national news
വഖഫ് ബില്ലിൽ നിന്ന് ക്രൈസ്തവരിലേക്ക് ആർ.എസ്.എസ് ഉടൻ എത്തും, ഭരണഘടന മാത്രമാണ് രക്ഷ: രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 05, 07:46 am
Saturday, 5th April 2025, 1:16 pm

ന്യൂദൽഹി: വഖഫ് ബില്ലിൽ നിന്ന് ക്രൈസ്തവരിലേക്കെത്താൻ ആർ.എസ്.എസിന് അധിക നാളുകൾ വേണ്ടെന്ന വിമർശനവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വഖഫ് ബിൽ രാജ്യസഭയും അംഗീകരിച്ചതിന് പിന്നാലെ ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ ക്രിസ്ത്യൻ സ്വത്ത് വിവരങ്ങളെക്കുറിച്ച് പറയുന്ന ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി രാഹുൽ ഗാന്ധി എത്തിയത്.

വഖഫ് ബിൽ ഇപ്പോൾ മുസ്‌ലിങ്ങളെയാണ് ആക്രമിക്കുന്നതെങ്കിലും ഭാവിയിൽ അത് മറ്റ് മതങ്ങളെ ലക്ഷ്യം വെക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത്തരം ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അടിച്ചമർത്തുന്ന നയങ്ങളെ പ്രതിരോധിക്കേണ്ടത് ജനങ്ങളുടെ കൂട്ടായ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

‘വഖഫ് ബിൽ ഇപ്പോൾ മുസ്‌ലിങ്ങളെയാണ് ആക്രമിക്കുന്നത്. എന്നാൽ ഭാവിയിൽ അത് മറ്റ് മതങ്ങളെ ലക്ഷ്യം വെക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. ആർ.എസ്.എസിന്റെ ശ്രദ്ധ ക്രിസ്ത്യാനികളിലേക്ക് തിരിയുന്നതിന് അധിക ദിവസങ്ങൾ വേണ്ടി വരില്ല. അത്തരം ആക്രമണങ്ങളിൽ നിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അടിച്ചമർത്തുന്ന നയങ്ങളെ പ്രതിരോധിക്കേണ്ടത് നമ്മുടെ കൂട്ടായ കടമയാണ്,’ രാഹുൽ ഗാന്ധി കുറിച്ചു.

ഏപ്രിൽ മൂന്നിനാണ് ഓര്‍ഗനൈസര്‍ ലേഖനം പ്രസിദ്ധീകരിച്ചത്. സർക്കാർ കഴിഞ്ഞാൽ വഖഫ് ബോർഡിനല്ല കൂടുതൽ ഭൂമി മറിച്ച് കത്തോലിക്ക സഭക്കാണെന്നാണ് ലേഖനത്തിൽ പറയുന്നത്.

ഇന്ത്യയിലെ കത്തോലിക്ക സഭയുടെ പള്ളികളുടെ കീഴിൽ 17.29 കോടി ഏക്കർ ഭൂമിയുണ്ട്. അത് മൊത്തത്തിൽ 20,000 കോടി രൂപയുടെ ആസ്തി വരും. ബ്രിട്ടീഷ് ഭരണകാലത്ത് അധീനതയിൽ വന്നതാണ് സ്വത്തിൽ ഏറിയ പങ്കും.1927ൽ ചർച്ച് ആക്ട് കൊണ്ടുവന്നതിലