Advertisement
World News
ഞങ്ങളുടെ പക്കല്‍ മിസൈലുണ്ട്; ട്രംപിന്റെ ബോംബ് ഭീഷണിക്ക് മറുപടിയുമായി ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 31, 09:32 am
Monday, 31st March 2025, 3:02 pm

ടെഹ്‌റാന്‍: അമേരിക്കയുമായി ആണവക്കരാറില്‍ സഹകരിച്ചില്ലെങ്കില്‍ ഇറാനില്‍ ബോംബ് വര്‍ഷിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തില്‍ തിരിച്ചടിച്ച് ഇറാന്‍. ട്രംപിന്റെ ബോംബാക്രമണത്തിന് മറുപടി നല്‍കാന്‍ തങ്ങള്‍ മിസൈല്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമമായ ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വ്യോമാക്രമണങ്ങളെ തടയാന്‍ ശേഷിയുള്ള മിസൈലുകള്‍ രാജ്യത്തുടനീളമുള്ള ഭൂഗര്‍ഭ കേന്ദ്രങ്ങളില്‍ തയ്യാറാക്കി വെച്ചിരിക്കുകയാണെന്നും ഇവ ഏത് സമയത്തും പ്രയോഗിക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണെന്നും ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആണവക്കരാറില്‍ ഇറാന്‍ സഹകരിച്ചില്ലെങ്കില്‍ രാജ്യത്തിന് നേരെ ബോബ് വര്‍ഷിക്കുമെന്ന് ട്രംപ് പറഞ്ഞത്. അവര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബാക്രമണമായിരിക്കും അതെന്നും ഇറാനെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി വലയ്ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

യു.എസുമായുള്ള ആണവചര്‍ച്ചയ്ക്ക് പ്രത്യക്ഷത്തില്‍ സമ്മതമല്ലെന്ന് അറിയിച്ചുകൊണ്ട് ഇറാന്‍ മറുപടി നല്‍കിയിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. പരമാവധി സമ്മര്‍ദത്തിലും സൈനിക ഭീഷണിയിലും അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടില്ല എന്ന് വ്യക്തമാക്കിയ ഇറാന്‍ വേണമെങ്കില്‍ മുന്‍കാലങ്ങളിലെപ്പോലെ യു.എസുമായി പരോക്ഷമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും വ്യക്തമാക്കി.

‘ഞങ്ങള്‍ ചര്‍ച്ചകള്‍ ഒഴിവാക്കുന്നില്ല. അമേരിക്കയുടെ വാഗ്ദാന ലംഘനമാണ് ഇതുവരെ ഞങ്ങള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. വിശ്വാസം വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് അവര്‍ തെളിയിക്കണം,’ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. ട്രംപിന്റെ ആദ്യ ടേമില്‍ ഇറാനും ലോകശക്തികളും തമ്മിലുള്ള 2018 ലെ കരാറില്‍ നിന്ന് യു.എസ് ഏകപക്ഷീയമായാണ് പിന്‍മാറിയത്.

മാര്‍ച്ച് ആദ്യവാരമാണ് ആണവക്കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേനിക്ക് കത്തയച്ചതായി ട്രംപ് വെളിപ്പെടുത്തിയത്. ഇറാനെ കൈകാര്യം ചെയ്യാന്‍ രണ്ട് വഴികളാണ് ഉള്ളതെന്നും അതില്‍ ഒന്ന് സൈനികമായും അല്ലെങ്കില്‍ കരാറില്‍ ഒപ്പിടുകയാണെന്നും അതിനാല്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ട്രംപ് പറഞ്ഞത്.

ഇറാന്റെ മിസൈല്‍ മറുപടിക്ക് പ്രതികരണമായി ട്രംപ് ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാണെന്ന് വാഷിംഗ്ടണ്‍ ഊന്നിപ്പറഞ്ഞു. ഇറാനെ അവരുടെ ആണവ പദ്ധതി വികസിപ്പിക്കാനും ആണവായുധം സ്വന്തമാക്കാനും അനുവദിക്കില്ലെന്നും യു.എസ് ഭരണകൂടം കൂട്ടിച്ചേര്‍ത്തു.

യു.എസില്‍ നിന്നുള്ള ഭീഷണികള്‍ കൂടുതല്‍ ശക്തമായതോടെ, ഇറാന്‍ അടുത്തിടെ ഒരു വീഡിയോയില്‍ അവരുടെ ഭൂഗര്‍ഭ മിസൈല്‍ സൗകര്യം വെളിപ്പെടുത്തിയിരുന്നു. ‘മിസൈല്‍ സിറ്റി’ എന്ന് വിളിക്കുന്ന ഈ സ്ഥലത്തിന്റെ 85 സെക്കന്‍ഡ് വീഡിയോയില്‍ ഇറാന്റെ നൂതന ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഇസ്രഈല്‍ പതാകയുടെ ചിത്രത്തില്‍ സൈനികര്‍ കാലുവെക്കുന്നതും ചിത്രീകരിച്ചിരുന്നു.

Content Highlight: We have missiles; Iran responds to Trump’s bomb threat