national news
വാതുവെപ്പ് റാക്കറ്റിനെ തുറന്നുകാട്ടി; മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ക്കയറി വെട്ടി, പ്രതികള്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
4 days ago
Sunday, 13th April 2025, 10:17 am

ജയ്പൂര്‍: മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ക്കയറി വെട്ടി ആറ് പേരടങ്ങിയ സംഘം. നര്‍സിങ്പൂര്‍ ജില്ലയില്‍ 45കാരനായ ബ്രജേഷ് ദീക്ഷിതിനാണ് വെട്ടേറ്റത്. ഇന്നലെ (ശനി) പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

അംഗാവ് പ്രദേശത്തുള്ള മാധ്യമപ്രവര്‍ത്തകന്റെ വീട്ടിലേക്ക് അക്രമികള്‍ അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് വാളുകള്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകനെ അക്രമികള്‍ വെട്ടുകയായിരുന്നു.

തലയ്ക്കും ശരീരഭാഗങ്ങള്‍ക്കും പരിക്കേറ്റ ബ്രജേഷ് ദീക്ഷിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നര്‍സിങ്പൂര്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മനോജ് ഗുപ്ത പറഞ്ഞു.

ബ്രജേഷ് സംസ്ഥാനത്തെ ഒരു ഹിന്ദി ദിനപത്രത്തിന്റെ ഉടമയാണ്. അടുത്തിടെ നര്‍സിങ്പൂര്‍ ജില്ലയിലെ കരേലി എന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വാതുവെപ്പ് റാക്കറ്റിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തതായാണ് വിവരം. അറസ്റ്റിലായ രാജ സിസോദിയ, രാജേന്ദ്ര സിസോദിയ, മുന്ന സിസോദിയ എന്നിവര്‍ക്കെതിരെ കേസ് എടുത്തതായി ഡി.സി.പി മനോജ് ഗുപ്ത അറിയിച്ചു.

രണ്ട് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ അംഗാവ് സബ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

Content Highlight: MP: 4 held after journalist attacked with swords in Narsinghpur