Advertisement
Kerala News
ഭീകരതക്ക് മതമില്ല; കശ്മീരിലെ തീവ്രവാദി ആക്രമണങ്ങളില്‍ കൂടുതല്‍ കൊല്ലപ്പെട്ടിട്ടുള്ളത് അന്നാട്ടിലെ മുസ്‌ലിങ്ങള്‍ തന്നെയാണ്: വി.ടി. ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 23, 06:13 pm
Wednesday, 23rd April 2025, 11:43 pm

കോഴിക്കോട്: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിന് പിന്നാലെ സൈബര്‍ ഇടങ്ങളില്‍ നിറയുന്ന ഇസ്‌ലാം വിരുദ്ധതയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ഭീകരതക്ക് മതമുണ്ട്, അതൊരു പ്രത്യേക മതം മാത്രമാണ് എന്ന് ആക്രോശിച്ച് സംഘപരിവാറുകാര്‍ സൈബര്‍ ഇടങ്ങളില്‍ സൃഷ്ടിച്ച ടെംപ്ലേറ്റ് പ്രതികരണങ്ങള്‍ ഇനി അനുവദിച്ച് തരില്ലെന്ന് പറഞ്ഞ വി.ടി ബല്‍റാം ഇതിനെതിരെ എല്ലാവരും ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പോലീസ് ഈ വിഷയത്തില്‍ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും ആവശ്യപ്പെട്ടു.

ഗോധ്രയിലെ ട്രെയിന്‍ തീവെപ്പിന് പിന്നാലെ അതൊരു സുവര്‍ണാവസരമാക്കി മാറ്റി സംഘ്പരിവാര്‍ ഗുജറാത്തിലെ മുസ്‌ലിം വംശഹത്യ നടത്തിയതിനെ ഓര്‍മപ്പെടുത്തുന്നതാണ് ഈ ക്യാമ്പയിനെന്നും വി.ടി ബല്‍റാം പറഞ്ഞു.

യു.പിയിലും ബിഹാറിലും ഗുജറാത്തിലുമൊക്കെ ജയ് ശ്രീറാം വിളിച്ച് പശുവിന്റെ പേരില്‍ മറ്റുള്ളവരെ തല്ലിക്കൊല്ലുന്ന ഭീകരവാദികള്‍ ഹിന്ദുക്കള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നത്‌ പോലെ കശ്മീരിലെ ഭീകരവാദികള്‍ മുസ്‌ലിങ്ങള്‍ എന്ന് സ്വയം വിശേഷിപ്പിക്കുകയായിരുന്നു.

‘ശത്രുരാജ്യത്തിന്റെ ഈ ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന ഇന്ത്യന്‍ പൗരന്മാരാണ് കശ്മീര്‍ ജനത. അതുകൊണ്ടുതന്നെ കശ്മീരിലെ ഭീകരരുടെ പേരില്‍, അവരുടെ മതത്തിന്റെ പേരില്‍, ഇന്ത്യയിലെ ഒരു മുസ്‌ലിനും തലകുനിക്കേണ്ട കാര്യമില്ല. ഒരാളോടും ക്ഷമാപണം നടത്തേണ്ട കാര്യമില്ല.

ആരെയെങ്കിലും എന്തെങ്കിലും ബോധ്യപ്പെടുത്താനുള്ള ഒരു അധിക ഉത്തരവാദിത്തവും ഇന്ത്യയിലെ ഒരു മുസ്‌ലിമിനും ഈ ഘട്ടത്തില്‍ ഇല്ല. സംഘികളുടെ ഭീകരതയുടേയും കലാപങ്ങളുടേയും ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടേയും പേരില്‍ ഇന്ത്യയിലെ മറ്റൊരു ഹിന്ദുവിനും ആരോടും അപോളൊജറ്റിക് ആവേണ്ടി വന്നിട്ടില്ല ഇതുവരെ. ആ ഭീകരവാദികളെ നിരന്തരം വോട്ട് ചെയ്ത് ജയിപ്പിച്ചിട്ട് പോലും ഒരു ഹിന്ദുവിനും അതിന്റെ പേരില്‍ മറുപടി പറയേണ്ടി വന്നിട്ടില്ല,’ വി.ടി ബല്‍റാം പറഞ്ഞു.

കശ്മീരിലെ ഈ ഭീകരവാദികള്‍ ഇപ്പോള്‍ കൊന്നത് ടൂറിസ്റ്റുകള്‍ക്കിടയിലെ ഹിന്ദുക്കളെ തെരഞ്ഞ് പിടിച്ചാണെങ്കില്‍ അവിടെ ഇതുവരെയുള്ള തീവ്രവാദി ആക്രമണങ്ങളില്‍ കൂടുതല്‍ കൊല്ലപ്പെട്ടിട്ടുള്ളത് അന്നാട്ടുകാരായ മുസ്‌ലിങ്ങള്‍ തന്നെയാണെന്നും വി.ടി ബല്‍റാം ചൂണ്ടിക്കാട്ടി.

‘ഇന്നലെ ടൂറിസ്റ്റുകളെ രക്ഷിക്കാന്‍ തീവ്രവാദികളോട് പൊരുതി രക്തസാക്ഷിയായ സയ്യിദ് ആദില്‍ ഹുസൈന്‍ ഷായും മുസ്‌ലിം തന്നെയാണ്. രാത്രി തന്നെ മെഴുകുതിരികളുമേന്തി നാടിന്റെ സമാധാനത്തിനായി തെരുവിലിറങ്ങിയതും ഭീകരവാദികള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചതും അവിടത്തെ മുസ്‌ലിങ്ങള്‍ തന്നെയാണ്.

അതുകൊണ്ടാണ് ഭീകരതക്ക് മതമില്ല എന്ന് സാമാന്യ ബോധമുള്ളവര്‍ പറയുന്നത്. എത്ര വൈകാരികത മുറ്റി നില്‍ക്കുന്ന വേളയിലാണെങ്കിലും അത് പറഞ്ഞേ പറ്റൂ. ആള്‍ക്കൂട്ടത്തെ ഇളക്കിവിടുന്നവര്‍ക്കെതിരെ വിവേകത്തിന്റെ ശബ്ദം ഉയര്‍ത്തിയേ പറ്റൂ,’ വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlight: Terrorism has no religion; Muslims from Kashmir have been the most killed in terrorist attacks there: V.T. Balram