തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖപത്രമായ വീക്ഷണം. കോഴിക്കോട് ഡി.ഡി.സിയുടെ ഉദ്ഘാടന ചടങ്ങില്‍ ഫോട്ടോകളിലിടം പിടിക്കാന്‍ നേതാക്കള്‍ തമ്മിലുണ്ടായ ഉന്തും തള്ളിലുമാണ് വിമര്‍ശനം.
‘ഇടിച്ച് കയറിയല്ല മുഖം കാണിക്കേണ്ടത്…’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവര്‍ത്തികളാണ് ചിലപ്പോഴെങ്കിലും കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് വീക്ഷണം വിമര്‍ശിച്ചു.
മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യമാകുന്ന തരത്തില്‍ ഇടിച്ചുകയറാന്‍ മത്സരിക്കുന്നവര്‍ സ്വന്തം നില മറന്ന് പ്രവര്‍ത്തിക്കുന്നുവെന്നും വീക്ഷണം ചൂണ്ടിക്കാട്ടി. സമൂഹ മധ്യത്തില്‍ പ്രസ്ഥാനത്തെ പരിഹാസ്യമാക്കി മാറ്റുന്ന ഇത്തരം ഏര്‍പ്പാട് ഇനിയെങ്കിലും നമ്മള്‍ മതിയാക്കണമെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ പറഞ്ഞു.
മറ്റൊരു പ്രസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്ത പലതും പൈതൃകമായുള്ള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ യശസിനെ ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുതെന്നും വീക്ഷണം അഭ്യര്‍ത്ഥിച്ചു.
സംഘാടക മികവ് പരിപാടി സംഘടിപ്പിക്കുമ്പോള്‍ മാത്രമായി ഒതുങ്ങി പോകരുതെന്നും വീക്ഷണം പറയുന്നു. പരിപാടികള്‍ നല്ല രീതിയില്‍ സംഘടിപ്പിച്ച് നല്ല രീതിയില്‍ തന്നെ അവസാനിപ്പിക്കാനും സംഘാടകര്‍ പ്രത്യേകം ശ്രദ്ധിക്കണം. സംസ്ഥാന, ജില്ലാ, ബ്ലോക്ക്, മണ്ഡലം, ബൂത്ത് ഏത് തലത്തില്‍പ്പെട്ട ഘടകങ്ങളിലാണെങ്കിലും പാര്‍ട്ടി പരിപാടികളില്‍ പ്രോട്ടോകോള്‍ പാലിക്കുവാന്‍ നേതാക്കളും അണികളും ബാധ്യസ്ഥരാണെന്നും വീക്ഷണം പറഞ്ഞു. ഇക്കാര്യം മറക്കരുതെന്നും കോണ്‍ഗ്രസ് മുഖപത്രം മുന്നറിയിപ്പ് നല്‍കി.
ഐ.എന്‍.സി ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും അധികാരത്തിന് പുറത്തും ദീര്‍ഘകാലം പ്രവര്‍ത്തിച്ച പാരമ്പര്യം സംഘടനക്കുണ്ടെന്നും വീക്ഷണം ചൂണ്ടിക്കാട്ടി.
ഏപ്രില്‍ 12നാണ് കോഴിക്കോട് ഡി.സി.സി ഓഫീസ് ഉദ്ഘാടനം നടന്നത്. ചടങ്ങിനോടനുബന്ധിച്ച് നടന്ന നാടമുറിക്കല്‍ ചടങ്ങിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇടിച്ചുകയറാന്‍ ശ്രമിച്ചത്. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍, രമേശ് ചെന്നിത്തല, വി.എം. സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍, എം.കെ. രാഘവന്‍, ടി. സിദ്ദിഖ് തുടങ്ങിയ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.
Content Highlight: Veekshanam against Congress leaders in the push and shove in Kozhikode DDC