Entertainment
ആദ്യമായി പടം ചെയ്യുമ്പോള്‍ കിട്ടുന്ന എക്‌സൈറ്റ്‌മെന്റ് തിരിച്ചുവന്നത് ഈ സിനിമയിലെ മ്യൂസിക് തീയേറ്ററില്‍ കേട്ടപ്പോളാണ്: ദീപക് ദേവ്

സംഗീതപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ദീപക് ദേവ്. ക്രോണിക് ബാച്ച്ലര്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീത സംവിധായകനായി തന്റെ കരിയര്‍ തുടങ്ങിയത്.
ആദ്യ ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായി മാറിയപ്പോള്‍ തുടക്കകാലത്ത് തന്നെ തിരക്കുള്ള സംഗീത സംവിധായകനായി മാറാന്‍ ദീപക്കിന് സാധിച്ചു. പിന്നാലെ എത്തിയ ഉദയനാണ് താരം, നരന്‍ തുടങ്ങിയ സിനിമകളിലെ ഗാനങ്ങളെല്ലാം വമ്പന്‍ സ്വീകാര്യത നേടിയിരുന്നു.

ഏറ്റവും പുതിയ സിനിമയായ എമ്പുരാന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവാണ്. ചിത്രത്തിന്റെ മ്യൂസിക്കിനെ പറ്റി സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ഒര്‍ജിനല്‍സുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.

എമ്പുരാനിലെ തന്റെ മ്യൂസിക് കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നും താന്‍ ഈ സിനിമയിലാണ് ആദ്യമായി ഇത്തരത്തില്‍ ഒരു മ്യൂസിക് ചെയ്തതെന്നും ദീപക് ദേവ് പറയുന്നു. ആദ്യമായി സിനിമ ചെയ്യുമ്പോള്‍ കിട്ടുന്ന ഒരു ആകാംഷ തനിക്ക് തിരിച്ച് വന്നത് എമ്പുരാനിലെ മ്യൂസിക് തീയേറ്ററില്‍ കേട്ടപ്പോളാണെന്നും അദ്ദേഹം പറഞ്ഞു.

‘വളരെ വളരെ സന്തോഷമുണ്ടായിരുന്നു. തീര്‍ച്ചയായും മ്യൂസിക് കേട്ട് രോമാഞ്ചം വന്നു. പ്രത്യേകിച്ച് ഈ പടത്തിന്റെ കാരണം, സാധാരണ ചെയ്യുന്ന ടൈപ്പ് മ്യൂസിക്കല്ല ഇതില്‍ ചെയ്തിട്ടുള്ളത്. അപ്പോള്‍ ആദ്യമായിട്ടാണ് അങ്ങനെത്തെയൊരു മ്യൂസിക് ഇങ്ങനെത്തെ സ്പീക്കറില്‍ കേള്‍ക്കുന്നത്. ഫസ്റ്റ് െൈടം പടം ചെയ്യുമ്പോള്‍ നമുക്ക് കിട്ടുന്ന ഒരു എക്‌സൈറ്റ്‌മെന്റ് എനിക്ക് തിരിച്ച വന്നത് ഈ പടത്തിന്റെ മ്യൂസിക് തീയേറ്ററില്‍ കേട്ടപ്പോള്‍ ആണ്. അതിന് കുറെ കാരണങ്ങള്‍ ഉണ്ട്. ഞാന്‍ ആദ്യമായിട്ട് ശ്രമിച്ച കുറച്ച് കാര്യങ്ങള്‍ ഇതില്‍ ഉണ്ട്. ആ ക്രഡിറ്റ് മുഴുവന്‍ ഞാന്‍ എടുക്കില്ല. പൃഥ്വി കാരണമാണ് ആ ലക്ക് എനിക്ക് കിട്ടിയത്,’ ദീപക് ദേവ് പറയുന്നു.

Content Highlight: Deepak dev talks about music in empuran