Film News
'എന്താല്ലേ ഈ മനുഷ്യന്‍, നമുക്കൊക്കെ പോയി ചത്താല്‍ മതി', മമ്മൂക്കയുടെ ഫോട്ടോ കണ്ട് ദുല്‍ഖറിനോട് പറഞ്ഞു: വിജയ് യേശുദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 10, 01:29 pm
Saturday, 10th June 2023, 6:59 pm

മമ്മൂട്ടിയോടുള്ള ആരാധനയെ പറ്റി സംസാരിക്കുകയാണ് വിജയ് യേശുദാസ്. ഇന്‍ഡസ്ട്രിയില്‍ വന്നതിന് ശേഷം ഓരോ പ്രാവശ്യം മമ്മൂട്ടിയെ കാണുമ്പോഴും എങ്ങനെയാ ഈ മനുഷ്യന്‍ ഇങ്ങനെ ഇരിക്കുന്നത് എന്ന് ആലോചിക്കുമെന്ന് വിജയ് പറഞ്ഞു. മമ്മൂട്ടിയുടെ ഫോട്ടോകള്‍ കണ്ട് ദുല്‍ഖറിന് മെസേജ് അയച്ചതിനെ പറ്റിയും വിജയ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘എന്തിനാ ഈ താടി ഒക്കെ ഇങ്ങനെ നരച്ച് വെച്ചിരിക്കുന്നത്, ആരെ കാണിക്കാനാ എന്ന് മമ്മൂക്ക കാണുമ്പോള്‍ പറയും. ദുല്‍ഖറും അതുപോലെ തന്നെയാണ്. ഈ ഇന്‍ഡസ്ട്രി ഫാമിലി പോലെയാണ്. ഇവരെയൊക്കെ ഞാന്‍ എന്റെ സ്വന്തം പോലെയാണ് കാണുന്നത്. ദുല്‍ഖറിനൊപ്പമുള്ള സൗഹൃദം കാരണം അവരുടെ വീട്ടില്‍ പോയി ഫ്രീ ആയി ഇടപെടാനും ഭക്ഷണം കഴിക്കാനും പറ്റും.

ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വളര്‍ന്ന് വരുമ്പോള്‍ ഓരോ പ്രാവശ്യം മമ്മൂക്കയെ കാണുമ്പോഴും എങ്ങനെയാ ഈ മനുഷ്യന്‍ ഇങ്ങനെ ഇരിക്കുന്നത് എന്ന് ആലോചിക്കും. ഓരോ പോസ്റ്റ് കാണുമ്പോഴും ഞാന്‍ ദുല്‍ഖറിന് മെസേജ് അയച്ചിട്ടുണ്ട്. എന്താ അല്ലേ ഈ മനുഷ്യന്‍, നമുക്കൊക്കെ പോയി ചത്താല്‍ മതിയെന്ന്. എന്തൊക്കെ ചെയ്തിട്ടാണ് നമ്മള്‍ തന്നെ ഇങ്ങനെ ഇരിക്കുന്നത്. മമ്മൂക്കയെ അത്രയും ആരാധിക്കുന്നുണ്ട്,’ വിജയ് പറഞ്ഞു.

തമിഴ് താരം ധനുഷിനൊപ്പമുള്ള സൗഹൃദം തനിക്ക് ചില സമയത്ത് പാരയാവാറുണ്ടെന്നും പലരും തന്നെ വിളിച്ച് ധനുഷിന്റെ ഡേറ്റിന്റെ കാര്യങ്ങള്‍ ചോദിക്കാറുണ്ടെന്നും വിജയ് പറഞ്ഞു.

‘ധനുഷുമായുള്ള സുഹൃത് ബന്ധം എനിക്ക് ചിലപ്പോള്‍ പാരയാണ്. ഓരോരുത്തരും വിളിച്ച് ധനുഷ് സാറിന്റെ ഡേറ്റ് ചോദിക്കും. ഇങ്ങനത്തെ കാര്യങ്ങളിലൊന്നും ഞാന്‍ ഇടപെടാറില്ല, സംസാരിക്കില്ല എന്ന് പറയും. എന്നിട്ട് ധനുഷിന്റെ നമ്പര്‍ കൊടുക്കും.

സുഹൃത് ബന്ധം എന്ന് പറയുന്നത് വേറെയാണല്ലോ. അതുകൊണ്ടായിരിക്കാം എനിക്ക് മാരി കിട്ടിയത് എന്ന് ചിലര്‍ പറഞ്ഞേക്കാം. എന്താണെന്ന് എനിക്കറിയില്ല. എനിക്ക് കിട്ടിയ പാട്ടുകളും അവാര്‍ഡുകളും അപ്പന്‍ കാരണം കിട്ടിയതല്ല എന്നാണ് എന്റെ വിശ്വാസം. പക്ഷേ അതിന്റെ പിന്നില്‍ അങ്ങനെ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല,’ വിജയ് പറഞ്ഞു.

Content Highlight: vijay yesudas talks about his admiration to mammootty