Advertisement
IPL
അത് എന്നെ ഇപ്പോഴും ചിരിപ്പിക്കുന്നു; ഹൈദരാബാദിനെതിരെയുള്ള തോല്‍വിയില്‍ പ്രതികരണവുമായി ശ്രേയസ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 13, 05:18 am
Sunday, 13th April 2025, 10:48 am

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സണ്‍റൈസേഴ്സിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് പഞ്ചാബ് കിങ്‌സിന് നേരിടേണ്ടി വന്നത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയുടെയും ഫിനിഷിങ്ങിലെ സ്റ്റോയ്നിസിന്റെ മിന്നും പ്രകടനത്തിന്റെ ബലത്തില്‍ 245 റണ്‍സെടുത്തിരുന്നു. എന്നാല്‍ വിജയലക്ഷ്യം ഒമ്പത് പന്ത് ബാക്കി നില്‍ക്കെ ഹോം ടീം മറികടക്കുകയായിരുന്നു. അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിലാണ് സണ്‍റൈസേഴ്സ് ജയിച്ചു കയറിയത്.

ഇപ്പോള്‍ ടീമിന്റെ തോല്‍വിയില്‍ പ്രതികരിക്കുകയാണ് പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍. ഹൈദരാബാദിന്റെ സ്‌കോര്‍ മികച്ചതായിരുന്നെന്നും രണ്ട് ഓവറുകള്‍ ബാക്കി നില്‍ക്കെ അവര്‍ അത് പിന്തുടര്‍ന്നു എന്നത് തന്നെ ഇപ്പോഴും ചിരിപ്പിക്കുന്നുവെന്നും ശ്രേയസ് പറഞ്ഞു. തങ്ങള്‍ കുറച്ച് ക്യാച്ചുകള്‍ വിട്ടുവെന്നും അഭിഷേക് ശര്‍മ ലോകോത്തര ഇന്നിങ്സാണ് പുറത്തെടുത്തതെന്നും പഞ്ചാബ് നായകന്‍ കൂട്ടിച്ചേര്‍ത്തു.

‘അതൊരു മികച്ച സ്‌കോര്‍ ആയിരുന്നു. രണ്ട് ഓവറുകള്‍ ബാക്കി നില്‍ക്കെ അവര്‍ അത് പിന്തുടര്‍ന്നു എന്നത് എന്നെ ഇപ്പോഴും ചിരിപ്പിക്കുന്നു. ഞങ്ങള്‍ക്ക് കുറച്ച് ക്യാച്ചുകള്‍ കൈവിട്ടു. അഭിഷേക് ശര്‍മ ഭാഗ്യവാനായിരുന്നു. അവന്‍ ഞങ്ങള്‍ക്കെതിരെ ലോകോത്തര ഇന്നിങ്സാണ് പുറത്തെടുത്തത്.

അഭിഷേകും ട്രാവിസ് ഹെഡും തമ്മിലുള്ള ഓപ്പണിങ് കൂട്ടുകെട്ട് അസാധാരണമായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് മുതലെടുക്കാന്‍ അധികം അവസരങ്ങള്‍ നല്‍കിയില്ല,’ ശ്രേയസ് പറഞ്ഞു.

മത്സരത്തിലെ പഞ്ചാബിന്റെ ബൗളിങ്ങിനെ കുറിച്ചും ശ്രേയസ് സംസാരിച്ചു. ബൗളര്‍മാരെ ശരിയായി റൊട്ടേറ്റ് ചെയ്യാന്‍ താന്‍ ശ്രമിച്ചില്ലെന്നും ലോക്കി ഫെര്‍ഗൂസണെ നഷ്ടപ്പെട്ടത് തിരിച്ചടിയായി എന്നും താരം പറഞ്ഞു. ഹൈദരാബാദിന്റെ ബാറ്റിങ് ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും മികച്ച ഒരു ഇന്നിങ്സായിരുന്നുവെന്നും ശ്രേയസ് കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ പ്രതീക്ഷകള്‍ക്കനുസരിച്ച് പന്തെറിഞ്ഞില്ല. ബൗളര്‍മാരെ ശരിയായി റൊട്ടേറ്റ് ചെയ്യാന്‍ ഞാന്‍ ശ്രമിച്ചില്ല. ലോക്കി ഫെര്‍ഗൂസനെ നഷ്ടപ്പെട്ടത് വലിയൊരു തിരിച്ചടിയായിരുന്നു. മറ്റ് ബൗളര്‍മാര്‍ക്കും വിക്കറ്റ് എടുക്കാന്‍ കഴിവുള്ളതിനാല്‍, അതൊരു ഒഴികഴിവായി ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 230 റണ്‍സ് മതിയാകുമെന്ന് ഞാന്‍ കരുതി, പക്ഷേ ഞങ്ങള്‍ക്ക് അതില്‍ കൂടുതല്‍ എടുക്കാന്‍ സാധിച്ചു.

ആദ്യ ഇന്നിങ്സില്‍ പിച്ച് മന്ദഗതിയിലായിരുന്നു. രണ്ടാമത്തെ ഇന്നിങ്‌സില്‍ മഞ്ഞുവീഴ്ച കാരണം ഹൈദരാബാദ് ബാറ്റര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. എന്നിരുന്നാലും, എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളില്‍ ഒന്നായിരുന്നു അത്,’ ശ്രേയസ് പറഞ്ഞു.

മത്സരത്തില്‍ പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാന്‍ സിങ്ങും ചേര്‍ന്ന് മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. പ്രഭ്സിമ്രാന്‍ 23 പന്തില്‍ 42 റണ്‍സും പ്രിയാന്‍ഷ് ആര്യ 13 പന്തില്‍ 36 റണ്‍സുമാണ് അടിച്ചെടുത്തത്.

പിന്നാലെത്തിയ ശ്രേയസ് 26 പന്തില്‍ 82 റണ്‍സെടുത്ത് ക്യാപ്റ്റന്‍ ഇന്നിങ്സുമായി തിളങ്ങിയിരുന്നു. ആറ് വീതം സിക്സും ഫോറും അടക്കം അടിച്ച് താരം കിങ്‌സിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. മാര്‍ക്കസ് സ്റ്റോയ്നിസിന്റെ 11 പന്തില്‍ പുറത്താകാതെ 34 റണ്‍സെടുത്ത തകര്‍പ്പന്‍ ഫിനിഷിങ്ങും പഞ്ചാബിന്റെ സ്‌കോറില്‍ നിര്‍ണായകമായിരുന്നു.

 

Content Higlight: IPL 2025: PBKS vs SRH: Punjab Kings Skipper Shreyas Iyer talks About the defeat against Sunrisers Hyderabad