കഴിഞ്ഞ ദിവസം കൊല്‍ക്കത്തക്കെതിരെ നടന്ന മത്സരത്തിലും പഞ്ചാബ് കിങ്‌സിനായി തിളങ്ങാനാകാതെ ഗ്ലെന്‍ മാക്‌സ്‌വെല്‍. എട്ട് പന്ത് നേരിട്ട താരം വെറും ഏഴ് റണ്‍സ് മാത്രമാണ് നേടിയത്. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്. ഈ സീസണില്‍ പാടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മാക്‌സ്‌വെല്‍ കാഴ്ചവെക്കുന്നത്.
ഇപ്പോഴിതാ മാക്‌സ്‌വെല്ലിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഐ.പി.എല്‍ ഇതിഹാസവുമായ സുരേഷ് റെയ്‌ന. അവസാനമായി എപ്പോഴാണ് മാക്‌സ്‌വെല്‍ തന്റെ ടീമിനായി റണ്‍സ് നേടിയതെന്ന് തനിക്ക് ഓര്‍മയില്ലെന്നാണ് സുരേഷ് റെയ്‌ന പറഞ്ഞത്. ഒരുപാട് അവസരങ്ങള്‍ ലഭിച്ചിട്ടും അതിനെ പ്രയോജനപ്പെടുത്താന്‍ മാക്‌സ്‌വെല്ലിന് സാധിച്ചിട്ടില്ലെന്നും സുരേഷ് റെയ്‌ന പറയുന്നു.
‘അവസാനമായി എപ്പോഴാണ് മാക്‌സ്‌വെല്‍ തന്റെ ടീമിനായി റണ്‍സ് നേടിയതെന്ന് ഓര്‍മയില്ല. മികച്ച പ്രകടനം പുറത്തെടുക്കാന്‍ ധാരാളം അവസരങ്ങള്‍ അയാള്‍ക്ക് ലഭിച്ചു. എന്നാല്‍ അതൊന്നും പ്രയോജനപ്പെടുത്താന്‍ മാക്‌സ്‌വെല്ലിന് സാധിക്കാത്തത് നിരാശ നല്‍കുന്ന കാര്യമാണ്,’ സുരേഷ് റെയ്‌ന പറയുന്നു.
സീസണില്‍ വളരെ മോശം ബാറ്റിങ് പ്രകടനമാണ് മാക്‌സ്‌വെല്‍ കാഴ്ചവെക്കുന്നത്. അഞ്ച് ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത താരം വെറും 42 റണ്‍സ് മാത്രമാണ് നേടിയത്. ഇതില്‍ ഒരൊറ്റ തവണയാണ് ഇരട്ടയക്കം കണ്ടത്. 7,3,1,30,0 എന്നിങ്ങനെയാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം. ഐ.പി.എല്ലില്‍ ഒടുവില്‍ കളിച്ച 20 ഇന്നിങ്സില്‍ 13 തവണയും താരം ഒറ്റയക്കത്തിനാണ് മടങ്ങിയത്.
അതേസമയം കഴിഞ്ഞദിവസത്തെ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടെടുത്തു. 201 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത ഒരോവര്‍ മാത്രം ബാറ്റ് ചെയ്തപ്പോഴാണ് മഴ തടസ്സമായി എത്തിയത്. അഞ്ച് ഓവര്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമം ഉപയോഗിക്കാന്‍ സാധിച്ചില്ല.
Suresh Raina expressed his disappointment over Glenn Maxwell’s continued batting struggles in the IPL. 😔#IPL2025 #KKRvPBKS #GlennMaxwell pic.twitter.com/FFv5StZrt8
— Sportskeeda (@Sportskeeda) April 26, 2025
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിങ്ങും പ്രിയാന്‍ഷ് ആര്യയുമാണ് തിളങ്ങിയത്. ഇരുവരും ആദ്യവിക്കറ്റില്‍ 120 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പ്രഭ്‌സിമ്രാന്‍ 49 പന്തില്‍ 83 റണ്‍സും പ്രിയാന്‍ഷ് 35 പന്തില്‍ 69 റണ്‍സും സ്വന്തമാക്കി. കൊല്‍ക്കത്തക്കായി വൈഭവ് അറോറ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ആന്ദ്രേ റസല്‍, വരുണ്‍ ചക്രവര്‍ത്തി, എന്നിവരാണ് മറ്റ് രണ്ട് വിക്കറ്റുകള്‍ നേടിയത്. ഏപ്രില്‍ 30ന് ചെന്നൈക്കെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം.
Content Highlight: Suresh Raina criticizing Glenn Maxwell’s bad performance in IPL