Entertainment
അച്ഛന്‍ വീട്ടില്‍ നിന്ന് പുറത്താക്കി, വെറുതെ ഇരിക്കുന്നത് കണ്ട് അദ്ദേഹം എന്നെ അസിസ്റ്റ് ചെയ്യാന് വിളിച്ചു: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 26, 11:11 am
Saturday, 26th April 2025, 4:41 pm

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടന്മാരില്‍ ഒരാളാണ് ധ്യാന്‍ ശ്രീനിവാസന്‍. മലയാളത്തിന്റെ പ്രിയനടന്‍ ശ്രീനിവാസന്റെ മകനാണ് അദ്ദേഹം. 2013ല്‍ സഹോദരനായ വിനീത് സംവിധാനം ചെയ്ത തിരയിലൂടെയാണ് ധ്യാന്‍ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍, ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.

ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ സിനിമകള്‍ എത്തിയിരുന്നില്ല. എന്നാല്‍ നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് താന്‍ ബ്രേക്കെടുക്കാന്‍ പോകുകയാണെന്ന് പറയുകയാണ് ധ്യാന്‍. ഇപ്പോള്‍ ഭാവിയില്‍ എന്താകാനായിരുന്നു ആഗ്രഹം എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ധ്യാന്‍.

ജീവിത്തില്‍ ഒന്നും ആകാന്‍ ആഗ്രഹമുണ്ടായിരുന്ന ആളല്ല താനെന്നും തന്നെ അച്ഛന്‍ പഠിക്കാത്തത് കൊണ്ട് വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും ധ്യാന്‍ പറയുന്നു. വീട്ടില്‍ വെറുതെ ഇരിക്കുന്ന സമയത്ത് മാമന്‍(എം.മോഹനന്‍) അസിസ്റ്റ് ചെയ്യാന്‍ വിളിച്ചപ്പോള്‍ താന്‍ കൂടെ പോയതാണെന്നും അദ്ദേഹം പറയുന്നു. കൈയ്യില്‍ പൈസയൊന്നും ഇല്ലാത്തത് കൊണ്ട് തനിക്ക് പാചകമൊക്കെ അറിയാമായിരുന്നുവെന്നും ധ്യാന്‍ പറഞ്ഞു ആനീസ് കിച്ചണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ആഗ്രഹവുമില്ലായിരുന്നു. ഒന്നും ആകാനുള്ള ആഗ്രഹമൊന്നും ഇല്ലായിരുന്നു. എന്നെ അച്ഛന്‍ വീട്ടില്‍ നിന്ന് പുറത്താക്കി. അങ്ങനെ വെറുതെ ഇരിക്കുന്ന സമയത്ത് മാമന്‍ എന്നോട് പറഞ്ഞു നീ എന്റെ കൂടെ അസിസ്റ്റ് ചെയ്യാന്‍ വാ എന്ന് അങ്ങനെ മാമന്റെ കൂടെ വെറുതെ പോയതാ. എന്നെ പഠിക്കാത്തത് കൊണ്ടാണ് വീട്ടില്‍ നിന്ന് പുറത്താക്കിയത് ( ചിരി) പഠിച്ച് കൊണ്ടിരുന്ന ഒരു സമയം എന്ന് പറഞ്ഞ സമയം എനിക്കില്ലായിരുന്നു. (ചിരി) ഞാന്‍ പഠിച്ചില്ല. അതുകൊണ്ട് എനിക്ക് കുക്കിങ് ഒക്കെ അറിയാം. പുറത്ത് നിന്ന് വാങ്ങിക്കാന്‍ കാശ് പോലും ഇല്ല. ഭക്ഷണം അപ്പോള്‍ വീട്ടില്‍ നിന്ന് ഉണ്ടാക്കിയേ പറ്റൂ,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

Content Highlight: Dhyan Sreenivasan  says that  My father kicked me out of the house and seeing me sitting idle, he called me to assist.