപ്പെട്ടതാണെന്ന് പോലും അറിയാതെയാണ് അത് ട്രസ്റ്റ് സ്വത്തുപോലെ കൈകാര്യം ചെയ്യാമെന്ന് കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരണ്‍ റിജിജു പറഞ്ഞതെന്നും എന്നാല്‍ അതൊരിക്കലും സര്‍ക്കാരിന് അവകാശപ്പെട്ടതല്ലെന്നും കപില്‍ സിബല്‍ രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി.

വഖഫ് ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു കപില്‍ സിബലിന്റെ രാജ്യസഭയിലെ പ്രതിരോധം. പുരാണങ്ങളില്‍പോലും ഏവര്‍ക്കും ധര്‍മം ചെയ്യാം എന്നാണ് പറയുന്നത്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം കേവലം മുസ്‌ലിങ്ങള്‍ക്ക് മാത്രമാണ് വഖഫ് നല്‍കാന്‍ പറ്റുകയെന്നാണ് പറയുന്നത്.

സ്വാതന്ത്ര്യനന്തരം നാഗ്പൂര്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധിയില്‍ മുസ്‌ലിം അല്ലാത്ത ഒരാള്‍ക്ക് വഖഫ് നല്‍കാന്‍ സാധിക്കുമെന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയിലും സമാനമായ വിധിയുണ്ട്. ആ വിധികള്‍ നിലനില്‍ക്കെ അഞ്ച് വര്‍ഷം ഇസ്‌ലാം മതം അനുഷ്ഠിച്ച ഒരാള്‍ക്ക് മാത്രമെ വഖഫ് നലകാന്‍ സാധിക്കൂ എന്ന നിബന്ധന എങ്ങനെ സാധ്യമാകുമെന്ന് കപില്‍ സിബല്‍ ഭരണപക്ഷത്തോട് ചോദിച്ചു.

‘കേവലം മുസ്‌ലിങ്ങള്‍ക്ക്, അതും അഞ്ച് വര്‍ഷം ഇസ്‌ലാം മതം അനുഷ്ഠിച്ചാല്‍ മാത്രമാണ് വഖഫ് നല്‍കാനാവുക എന്നാണ് പുതിയ ഭേദഗതിയില്‍ പറയുന്നത്. എന്നാല്‍ ഞാന്‍ ഒരു മനുഷ്യനാണ്. ഇതെന്റെ പ്രോപ്പര്‍ട്ടിയാണ്. എനിക്കിത് വഖഫ് നല്‍കണം. ആര്‍ക്കാണ് എന്നെ തടയാനാവുക? ഇതെന്ത് നിയമമാണ്. ഞാന്‍ ഹിന്ദു ആണെങ്കിലും മുസ്‌ലിമാണെങ്കിലും എനിക്ക് പ്രോപ്പര്‍ട്ടി നല്‍കാന്‍ സാധിക്കും,’ കപില്‍ സിബല്‍ പറഞ്ഞു.

ആയിരക്കണക്കിന് ഏക്കര്‍ സ്വത്തുക്കളാണ് രാജ്യത്തുടനീളം വഖഫിനുള്ളതെന്ന ജെ.പി നദ്ദയുടെ വാദത്തെയും കപില്‍ സിബല്‍ ചോദ്യം ചെയ്യുകയുണ്ടായി. രാജ്യത്താകമാനം 32 വഖഫ് ബോര്‍ഡുകളാണ് ഉള്ളത്. എന്നാല്‍ തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ക്ഷേത്രം ബോര്‍ഡുകള്‍ക്ക് കീഴിലായി ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമികളാണ് ഉള്ളത്.

4,47000 ഏക്കര്‍ തമിഴ്നാട്ടിലും 465000 ആന്ധ്രയിലും 87000 തെലങ്കാനയിലും അങ്ങനെ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമായി പത്ത് ലക്ഷം ഏക്കര്‍ സ്ഥലമാണ് ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് കീഴിലുള്ളത്. അപ്പോഴെങ്ങനെയാണ് വഖഫ് രാജ്യത്തെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുകയാണെന്ന് പറയാന്‍ സാധിക്കുകയെന്നും കപില്‍ സിബല്‍ ചോദിച്ചു.

