മലയാളികള്‍ക്ക് ഏറെ പരിചിതനായ ഛായാഗ്രഹകനാണ് ജിംഷി ഖാലിദ്. സഹോദരനായ ഖാലിദ് റഹ്‌മാന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമക്ക് ക്യാമറ ചലിപ്പിച്ചു കൊണ്ടാണ് ജിംഷി സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് കപ്പേള, ഒരുത്തീ, അള്ള് രാമേന്ദ്രന്‍, തുണ്ട് തുടങ്ങി നിരവധി സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചു. എന്നാല്‍ ജിംഷിയുടെ കരിയര്‍ ബെസ്റ്റ് ചിത്രം തല്ലുമാലയാണ്.
തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ഖാലിദ് റഹ്‌മാന്‍ ചിത്രം ആലപ്പുഴ ജിംഖാനയുടെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നതും ജിംഷിയാണ്. സ്‌പോര്‍ട്‌സ് കോമഡി ഴോണറില്‍ ഉള്ള ചിത്രമാണ് ആലപ്പുഴ ജിംഖാനയെന്ന് അണിയറ പ്രവര്‍ത്തകര്‍ ആദ്യം തന്നെ പറഞ്ഞിരുന്നു. നസ്ലെന്‍, ലുക്മാന്‍ അവറന്‍, ഗണപതി എസ്. പൊതുവാള്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.
ഇപ്പോള്‍ ചിത്രത്തില്‍ അനഘ രവിയുടെ ബോക്‌സിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് ജിംഷി ഖാലിദ്.
റിങ്ങില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ബോക്‌സിങിന്റെ റിഥം കൂടുതല്‍ ഫീല്‍ ചെയ്തത് അനഘ രവിയുടെ ബോക്‌സിങിനായിരുന്നുവെന്നും ഒരു സ്റ്റേറ്റ് ലെവല്‍ മത്സരത്തിലേക്ക് അനഘക്ക് ഇനി പങ്കെടുക്കാം എന്ന് തോന്നിക്കും വിധം മനോഹരമായിട്ടാണ് അവര്‍ അത് ചെയ്തതെന്നും ജിംഷി ഖാലിദ് പറയുന്നു. ബോക്‌സിങ് റിങ്ങില്‍ ഈസിയായി മൂവ് ചെയ്യുന്നത് സ്‌ക്രീനില്‍ കാണാന്‍ ഏറെ രസമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അനഘ രവിയുടെ കാര്യം പറയുകയാണെങ്കില്‍, അവളും എല്ലാ ബോയ്‌സിനൊപ്പം ആറുമാസത്തോളം ജിമ്മില്‍ ഉണ്ട്. അടിയും ഇടിയുമൊക്കെ അനഘക്കും കിട്ടിയിട്ടുണ്ട്. സിനിമയില്‍ ബോയ്‌സ് അത്രയും പേര് ട്രെയ്‌നിങ്ങൊക്കെ ചെയ്ത് ബോകിങ് പഠിച്ചിട്ട് വന്ന് അത് ഷൂട്ട് ചെയ്യുകയാണ്. അവിടെ ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്ക് ഇഷ്ടമായത് അല്ലെങ്കില്‍ ഒരു റിഥം കൂടുതല്‍ ഫീല്‍ ചെയ്തത് അനഘയുടെ ബോക്‌സിങ്ങിനാണ്.
ഇവളേ വേണമെങ്കില്‍ അടുത്ത ആഴ്ച്ച സ്‌റ്റേറ്റില്‍ ബോക്‌സിങ്ങിനായി ഇറക്കാം എന്ന് പറയുന്ന പോലുള്ള ഒരു പെര്‍ഫോമന്‍സ് ആയിരുന്നു അനഘയുടേത്. റിങ്ങിനകത്ത് ഈസിയായി മൂവ് ചെയ്യുക എന്നതില്‍ ഒരു അഴകുണ്ടല്ലോ, അവിടെ അനഘയുടെ ബോക്‌സിങ് കാണാന്‍ വളരെ നല്ലതായിരുന്നു,’ ജിംഷി ഖാലിദ് പറയുന്നു.
Content Highlight: Jimshi Khalid about Anagha ravi’s boxing in Alappuzha Gymkhana