മോഹന്‍ലാല്‍ ആരാധകര്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ സാധാരണക്കാരനായി പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകതയുള്ള സിനിമയാണ് ഇത്.
ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തിയാണ് തുടരും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് മുതല്‍ തന്നെ ആരാധകര്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ്. വലിയ ഇടവേളക്ക് ശേഷം ശോഭന – മോഹന്‍ലാല്‍ ജോഡി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.
ഈയിടെ മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ ‘ദൃശ്യം പോലൊരു ഫാമിലി സിനിമയാണ് തുടരും’ എന്ന് പറയുകയും അത് വൈറലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പലരും ദൃശ്യത്തിലേത് പോലെ വമ്പന്‍ ട്വിസ്റ്റാകും ഈ സിനിമയിലും ഉണ്ടാകുകയെന്ന് പറഞ്ഞിരുന്നു.
ഇപ്പോള്‍ ദൃശ്യം, തുടരും എന്നീ സിനിമകളെ കുറിച്ച് പറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ദൃശ്യം മലയാളത്തിന്റെ കള്‍ട്ട് ക്ലാസിക് സിനിമയാണെന്നും ട്രെന്‍ഡ് സെറ്ററാണെന്നുമാണ് തരുണ്‍ പറയുന്നത്. എന്നാല്‍ താന്‍ ഒരിക്കലും ആ ട്രെന്‍ഡ് ഫോളോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തരുണ്‍.
‘ദൃശ്യം എന്ന സിനിമ മലയാളത്തിന്റെ കള്‍ട്ട് ക്ലാസിക് സിനിമയാണ്. അതുമല്ലെങ്കില്‍ ട്രെന്‍ഡ് സെറ്റര്‍ എന്ന് പറയാം. ഞാന്‍ ഒരിക്കലും ആ ട്രെന്‍ഡ് ഫോളോ ചെയ്യില്ലെന്നുള്ള കാര്യം നേരത്തെ തന്നെ പറഞ്ഞതാണ്. ഞാന്‍ ഒരിക്കലും ദൃശ്യം പോലെയുള്ള ഒരു സിനിമ ഉണ്ടാക്കാനല്ല തുടരും ചെയ്യുന്നത്.
എല്ലാവരും പറയുന്നത് സെക്കന്‍ഡ് ഹാഫില്‍ ഇന്‍വസ്റ്റിഗേഷനാണ് അങ്ങനെയാണിങ്ങനെയാണ് എന്നൊക്കെയാണ്. പക്ഷെ അങ്ങനെയല്ല. ആ സിനിമ, അതൊരാളുടെ ജീവിതമാണ് പറയുന്നത്. കുറച്ച് ദിവസങ്ങളില്‍ അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കുറേ കാര്യങ്ങളാണ് പറയുന്നത്. അതിന്റെ അകത്ത് തമാശകളുണ്ട്, സങ്കടങ്ങളുണ്ട്.
അതിനകത്ത് ഞെട്ടിക്കുന്ന ചില കാര്യങ്ങളുണ്ട്, ചില ത്രില്ലുകളുണ്ട്. അതെല്ലാം വന്നുപോകുന്ന സിനിമയാണ് തുടരും. എന്നാല്‍ ഇതെല്ലാം കൂടി ചേര്‍ത്ത് ഒരു ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയെന്നോ മിസ്റ്ററി ത്രില്ലറെന്നോ പറയാനാവില്ല. അങ്ങനെയൊരു കാര്യമേ തുടരും എന്ന സിനിമയിലില്ല,’ തരുണ്‍ മൂര്‍ത്തി പറയുന്നു.
Content Highlight: Tharun Moorthy Says Mohanlal’s Drishyam Movie Is A Cult Classic