ചര്‍ച്ചയ്ക്കിടെ ഹിന്ദു വിഭാഗത്തില്‍ ആണ്‍ മക്കള്‍ക്കും പെണ്‍ മക്കള്‍ക്കും സ്വത്തുക്കള്‍ തുല്യമായി ലഭിക്കാത്തതിലെ അസമത്വവും കപില്‍ ചൂണ്ടിക്കാട്ടി. ആദ്യം ഈ അസമത്വം ഇല്ലാതാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഒരു നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഹിന്ദു മതത്തിലും ധര്‍മം ചെയ്യേണ്ടതുണ്ട്. ഹിന്ദു മതത്തിലെ ആളുകള്‍ പറയും, ഞാന്‍ എന്റെ സ്വത്തുക്കള്‍ ആണ്‍ മക്കള്‍ക്ക് മാത്രമെ കൊടുക്കയുള്ളു എന്ന്. അതിനാല്‍ ഹിന്ദുമതത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും ഒരുപോലെ സ്വത്ത് കൊടുക്കുന്ന ഒരു നിയമം നിങ്ങള്‍ ആദ്യം നിര്‍മിക്കൂ,’ സിബല്‍ പറഞ്ഞു

വഖഫ് ബോര്‍ഡ് ഒരു സ്റ്റാറ്റിയൂട്ടറി ബോര്‍ഡ് ആണെന്നും നിലവിലെ നിയമപ്രകാരം എല്ലാ നോമിനികളും ഗവണ്‍മെന്റിന്റെ ഭാഗമായ ജഡ്ജിമാരും എം.പിമാരും സിവില്‍ സര്‍വന്റുമായിരിക്കെ വഖഫ് ഭൂമിയാണോ അല്ലയോ എന്ന് തീരുമാനമെടുക്കാനുള്ള അധികാരം ഡിസ്ട്രിക് ജഡ്ജിന് നല്‍കുന്നതിലെ അനൗചിത്വവും സിബല്‍ ചോദ്യം ചെയ്തു.

വഖഫ് ട്രിബ്യൂണലിന്റെ തീരുമാനം അന്തിമാണെങ്കിലും അതിനെ ഹൈക്കോര്‍ട്ടില്‍ ചാലഞ്ച് ചെയ്യാമെന്ന ഭേദഗതിയേയും സിബില്‍ വിമര്‍ശിക്കുന്നുണ്ട് ‘ഹിന്ദു എന്‍ഡോവ്സമെന്റ് ആക്ടിലും സമാനമായ നിര്‍ദേശം ഉണ്ട്. എന്നാല്‍ അവിടെ കോടതിക്ക് ഇടപെടാന്‍ പരമിതിയുണ്ട്‌. ഇവിടെ വഖഫ് ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമാണെങ്കിലും നിങ്ങള്‍ക്ക് ചാലഞ്ച് ചെയ്യാന്‍ സാധിക്കും. ഇതെന്തൊരു വിചിത്രമായ നിര്‍ദേശമാണ്,’ സിബല്‍ ചോദിച്ചു.

വഖഫ് സ്വത്ത് മതസ്വത്തല്ലെന്നും ട്രസ്റ്റ് സ്വത്ത് പോലെ രാജ്യത്തിന്റെ സ്വത്താണെന്ന കേന്ദ്രമന്ത്രിമാരായ റിജിജുവിന്റെയും അമിത് ഷായുടേയും വാദങ്ങളും സിബല്‍ പൊളിക്കുന്നുണ്ട്. വഖഫ് ബോര്‍ഡ് ദൈവത്തിനാണ് അവകാശപ്പെട്ടിരിക്കുന്നതെന്നും സര്‍ക്കാരിന് അല്ലെന്നും അത് ക്ഷേത്രങ്ങളിലെ ഒരു ട്രസ്റ്റിനെപ്പോലെ വില്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രസ്റ്റിന് പ്രോപ്പര്‍ട്ടി വില്‍ക്കാം. എന്നാല്‍ വഖഫ് സ്വത്തുക്കള്‍ വില്‍ക്കാന്‍ സാധിക്കില്ലെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

Content Highlight: The Waqf Board belongs to God, not the government;  properties owned by temples same as Waqf; Kapil Sibal questions the Center’s argument