national news
കശ്മീരില്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്നതിനിടെ പ്രദേശവാസികളുടെ വീടുകളും തകര്‍ത്തതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 26, 10:47 am
Saturday, 26th April 2025, 4:17 pm

ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്നതിനിടെ പ്രദേശവാസികളുടെ വീടുകളും തകര്‍ത്തതായി റിപ്പോര്‍ട്ട്. പുല്‍വാമ ജില്ലയിലെ മുറാന്‍ എന്ന സ്ഥലത്തെ ഭീകരന്റെ വീട് തകര്‍ക്കുന്നതിനിടെയാണ് പ്രദേശവാസികളുടെ വീടുകള്‍ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്നതിനിടയില്‍ തങ്ങളുടെ വീടുകള്‍ തകര്‍ത്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രദേശവാസികള്‍ പ്രതികരിച്ചതായും റിപ്പോര്‍ട്ടുണ്ട്. തങ്ങള്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് തങ്ങളുടെ വീടുകള്‍ വാസയോഗ്യമല്ലാതാക്കിയതെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്.

കഴിഞ്ഞ ദിവസം ഭീകരരുടെ വീടുകള്‍ അന്വേഷിച്ച് പൊലീസ് എത്തിയിരുന്നുവെന്നും ഭീകരരുടെ വീടുകള്‍ തകര്‍ക്കുമെന്നും സ്ഥലത്ത് നിന്ന് മാറി താമസിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ പൊലീസിന്റെ അറിയിപ്പ് അനുസരിച്ച് അവിടെ നിന്ന് മാറിയെങ്കിലും വാസയോഗ്യമല്ലാത്ത രീതിയില്‍ തങ്ങളുടെ വീടും തകരുമെന്ന് കരുതിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ കശ്മീരി സ്വദേശികളും ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരുമായ രണ്ട് പേരുടെ വീടുകള്‍ കൂടി അധികൃതര്‍ തകര്‍ത്തിരുന്നു. അഫ്സാന്‍ ഉള്‍ ഹഖ്, ഹാരിസ് അഹമ്മദ് എന്നിവര്‍ക്ക് ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പ്രാദേശിക ഭരണകൂടം നടപടിയെടുത്തത്.

കഴിഞ്ഞ ദിവസം രണ്ട് ഭീകരരുടെ വീടുകള്‍ സ്‌ഫോടനത്തില്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭീകരാക്രമണത്തിലെ മൂന്ന് പ്രതികളില്‍ ഒരാളായ ദക്ഷിണ കശ്മീരിലെ ത്രാലിലുള്ള ആദില്‍ ഹുസൈന്‍ തോക്കറിന്റെ വീടും ആസിഫ് ഫൗജി എന്ന ആസിഫ് ഷെയ്ഖിന്റെ വീടുമാണ് തകര്‍ക്കപ്പെട്ടത്.

ഇവരുടെ വീടുകള്‍ക്കുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ഇവരുടെ വീടുകള്‍ തകര്‍ത്തത്.

26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ട ആസിഫ് ഷെയ്ഖ്, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരുടെ രേഖാചിത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്ത് വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് വീടുകള്‍ തകര്‍ത്തുകൊണ്ടുള്ള നടപടി.

പഹല്‍ഗാമിലെ ആക്രമണത്തെ തുടര്‍ന്ന് ഭീകരരുടെ കുടുംബാംഗങ്ങള്‍ വീട് ഉപേക്ഷിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവര്‍ വീട് വീടുവിട്ടിറങ്ങിയത്. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു പ്രാദേശിക ഭരണകൂടത്തിന്റെ നീക്കം.

Content Highlight: Reports suggest that while demolishing the houses of terrorists in Kashmir, the houses of local residents were also demolished