Advertisement
IPL
കരിയര്‍ തിരുത്തിയ നൂറ് വിക്കറ്റിനൊപ്പം പിറന്ന ചരിത്ര നാണക്കേട്; റെക്കോഡിന്റെ തിളക്കം ഇല്ലാതാക്കുന്ന മോശം നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 23, 05:00 pm
Wednesday, 23rd April 2025, 10:30 pm

ഐ.പി.എല്‍ 2025ലെ 41ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 144 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്. സണ്‍റൈസേഴ്സിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലാണ് ഹോം ടീം പണിപ്പെട്ടെങ്കിലും മോശമല്ലാത്ത സ്‌കോറിലേക്കുയര്‍ന്നത്.

14 റണ്‍സിന് ആദ്യ നാല് ബാറ്റര്‍മാരും തങ്ങളുടെ വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചപ്പോള്‍ ഹെന്റിക് ക്ലാസന്റെയും അഭിനവ് മനോഹറിന്റെയും ചെറുത്തുനില്‍പ്പാണ് ടീമിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.

ക്ലാസന്‍ 44 പന്തില്‍ 71 റണ്‍സടിച്ചപ്പോള്‍ 37 പന്തില്‍ 43 റണ്‍സാണ് അഭിനവ് മനോഹര്‍ സ്വന്തമാക്കിയത്.

144 റണ്‍സ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് സൂപ്പര്‍ താരം റിയാന്‍ റിക്കല്‍ടണെ തുടക്കത്തിലേ നഷ്ടമായിരുന്നു. എട്ട് പന്തില്‍ 11 റണ്‍സ് നേടി നില്‍ക്കവെ സൂപ്പര്‍ പേസര്‍ ജയ്‌ദേവ് ഉനദ്കട്ടിന് റിട്ടേണ്‍ ക്യാച്ച് നല്‍കിയായിരുന്നു റിക്കല്‍ടണിന്റെ മടക്കം.

ഈ വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടവും ഉനദ്കട്ടിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. തന്റെ ഐ.പി.എല്‍ കരിയറിലെ നൂറാം വിക്കറ്റാണ് ഉനദ്കട് തന്റെ പേരിലെഴുതിച്ചേര്‍ത്തത്.

എന്നാല്‍ ഇതിനൊപ്പം തന്നെ ഒരു അനാവശ്യ നേട്ടവും താരത്തിന്റെ പേരില്‍ പിറവിയെടുത്തിരിക്കുകയാണ്. ഐ.പി.എല്ലില്‍ നൂറ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച പേസര്‍ എന്ന മോശം നേട്ടമാണ് ഉനദ്കട്ടിന്റെ പേരില്‍ കുറിക്കപ്പെട്ടത്. കരിയറിലെ 106ാം ഇന്നിങ്‌സിലാണ് താരം നൂറാം ഐ.പി.എല്‍ വിക്കറ്റ് നേടിയത്.

ഐ.പി.എല്ലില്‍ നൂറ് വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച പേസര്‍മാര്‍

(താരം – ഇന്നിങ്‌സ് എന്ന ക്രമത്തില്‍)

ജയ്‌ദേവ് ഉനദ്കട് – 106*

വിനയ് കുമാര്‍ – 101

ആന്ദ്രേ റസല്‍ – 100

ഉമേഷ് യാദവ് – 99

സഹീര്‍ ഖാന്‍ – 98

അതേസമയം, മുംബൈ ഇന്ത്യന്‍സിന് രണ്ടാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. 19 പന്തില്‍ 22 റണ്‍സ് നേടിയ വില്‍ ജാക്‌സാണ് പുറത്തായത്. സീഷന്‍ അന്‍സാരിയെറിഞ്ഞ പത്താം ഓവറിലെ രണ്ടാം പന്തില്‍ അഭിനവ് മനോഹറിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

നിലവില്‍ പത്ത് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 79/2 എന്ന നിലയിലാണ് മുംബൈ ഇന്ത്യന്‍സ്. 32 പന്തില്‍ 45 റണ്‍സ് നേടിയ രോഹിത് ശര്‍മയും ഒരു പന്തില്‍ ഒരു റണ്ണുമായി സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

റിയാന്‍ റിക്കല്‍ടണ്‍(വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, വിഘ്നേഷ് പുത്തൂര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്, സീഷന്‍ അന്‍സാരി, ഇഷാന്‍ മലിംഗ.

 

Content Highlight: IPL 2025: MI vs SRH: Jaydev Unadkat set an unwanted record of slowest to 100 IPL wickets among pacers