കോപ്പ ഡെല്‍ റേ കലാശപ്പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഏപ്രില്‍ 27 പുലര്‍ച്ചെ 1.30ന് എസ്റ്റാഡിയോ ഡെ ലാ കാര്‍തൂജ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തിസ് ബാഴ്‌സലോണ റയല്‍ മാഡ്രിഡിനെ നേരിടും.
സീസണില്‍ ട്രെബിള്‍ ലക്ഷ്യമിടുന്ന ബാഴ്‌സലോണയ്ക്ക് മുമ്പിലുള്ള ആദ്യ കടമ്പയാണ് കോപ്പ ഡെല്‍ റേ കിരീടം. കോപ്പ ഡെല്‍ റേക്കൊപ്പം ലാലിഗ കിരീടവും യുവേഫ ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കി ഒരു ട്രെബിള്‍ പൂര്‍ത്തിയാക്കാനാണ് കറ്റാലന്‍മാര്‍ ഒരുങ്ങുന്നത്. ഒരു പതിറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് ബാഴ്‌സ ആരാധകര്‍ ട്രെബിള്‍ നേട്ടം സ്വപ്‌നം കാണുന്നത്.
ലാലിഗ പോയിന്റ് ടേബിളില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡുമായി നാല് പോയിന്റ് വ്യത്യാസത്തോടെ ബ്ലൂഗ്രാന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇരു ടീമുകള്‍ക്കും അഞ്ച് മത്സരങ്ങള്‍ ശേഷിക്കുന്നുമുണ്ട്. ഇതിലൊന്ന് ഇരുവരും നേര്‍ക്കുനേര്‍ വരുന്ന എല്‍ ക്ലാസിക്കോ മത്സരവുമാണ്.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെമിയില്‍ പ്രവേശിച്ച ബാഴ്‌സയ്ക്ക് ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനാണ് എതിരാളികള്‍. ക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തിയാണ് കറ്റാലന്‍മാര്‍ സെമി ഫൈനലിന് ടിക്കറ്റെടുത്തത്. ഇരു പാദങ്ങളിലുമായി 5-3 എന്ന സ്‌കോറിലാണ് ബാഴ്‌സ വിജയിച്ചുകയറിയത്.
പുരുഷന്‍മാര്‍ മാത്രമല്ല ബാഴ്‌സയുടെ പെണ്‍പടയും ട്രെബിള്‍ ലക്ഷ്യമിട്ടാണ് കുതിക്കുന്നത്. നിലവില്‍ ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്‌സ, കോപ്പ ഡെ ല റിനയില്‍ ഫൈനലിനും യുവേഫ വുമണ്‍സ് ചാമ്പ്യന്‍സ് ലീഗില്‍ സെമി ഫൈനലിനും ടിക്കറ്റെടുത്തിട്ടുണ്ട്.
കോപ്പ ഡെ ലാ റിനയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെയാണ് ബാഴ്‌സയ്ക്ക് നേരിടാനുള്ളത്. ജൂണ്‍ എട്ടിനാണ് മത്സരം.
സെമി ഫൈനലില്‍ റയല്‍ മാഡ്രിഡിനെ 8-1ന് തകര്‍ത്താണ് ബാഴ്‌സ ഫൈനലിന് യോഗ്യത നേടിയത്. ആദ്യ പാദ മത്സരത്തില്‍ റയലിന്റെ തട്ടകത്തിലെത്തി 5-0ന്റെ വിജയം സ്വന്തമാക്കിയ ബാഴ്‌സ സ്വന്തം മണ്ണില്‍ 3-1നും വിജയിച്ചു.
യുവേഫ വുമണ്‍സ് ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിക്കെതിരായ രണ്ടാം പാദ സെമി ഫൈനല്‍ മത്സരമാണ് അലക്‌സാ പുറ്റയാസിനും സംഘത്തിനും മുമ്പിലുള്ളത്. ഹോം സ്‌റ്റേഡിയമായ യോഹാന്‍ ക്രൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-1ന് വിജയിച്ചാണ് ബാഴ്‌സ രണ്ടാം പാദ മത്സരത്തിനിറങ്ങുന്നത്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നാളെ രാവിലെ 6.30നാണ് മത്സരം.
ചേട്ടന്‍മാരും ചേച്ചിമാരും ട്രെബിളിലേക്ക് ഓരോ അടിയായി നടന്നടക്കുമ്പോള്‍ ബാഴ്‌സയുടെ യുവനിര രണ്ട് കിരീടങ്ങള്‍ ഇതിനോടകം തങ്ങളുടെ പേരിലാക്കിയാണ് യുവേഫ യൂത്ത് ലീഗിന്റെ കലാശപ്പോരാട്ടത്തിന് കളത്തിലിറങ്ങുന്നത്. സെമി ഫൈനലില്‍ AZ ആല്‍ക്മാറിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബാഴ്‌സയുടെ കുട്ടിപ്പട ഫൈനലിനൊരുങ്ങുന്നത്.
U19 ലാലിഗയിലും കോപ്പ ഡെല്‍ റേയിലും ഇതിനോടകം തന്നെ ടീം കിരീടം നേടിയിട്ടുണ്ട്. കോപ്പ ഡെല്‍ റേയില്‍ സരാഗോസയെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ബാഴ്‌സയുടെ യുവരാജാക്കന്‍മാര്‍ 19ാം കിരീടം തങ്ങളുടെ പടകുടീരത്തിലെത്തിച്ചത്.
Content Highlight: Barcelona eyeing to win 3 trebles