Entertainment
ആ സൂപ്പര്‍സ്റ്റാര്‍ ചിത്രത്തില്‍ സിമ്രാന് പകരം അഭിനയിക്കേണ്ടത് ഞാന്‍; ആഗ്രഹം തോന്നിയ കഥാപാത്രം: മീന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 23, 04:43 pm
Wednesday, 23rd April 2025, 10:13 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീന. 1982ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയിലൂടെ ബാലതാരമായാണ് മീന തന്റെ കരിയര്‍ ആരംഭിച്ചത്.

പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെ 1984ല്‍ മീന മലയാള സിനിമയിലും എത്തി. 1990കളിലും 2000ത്തിന്റെ തുടക്കത്തിലും നായികയായി തമിഴ് – മലയാളം സിനിമാ ലോകത്തെ ഇളക്കിമറിച്ച നടിയാണ് മീന.

സൂപ്പര്‍താരങ്ങളായ രജിനികാന്ത്, കമല്‍ ഹാസന്‍, അജിത്, മോഹന്‍ലാല്‍, മമ്മൂട്ടി, നാഗാര്‍ജുന തുടങ്ങിയവരുടെ കൂടെയെല്ലാം അഭിനയിച്ച നടി കൂടിയാണ് മീന. ഇപ്പോള്‍ അജിത്തിനെ കുറിച്ച് പറയുകയാണ് നടി.

ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അജിത്ത് നായകനായി എത്തിയ വാലി എന്ന സിനിമയെ കുറിച്ചാണ് മീന പറഞ്ഞത്. എസ്.ജെ. സൂര്യ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നായികയായത് സിമ്രാന്‍ ആയിരുന്നു.

‘സത്യത്തില്‍ അജിത്ത് സാറൊക്കെ എന്റെ സമയത്താണ് തമിഴില്‍ സൂപ്പറായ കഥാപാത്രങ്ങളും സിനിമകളും ചെയ്തത്. സത്യമല്ലേയെന്ന് നിങ്ങള്‍ തന്നെ ചിന്തിച്ചു നോക്കൂ.

ഓരോ പടത്തിലും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. എല്ലാ സിനിമകളും കഥാപാത്രകളും നോക്കുകയാണെങ്കില്‍, അതൊക്കെ വളരെ വ്യത്യസ്തമായിരുന്നു.

അജിത്തിന്റെ വാലി എന്ന സിനിമയെ കുറിച്ച് പറയാതിരിക്കാന്‍ ആവില്ല. അത്രയും മികച്ച ഒരു സിനിമയാണ് അത്. അതിലെ അജിത്തിന്റെ കഥാപാത്രം അത്രയും മികച്ചതായിരുന്നു.

എനിക്ക് ആ സിനിമ സത്യത്തില്‍ ചെയ്യാന്‍ ആഗ്രഹമുള്ള ഒന്നായിരുന്നു. പക്ഷെ ആ സിനിമ ഷൂട്ട് തീരുമാനിച്ച ആദ്യത്തെ തവണ അജിത്ത് ഹോസ്പിറ്റലില്‍ അഡ്മിറ്റായി. അങ്ങനെ ആ ഡേറ്റ് മിസ് ആയി.

പിന്നീട് എന്റെ ഡേറ്റ് ചോദിച്ചെങ്കിലും തിരക്ക് കാരണം എനിക്ക് ഡേറ്റ് കൊടുക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ പോലും എസ്.ജെ. സൂര്യ അതിനെ കുറിച്ച് പറയാറുണ്ട്. ‘നിങ്ങള്‍ ചെയ്യേണ്ട റോളായിരുന്നു. നിങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള ചാന്‍സ് ഞാന്‍ മിസ് ചെയ്തു’ എന്നൊക്കെ,’ മീന പറയുന്നു.

വാലി:

എസ്.ജെ സൂര്യയുടെ ആദ്യ സംവിധാന ചിത്രമായ വാലി പുറത്തിറങ്ങിയത് 1999ലായിരുന്നു. സൈക്കോളജിക്കല്‍ റൊമാന്റിക് ത്രില്ലറായി എത്തിയ സിനിമയില്‍ അജിത്ത് ഇരട്ട വേഷങ്ങളിലാണ് എത്തിയത്.

സിമ്രാനൊപ്പം ജ്യോതികയും അഭിനയിച്ചിരുന്നു. ജ്യോതികയുടെ ആദ്യ തമിഴ് സിനിമയായിരുന്നു വാലി. ഒപ്പം വിവേക്, രാജീവ്, പാണ്ടു, സുജിത എന്നിവരും മറ്റുപ്രധാന വേഷങ്ങളില്‍ എത്തി.

Content Highlight: Meena Talks About Simran – Ajith Movie Vaalee