Entertainment
എമ്പുരാൻ വിവാദം: ചർച്ചയായി മുരളി ഗോപിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്

എമ്പുരാൻ വിവാദത്തിന് പിന്നാലെ വീണ്ടും ചർച്ചയായി മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മെർസൽ സിനിമ വിവാദത്തിലായതിന് ശേഷം മുരളി ഗോപി പങ്ക് വെച്ച പോസ്റ്റ് ആണ് ഇപ്പോൾ എല്ലാവരും ഷെയർ ചെയ്യുന്നത്.

ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഏതൊരു കലാകാരന്റെയും മൗലിക അവകാശമാണെന്നും ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവർക്ക് പ്രത്യേകിച്ച് ഒരു നിറമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും മുരളി പോസ്റ്റിൽ പറയുന്നു.

ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും ഒക്കെ ഇവർ എത്തുമെന്നും ഇക്കൂട്ടർക്ക് പൊതുവായി ഫാസിസ്റ്റ് എന്ന പേര് വിളിക്കാമെന്നും മുരളി എഴുതിയിരുന്നു. ഇവർ നടത്തുന്ന വിധ്വംസക പ്രവർത്തനമാണ് ഫാസിസമെന്നും അത് ഒരു നിറത്തിൻ്റെയും കുത്തകയല്ലെന്നും മുരളി എഴുതിയിരുന്നു. മെർസൽ ഹാഷ് ടാഗ് ഇട്ടിട്ടാണ് അന്ന് മുരളി ഗോപി പോസ്റ്റ് ഷെയർ ചെയ്തത്.

എന്നാൽ അതിനൊടൊപ്പം തന്നെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയെക്കുറിച്ചും ചിലർ ഇതിനോടൊപ്പം പരാമർശിക്കുന്നുണ്ട്.. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിൽ ഒരു പാർട്ടിയെ വിമർശിച്ചതിൻ്റെ പേരിൽ ഒരിക്കലും റീ എഡിറ്റ് ചെയ്യേണ്ടി വരികയോ ആരും മാപ്പ് പറയേണ്ടി വരികയോ വന്നിട്ടില്ലെന്നും മുരളി ഗോപി പിണറായി വിജയൻ്റെ പോസ്റ്റ് നൂറുവട്ടം വായിക്കണമെന്നുമാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്.

മുരളിയുടെ പോസ്റ്റിൻ്റെ പൂർണരൂപം-

‘ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഏതൊരു കലാകാരന്റെയും മൗലിക അവകാശമാണ്. ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവർക്ക് പ്രത്യേകിച്ച് ഒരു നിറം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും ഒക്കെ ഇവർ എത്തും, സൗകര്യവും അവസരവും അനുസരിച്ച്. ഇക്കൂട്ടർക്ക് പൊതുവായി ഒരു പേര് നൽകാമെങ്കിൽ ആ പേരാണ് “ഫാസിസ്റ്റ്”. ഇവർ നടത്തുന്ന വിധ്വംസക പ്രവർത്തനമാണ് “ഫാസിസം”. അത് മേൽപ്പറഞ്ഞ ഒരു നിറത്തിന്റെയും കുത്തകയും അല്ല. #Mersal,’ മുരളി ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത് ഇങ്ങനെയാണ്.

മെർസൽ പുറത്തിറങ്ങിയതിന് പിന്നാലെ തമിഴ് നടൻ വിജയ്ക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. മെർസൽ പുറത്തിറങ്ങിയതിന് പിന്നാലെ ബി.ജെ.പിയുടെ രാഷ്ട്രീയ ശത്രുവായി വിജയ് മാറിയിരുന്നു. വിജയിയുടെ പേര് ജോസഫ് വിജയ് എന്നായിരുന്നെന്നും, ഹിന്ദുവിൻ്റെ പേര് വച്ച് തെറ്റിദ്ധരിപ്പിക്കുകയാണെന്നും അന്ന് ബി.ജെ.പിയുടെ നേതാവ് പറഞ്ഞിരുന്നു.

Content Highlight: Murali Gopy’s old facebook post now on Discussion