Entertainment
തുടരും ടൈറ്റിലിലെ രഹസ്യം; കൃത്യമായി ഒബ്‌സെര്‍വ് ചെയ്തവര്‍ക്ക് കാര്യം മനസിലാകും: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 25, 12:31 pm
Friday, 25th April 2025, 6:01 pm

മോഹന്‍ലാല്‍ ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് തുടരും. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ സാധാരണക്കാരനായി പ്രത്യക്ഷപ്പെട്ടു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തിയാണ് തുടരും സംവിധാനം ചെയ്തത്. വലിയ ഇടവേളക്ക് ശേഷം ശോഭന – മോഹന്‍ലാല്‍ ജോഡി ഒന്നിച്ച സിനിമ കൂടിയാണ് ഇത്.

ചിത്രത്തില്‍ നടന്‍ ബിനു പപ്പുവും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ സിനിമയുടെ ‘തുടരും’ എന്ന ടൈറ്റിലിലെ രഹസ്യത്തെ കുറിച്ച് പറയുകയാണ് ബിനു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടരും സിനിമയുടെ ടൈറ്റിലില്‍ അത് എഴുതിയിരിക്കുന്നതിന്റെ മേലെ ഒരു സ്റ്റിച്ചുണ്ട്. എന്തിനാണ് അങ്ങനെ കൊടുത്തതെന്ന് സിനിമ കാണുമ്പോള്‍ മനസിലാകും.

വളരെ കൃത്യമായി ആ സിനിമ ഒബ്‌സെര്‍വ് ചെയ്ത ആളുകള്‍ക്ക് അത് മനസിലാകും. പടം കണ്ടിട്ട് ടൈറ്റില്‍ ശ്രദ്ധിച്ച് കഴിഞ്ഞാല്‍ മനസിലാക്കാവുന്നതേയുള്ളൂ (ചിരി),’ ബിനു പപ്പു പറയുന്നു.

ചിത്രത്തിലെ തന്റെ ഗെറ്റപ്പിനെ കുറിച്ചും നടന്‍ അഭിമുഖത്തില്‍ സംസാരിച്ചു. താന്‍ മുമ്പ് ഒരുപാട് പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് കൊണ്ട് അതുപോലെ ആകരുതെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു എന്നാണ് ബിനു പറയുന്നത്.

‘ഞാന്‍ ഒരുപാട് പൊലീസ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ തരുണിന് ഒരു നിര്‍ബന്ധം ഉണ്ടായിരുന്നു. ആ കഥാപാത്രങ്ങള്‍ പോലെ ആകരുത് ഇതിലെ എന്റെ കഥാപാത്രം എന്നതായിരുന്നു നിര്‍ബന്ധം.

തരുണിന്റെ ഓപ്പറേഷന്‍ ജാവ എന്ന സിനിമയില്‍ എനിക്ക് പൊലീസ് യൂണിഫോം ഉണ്ടായിരുന്നില്ല. ആകെ ബ്രൗണ്‍ കളര്‍ ഷൂസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. സൗദി വെള്ളക്കയില്‍ ഞാന്‍ വേറെ തന്നെ ആളാണ്.

വീണ്ടും പൊലീസ് കഥാപാത്രം വന്നപ്പോള്‍ തരുണ്‍ വേറെ ലുക്ക് പിടിക്കാമെന്ന് പറയുകയായിരുന്നു. എനിക്ക് നെറ്റിയില്‍ ഒരു വെട്ടും കൊടുത്തിട്ടുണ്ട്. അത് പടം കണ്ടാല്‍ മനസിലാകും,’ ബിനു പപ്പു പറയുന്നു.


Content Highlight: Binu Pappu Talks About Thudarum Movie Title Hidden Meaning