ന്യൂദൽഹി: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി പേരുകൾ നൽകി എൻ.സി.ഇ.ആർ.ടി. ഇംഗ്ലീഷ് ഭാഷ പഠന പുസ്തകങ്ങൾ ഉൾപ്പടെ നിരവധി പുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകിയിട്ടുണ്ട്.
കേന്ദ്രത്തിന്റെ ത്രിഭാഷാ നയത്തിനെതിരെ തമിഴ്‌നാട് സർക്കാർ പോരാടുന്നതിനിടെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢശ്രമമാണിതെന്ന് അവർ ആരോപിച്ചു. ഇതുവരെ, എൻ.സി.ഇ.ആർ.ടിയുടെ ഭാഷാ പഠന പുസ്തകങ്ങൾക്ക് ഏത് ഭാഷയെക്കുറിച്ചുള്ള പുസ്തകമാണോ അത് ആ ഭാഷയിലായിരുന്നു തലക്കെട്ടുകൾ നൽകിയിരുന്നത്.
കഴിഞ്ഞ വർഷം വരെ ആറാം ക്ലാസിലെയും ഏഴാം ക്ലാസിലെയും ഇംഗ്ലീഷിലുള്ള പാഠപുസ്തകങ്ങൾക്ക് യഥാക്രമം ഹണിസക്കിൾ എന്നും ഹണികോമ്പ് എന്നുമായിരുന്നു പേരിട്ടിരുന്നത്. എന്നാൽ രണ്ട് ക്ലാസുകളിലേക്കുമുള്ള പുതിയ ഇംഗ്ലീഷ് പാഠപുസ്തകങ്ങളുടെ പേര് പൂർവി എന്നാണ്. ‘കിഴക്കൻ’ എന്നർത്ഥമുള്ള ഹിന്ദി പദവും ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ഒരു രാഗത്തിന്റെ പേരുമാണ് പൂർവി എന്നത്.
ഒന്ന്, രണ്ട് ക്ലാസുകളിലെ ഇംഗ്ലീഷ് പാഠപുസ്തകങ്ങളുടെ പേര് മൃദംഗ് എന്നും , മൂന്ന്, നാല് ക്ലാസുകളിലെ ഇംഗ്ലീഷ് പാഠപുസ്തകങ്ങളുടെ പേര് സന്തൂർ എന്നും പുനർനാമകരണം ചെയ്തിട്ടുണ്ട്. രണ്ടും സംഗീതോപകരണങ്ങളുടെ പേരുകളാണ്.
ഇതിന് മുമ്പ് ഈ പുസ്തകങ്ങളുടെ പേരുകൾ പരമ്പരാഗതമായി ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളിലാണ് ഉണ്ടായിരുന്നതെന്നും അവ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഏത് ഭാഷയിലാണോ ആ ഭാഷയുമായി പൊരുത്തപ്പെടുന്ന പേരുകളായിരിക്കും പുസ്തകത്തിന് നൽകുക എന്നും വിരമിച്ച ഒരു എൻ.സി.ഇ.ആർ.ടി പ്രൊഫസർ പറഞ്ഞു.
‘എൻ.സി.ഇ.ആർ.ടി പാരമ്പര്യം മാറ്റി. അവർ എന്താണ് നേടാൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമല്ല,’ വിരമിച്ച പ്രൊഫസർ പറഞ്ഞു.
ആറാം ക്ലാസ് ഇംഗ്ലീഷ് ഭാഷാ പാഠപുസ്തകത്തിന്റെ പേര് പൂർവി എന്നാക്കിയത് എന്തുകൊണ്ടാണെന്ന് പുസ്തകം എഴുതിയ എൻ.സി.ആർ.ടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനിയോ, ‘എബൗട്ട് ദി ബുക്ക്’ എന്ന ആമുഖം എഴുതിയ അക്കാദമിക് കോർഡിനേറ്റർ കീർത്തി കപൂറോ വ്യക്തമാക്കുന്നില്ല.
2006ൽ എൻ.സി.ഇ.ആർ.ടിയുടെ പാഠപുസ്തക വികസന സംഘത്തിൽ അംഗമായിരുന്ന ദൽഹി സർവകലാശാലയിലെ ചരിത്ര പ്രൊഫസറായ അപൂർവാനന്ദ്, ഇംഗ്ലീഷ് ഭാഷയിൽ എഴുതിയ പുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകുന്ന രീതിയെ ചോദ്യം ചെയ്തു.
‘ഇതാണ് ഹിന്ദി കൊളോണിയലിസം. ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് ഹിന്ദി പേരുകൾ നൽകുന്നതിലൂടെ എൻ.സി.ആർ.ടി തമിഴ്‌നാട് ഉയർത്തുന്ന ആരോപണം ശരിയാണെന്ന് തെളിയിക്കപ്പെടുകയാണ്. ഹിന്ദി സംസാരിക്കാത്തവർക്ക് അവർ തന്ത്രപൂർവ്വം ഹിന്ദി പരിചയപ്പെടുത്തുകയാണ്,’ അദ്ദേഹം പറഞ്ഞു.
‘ഒരു പുസ്തകത്തിന്റെ തലക്കെട്ട് ഉള്ളടക്കത്തിന് അനുയോജ്യമായിരിക്കണം. പൂർവ്വി , സന്തൂർ പോലുള്ള തലക്കെട്ടുകൾ ഉള്ളടക്കത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. അവ തെറ്റിദ്ധരിപ്പിക്കുന്നതാണ്,’ ജെ.എൻ.യുവിൽ നിന്ന് വിരമിച്ച ഭാഷാശാസ്ത്ര പ്രൊഫസർ അൻവിത അബ്ബി വിമർശിച്ചു.
Content Highlight: A textbook case of English Hinglish: NCERT gives Hindi titles to English-medium books