2016ല്‍ ഹാപ്പി വെഡിങ്‌സ് എന്ന സിനിമയിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് ഗ്രേസ് ആന്റണി. പിന്നീട് മമ്മൂട്ടിയോടൊപ്പം റോഷാക്ക്, നിവിന്‍ പോളിയോടൊപ്പം കനകം കാമിനി കലഹം, ബേസില്‍ ജോസഫിനൊപ്പം നുണക്കുഴി തുടങ്ങിയ മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ നടിക്ക് കഴിഞ്ഞു.
എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ സിമിയെന്ന കഥാപാത്രമാണ് ഗ്രേസിന് വഴിത്തിരിവായത്. സിനിമയില്‍ ഫഹദ് ഫാസിലിന്റെ പങ്കാളി ആയിട്ടാണ് ഗ്രേസ് അഭിനയിച്ചത്. തുടക്കത്തില്‍ ഷമ്മിയെന്ന കഥാപാത്രത്തിന്റെ അനുസരണയുള്ള പങ്കാളിയായിരുന്നു സിമി.
എന്നാല്‍ പിന്നീട് അനുസരണയുള്ള പങ്കാളിയില്‍ നിന്നും പെട്ടെന്ന് ‘ഏത് ടൈപ്പ് ചേട്ടനായാലും മര്യാദക്ക് സംസാരിക്കണം’ എന്ന ശക്തമായ താക്കീത് നല്‍കുന്ന കഥാപാത്രമായി സിമി മാറിയിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ ഈ ഡയലോഗിനെ കുറിച്ച് പറയുകയാണ് ഗ്രേസ് ആന്റണി. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘കുമ്പളങ്ങി നൈറ്റ്‌സ് കണ്ടതിന് ശേഷം സിമിയെന്ന എന്റെ കഥാപാത്രത്തെ ഓര്‍മ വരുമ്പോള്‍ ഓര്‍ത്തു പോകുന്ന ഡയലോഗ് ആണിത്. ഇതിനുള്ള നന്ദി ശ്യാമേട്ടനോടാണ് പറയേണ്ടത്. എന്നോട് അദ്ദേഹം ഷമ്മിയെന്ന ഫഹദിക്കയുടെ കഥാപാത്രത്തിന്റെ നിലപാട് വരെ മാറുന്ന ഒരു ഡയലോഗ് വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു.
പക്ഷേ ഇത്രക്ക് കോംപ്ലിക്കേറ്റഡ് സീനായിരിക്കുമെന്ന് കരുതിയതേയില്ല. പക്ഷേ ഡയലോഗിനെക്കുറിച്ചൊക്കെ നന്നായി പറഞ്ഞുതന്നിരുന്നു. അതുകൊണ്ട് തന്നെ അതിന്റെ ഇമോഷന്‍സും മനസിലായിരുന്നു. സിനിമ കണ്ടിട്ട് ഒരുപാട് മെസേജുകള്‍ വന്നപ്പോഴാണ് ഈ ഡയലോഗ് ഇത്രക്ക് ഹിറ്റായത് അറിയുന്നത്. എനിക്കും ഒരുപാട് ഇഷ്ടപ്പെട്ട ഡയലോഗാണ് അത്,’ ഗ്രേസ് ആന്റണി പറയുന്നു.
Content Highlight: Grace Antony Talks About Kumbalangi Nights Movie Dialogue