Entertainment
മമ്മൂക്കയുടെ ആ സൂപ്പർഹിറ്റ് ചിത്രമാണ് ഞാൻ തിയേറ്ററിൽ പോയി കണ്ട ആദ്യ സിനിമ: അജു വർഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 26, 10:22 am
Saturday, 26th April 2025, 3:52 pm

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അജു വർഗീസ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു സിനിമാ ജീവിതം ആരംഭിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് വനിതാ ഫിലിം അവാർഡും ലഭിച്ചു. പിന്നീട് ചെറുതും വലുതുമായ സിനിമകളിൽ നിരവധി വേഷങ്ങൾ ചെയ്യാൻ അജുവിന് സാധിച്ചിട്ടുണ്ട്.

താൻ ആദ്യമായി തിയേറ്ററിൽ പോയി സിനിമ കാണുന്നത് മമ്മൂട്ടിയുടെ വടക്കന്‍ വീരഗാഥയാണെന്നും തൻ്റെ ആദ്യസിനിമയായ മലര്‍വാടിയുടെ പൂജക്ക് വന്ന വ്യക്തികളിലൊരാളാണ് മമ്മൂട്ടിയെന്നും അജു വർഗീസ് പറയുന്നു.

ആദ്യമായിട്ട് സൂപ്പര്‍ സ്റ്റാറിനൊപ്പം അഭിനയിച്ചത് മമ്മൂട്ടിക്കൊപ്പമാണെന്നും അത് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലാണെന്നും തൻ്റെ കുട്ടികളുടെ ഒന്നാം പിറന്നാളിന് വന്ന ഏറ്റവും വലിയ ഗസ്റ്റ് മമ്മൂട്ടിയാണെന്നും അജു വർഗീസ് പറഞ്ഞു. ലൈഫ് നെറ്റ് ടി.വിയോട് സംസാരിക്കുകയായിരുന്നു അജു വർഗീസ്.

‘ഞാന്‍ ആദ്യമായി തിയേറ്ററിൽ പോയി സിനിമ കാണുന്നത് മമ്മൂക്കയുടെ വടക്കന്‍ വീരഗാഥയാണ്. എന്റെ സിനിമാജീവിതം തുടങ്ങുന്ന മലര്‍വാടിയുടെ പൂജക്ക് വന്ന മഹനീയ വ്യക്തികളില്‍ പ്രാധാന്യം അദ്ദേഹത്തിന് തന്നെയാണ്. ഞാന്‍ ആദ്യമായിട്ട് സൂപ്പര്‍ സ്റ്റാറിനൊപ്പം അഭിനയിച്ചത് മമ്മൂക്കക്കൊപ്പമാണ്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലാണ്. എന്റെ കുട്ടികളുടെ ഒന്നാം പിറന്നാളിന് വന്ന ഏറ്റവും വലിയ ഗസ്റ്റ് അദ്ദേഹമായിരുന്നു,’ അജു പറയുന്നു.

അജു വർഗീസ് അഭിനയിച്ച വിനീത് ശ്രീനിവാസൻ ചിത്രങ്ങളായ തട്ടത്തിൻ മറയത്ത് (2012), ഒരു വടക്കൻ സെൽഫി (2015) എന്നിവ ബോക്സോഫീസ് ഹിറ്റുകളായിരുന്നു.

ഓം ശാന്തി ഓശാന, പുണ്യാളൻ അഗർബത്തീസ്, വെള്ളിമൂങ്ങ, ഓർമയുണ്ടോ ഈ മുഖം, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രേഷക ശ്രദ്ധ നേടിയെടുത്തു അജു വർഗീസ്.

കോമഡി കഥാപാത്രങ്ങൾ ചെയ്തിരുന്ന അജുവിന്റെ കരിയറിലെ വഴിത്തിരിവ് അന്ന ബെൻ നായികയായി എത്തിയ ഹെലൻ എന്ന സിനിമയിലെ കഥാപാത്രമായിരുന്നു. അടുത്തിറങ്ങിയ ജിയോ ഹോട്ട്സ്റ്റാർ സീരീസ് ലവ് അണ്ടർ കൺസ്ട്രക്ഷനിലും പ്രധാന കഥാപാത്രമായിരുന്നു അജു.

Content Highlight: That was the first Mammootty superhit movie I went to the theater to watch says Aju Varghese