Advertisement
Entertainment
ആ സിനിമക്ക് ശേഷം ഒരുപാട് കല്യാണ ആലോചനകൾ വന്നു: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 21, 03:06 am
Monday, 21st April 2025, 8:36 am

രഞ്ജിത് മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് വളരെ പെട്ടെന്ന് മലയാളത്തിലെ മുൻനിരയിലേക്കുയർന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ തന്റെ സാന്നിധ്യമറിയിച്ചു. ഗായകൻ, സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളിൽ തന്റെ കയ്യൊപ്പ് പതിപ്പിക്കാനും പൃഥ്വിക്ക് സാധിച്ചു.

തന്റെ ആദ്യ സിനിമയായ നന്ദനത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. നന്ദനത്തിലെ ആദ്യ രംഗത്തിന് നിമിത്തമുണ്ടെന്നും തന്റെ അച്ഛന്റെ ആദ്യ ഷോട്ട് എടുത്തപ്പോൾ കവിയൂർ പൊന്നമ്മ ഉണ്ടായിരുന്നുവെന്നും നിർമാല്യം എന്ന ചിത്രമായിരുന്നു അതെന്നും പൃഥ്വിരാജ് പറയുന്നു.

തന്റെ ആദ്യ ഷോട്ട് എടുത്തപ്പോഴും കവിയൂർ പൊന്നമ്മ ഉണ്ടായിരുന്നുവെന്നും നന്ദനത്തിൽ മനുവെന്ന കഥാപാത്രത്തിൻ്റെ അച്ഛനായി ചുമരിൽ കാണിച്ച ചിത്രം തന്റെ അച്ഛന്റേത് തന്നെയായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.

നന്ദനത്തിലെ രംഗങ്ങളിൽ പലതും ആ സമയത്ത് തന്റെ ജീവിതത്തിനോട് അടുത്ത് നിൽക്കുന്നതായിരുന്നുവെന്നും സിനിമയിലെ പോലെത്തന്നെ വിദേശത്ത് നിന്ന് പഠനം കഴിഞ്ഞുവന്നപ്പോൾ തനിക്കും കല്യാണ ആലോചനകൾ വന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നന്ദനത്തിലെ ആദ്യ രംഗത്തിനും ഒരു നിമിത്തമുണ്ട്. എന്റെ അച്ഛന്റെ ആദ്യ ഷോട്ടും പൊന്നമ്മ ചേച്ചിക്കൊപ്പമായിരുന്നു. നിർമാല്യം എന്ന ചിത്രമായിരുന്നു അത്. എന്റെ ആദ്യ ഷോട്ട് എടുത്തപ്പോഴും അവിടെ പൊന്നമ്മ ചേച്ചിയുണ്ടായിരുന്നു. നന്ദനത്തിൽ മനുവെന്ന കഥാപാത്രത്തിൻ്റെ അച്ഛനായി ചുമരിൽ കാണിച്ച ചിത്രം എൻ്റെ അച്ഛൻ്റെത് തന്നെയാണ്. ആദ്യ സിനിമയിലെ രംഗങ്ങൾ പലതും ആ സമയം ജീവിതത്തോട് അടുത്തുനിൽക്കുന്നതായിരുന്നു.

വിദേശത്ത് പഠിച്ചുകൊണ്ടിക്കുന്ന ഞാൻ അവധിക്ക് നാട്ടിൽ വന്നപ്പോൾ കുറേക്കാലമായി എന്നെ കണ്ടിട്ടില്ലാത്ത ചില ബന്ധുക്കളും പരിചയക്കാരുമെല്ലാം അന്ന് കല്യാണ ആലോചനയുമായി എത്തിയിരുന്നു. പൊക്കക്കൂടുതലും നീട്ടിവളർത്തിയ താടിയുമെല്ലാം കണ്ടപ്പോൾ അവർക്ക് അങ്ങനെ തോന്നിക്കാണും. കല്യാണപ്രായമൊന്നുമായിട്ടില്ല. ഇവൻ പഠിക്കുകയല്ലേയെന്ന് അമ്മ അവരോടെല്ലാം പറയുന്നത് കേട്ടിട്ടുണ്ട്. സിനിമയിലും സമാന രംഗങ്ങളുണ്ടായിരുന്നു,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj Talks About Kaviyoor Ponnamma And Nandanam Movie