2025 IPL
ധോണി ചെന്നൈയുടെ മെന്ററാകണം; തുറന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 21, 03:02 am
Monday, 21st April 2025, 8:32 am

ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേയില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ഹോം ടീം സ്വന്തമാക്കിയത്.

ചെന്നൈ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 26 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

മുംബൈയുടെ മുന്‍ നായകന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ വമ്പന്‍ തിരിച്ചുവരവിന് കൂടെയാണ് വാംഖഡെ സ്‌റ്റേഡിയം വേദിയായത്. രോഹിത്തിന്റെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മുംബൈ അനായാസ വിജയം സ്വന്തമാക്കിയത്.

ഇപ്പോള്‍ ചെന്നൈയുടെ പരാജയത്തെക്കുറിച്ചും ക്യാപ്റ്റന്‍ ധോണിയെക്കുറിച്ചും സംസാരിക്കുകയാണ് മുന്‍ താരം ഹര്‍ഭജന്‍ സിങ്. ധോണി ചെന്നൈയുടെ മെന്ററാവണമെന്നും ഡ്രസ്സിങ് റൂമില്‍ അദ്ദേഹത്തിന് സംഭാവന ചെയ്യാന്‍ കഴിയുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. മാത്രമല്ല സീസണില്‍ ധോണി ക്യാപ്റ്റനായി തുടരണമെന്നും ടീമിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള വഴികള്‍ ധോണി കണ്ടെത്തണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

‘ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മെന്റര്‍ ആയി ധോണി മാറണം, ഡ്രസ്സിങ് റൂമില്‍ നിന്ന് അദ്ദേഹത്തിന് ടീമിന് വേണ്ടി സംഭാവന നല്‍കാന്‍ കഴിയും. എന്നിരുന്നാലും, അടുത്ത സീസണിലേക്ക് ടീമിനെ ഒരുക്കുക എന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമായതിനാല്‍, ഈ സീസണില്‍ അദ്ദേഹം ക്യാപ്റ്റനായി തന്നെ തുടരണം. ടീമിനെ ധോണി കൈകാര്യം ചെയ്യട്ടെ, അതോടൊപ്പം ചെന്നൈയെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള വഴികളും അദ്ദേഹം കണ്ടെത്തണം,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

ചെന്നൈക്ക് വേണ്ടി ബാറ്റിങ്ങില്‍ 35 പന്തില്‍ 53 റണ്‍സ് നേടി പുറത്താകാതെ നിന്ന് രവീന്ദ്ര ജഡേജയും 32 പന്തില്‍ 50 റണ്‍സ് നേടിയ ശിവം ദുബെയുമാണ് സ്‌കോര്‍ ഉയര്‍ത്തിയത്. മറ്റാര്‍ക്കും മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സാധിച്ചില്ല.

മുംബൈയ്ക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സാന്റ്നര്‍, ദീപക് ചഹര്‍, അശ്വിനി കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ആരാധകര്‍ ആഗ്രഹിച്ച സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്താണ് രോഹിത്തും സൂര്യകുമാര്‍ യാദവും വാംഖഡെയില്‍ താണ്ഡവമാടിയത്. മുംബൈയ്ക്കായി രോഹിത് 45 പന്തില്‍ പുറത്താകാതെ ആറ് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് അടിച്ചെടുത്തത്.

30 പന്തില്‍ പുറത്താകാതെ അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് തന്നെയാണ് ഇരു താരങ്ങളും കാഴ്ചവെച്ചത്. മാത്രമല്ല മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാനും ഹിറ്റ്മാന് സാധിച്ചിരുന്നു.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്കുയരാനും മുംബൈയ്ക്കായി. ഏപ്രില്‍ 23നാണ് മുംബൈയുടെ അടുത്ത മത്സരം. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലാണ് വേദി. അതേസമയം ചെന്നൈ എട്ട് മത്സരങ്ങളില്‍ നിന്ന് വെറും രണ്ട് വിജയവുമായി 10ാം സ്ഥാനത്താണ്.

Content Highlight: IPL 2025: CSK VS MI : Harbhajan Singh Talking About M.S Dhoni