Advertisement
2025 IPL
കിങ്ങിനേയും ധോണിയേയും തൂക്കിയടിച്ച് ഹിറ്റ്മാന്‍; ചരിത്ര റെക്കോഡില്‍ ഹിറ്റായി രോഹിത്!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 21, 02:34 am
Monday, 21st April 2025, 8:04 am

ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേയില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ഹോം ടീം സ്വന്തമാക്കിയത്.

ചെന്നൈ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 26 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

മുംബൈയുടെ മുന്‍ നായകന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ വമ്പന്‍ തിരിച്ചുവരവിന് കൂടെയാണ് വാംഖഡെ സ്‌റ്റേഡിയം വേദിയായത്. രോഹിത്തിന്റെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മുംബൈ അനായാസ വിജയം സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ആരാധകര്‍ ആഗ്രഹിച്ച സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്താണ് രോഹിത്തും സൂര്യകുമാര്‍ യാദവും വാംഖഡെയില്‍ താണ്ഡവമാടിയത്. മുംബൈയ്ക്കായി രോഹിത് 45 പന്തില്‍ പുറത്താകാതെ ആറ് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് അടിച്ചെടുത്തത്.

30 പന്തില്‍ പുറത്താകാതെ അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് തന്നെയാണ് ഇരു താരങ്ങളും കാഴ്ചവെച്ചത്. മാത്രമല്ല മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാനും ഹിറ്റ്മാന് സാധിച്ചിരുന്നു.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് രോഹിത് നേടിയതും. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാകാനാണ് രോഹിത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ വിരാട് കോഹ്‌ലിയേയും എം.എസ്. ധോണിയേയും മറികടന്നാണ് രോഹിത് മുന്നേറിയത്. മാത്രമല്ല ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന ഇന്ത്യന്‍ താരമാകാനും രോഹിത്തിന് സാധിച്ചു.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്ന താരം, എണ്ണം, മത്സരം

എ.ബി. ഡിവില്ലിയേഴ്‌സ് – 50 – 184

ക്രിസ് ഗെയ്ല്‍ – 22 – 142

രോഹിത് ശര്‍മ – 20 – 264

വിരാട് കോഹ്‌ലി – 19 – 260

എം.എസ്. ധോണി – 18 – 272

ഡേവിഡ് വാര്‍ണര്‍ – 18 – 184

ആദ്യ വിക്കറ്റില്‍ 69 റണ്‍സാണ് രോഹിത്തും റിയാന്‍ റിക്കല്‍ടണും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 19 പന്തില്‍ 24 റണ്‍സ് നേടിയ റിയാന്‍ റിക്കല്‍ടണെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് കൂട്ടുകെട്ട് പൊളിച്ചത്. ആയുഷ് മാഹ്‌ത്രെക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ചെന്നൈക്ക് വേണ്ടി ബാറ്റിങ്ങില്‍ 35 പന്തില്‍ 53 റണ്‍സ് നേടി പുറത്താകാതെ നിന്ന് രവീന്ദ്ര ജഡേജയും 32 പന്തില്‍ 50 റണ്‍സ് നേടിയ ശിവം ദുബെയും മാണ് സ്‌കോര്‍ ഉയര്‍ത്തിയത്.

മുംബൈയ്ക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സാന്റ്നര്‍, ദീപക് ചഹര്‍, അശ്വിനി കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്കുയരാനും മുംബൈയ്ക്കായി. ഏപ്രില്‍ 23നാണ് മുംബൈയുടെ അടുത്ത മത്സരം. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലാണ് വേദി.

 

Content Highlight: IPL 2025: CSK VS MI : Rohit Sharma In Great Record Achievement In IPL