IPL
റണ്ണടിക്കാന്‍ മാത്രമല്ല, വിക്കറ്റിനടിക്കാനും മിടുക്കരാണ്; അനാവശ്യ നേട്ടം ആറെണ്ണം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 23, 04:30 pm
Wednesday, 23rd April 2025, 10:00 pm

ഐ.പി.എല്‍ 2025ലെ 41ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 144 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലാണ് ഹോം ടീം കഷ്ടപ്പെട്ടെങ്കിലും മോശമല്ലാത്ത സ്‌കോറിലേക്കുയര്‍ന്നത്.

14 റണ്‍സിന് ആദ്യ നാല് ബാറ്റര്‍മാരും തങ്ങളുടെ വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചപ്പോള്‍ ഹെന്‌റിക് ക്ലാസന്റെയും അഭിനവ് മനോഹറിന്റെയും ചെറുത്തുനില്‍പ്പാണ് ടീമിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.

44 പന്തില്‍ 71 റണ്‍സാണ് ക്ലാസന്‍ സ്വന്തമാക്കിയത്. ഒമ്പത് ഫോറും രണ്ട് സിക്‌സറുമായി 161.62 സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ഉയര്‍ത്തവെ ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റ് നല്‍കിയായിരുന്നു ക്ലാസന്റെ മടക്കം.

ട്രെന്റ് ബോള്‍ട്ടിന്റെ പന്തിലാണ് അഭിനവ് മനോഹര്‍ പുറത്താകുന്നത്. അവസാന ഓവറിലെ നാലാം പന്തിലായിരുന്നു താരത്തിന്റെ മടക്കം. എന്നാല്‍ ബോള്‍ട്ട് വിക്കറ്റെടുക്കും മുമ്പ് തന്നെ അഭിനവ് മനോഹര്‍ മുംബൈ പേസര്‍ക്ക് വിക്കറ്റ് സമ്മാനിച്ചിരുന്നു. ഹിറ്റ് വിക്കറ്റായാണ് താരം മടങ്ങിയത്.

ഇതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ ഹിറ്റ് വിക്കറ്റിലൂടെ പുറത്തായ ടീമുകളില്‍ സണ്‍റൈസേഴ്‌സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഐ.പി.എല്ലില്‍ ഇത് ആറാം തവണയാണ് ഒരു സണ്‍റൈസേഴ്‌സ് താരം ഹിറ്റ് വിക്കറ്റിലൂടെ മടങ്ങുന്നത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം ഹിറ്റ് വിക്കറ്റുകള്‍

(ടീം – ഹിറ്റ് വിക്കറ്റ് എന്നീ ക്രമത്തില്‍)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 6*

രാജസ്ഥാന്‍ റോയല്‍സ് – 2

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2

ചെന്നെെ സൂപ്പർ കിങ്സ് – 1

ഗുജറാത്ത് ടൈറ്റന്‍സ് – 1

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 1

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 1

മുംബെെ ഇന്ത്യന്‍സ് – 1

അതേസമയം, ഹോം ടീം ഉയര്‍ത്തിയ 144 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ഇതിനോടകം തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. എട്ട് പന്തില്‍ 11 റണ്‍സ് നേടിയ റിയാന്‍ റിക്കല്‍ടണാണ് പുറത്തായത്.

രണ്ടാം ഓവറിലെ നാലാം പന്തില്‍ ഇടംകയ്യന്‍ സൂപ്പര്‍ പേസര്‍ ജയ്‌ദേവ് ഉനദ്കട്ടിന് റിട്ടേണ്‍ ക്യാച്ചായിട്ടായിരുന്നു പ്രോട്ടിയാസ് വിക്കറ്റ് കീപ്പറുടെ മടക്കം.

നിലവില്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ 30 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് മുംബൈ ഇന്ത്യന്‍സ്. ആറ് പന്തില്‍ 13 റണ്‍സുമായി രോഹിത് ശര്‍മയും നാല് പന്തില്‍ ആറ് റണ്‍സുമായി വില്‍ ജാക്‌സുമാണ് ക്രീസില്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

റിയാന്‍ റിക്കല്‍ടണ്‍(വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, വിഘ്നേഷ് പുത്തൂര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്, സീഷന്‍ അന്‍സാരി, ഇഷാന്‍ മലിംഗ.

 

Content Highlight: IPL 2025: MI vs SRH: Abhinav Manohar becomes the 6th Sunrisers’ batter to get out on hit wicket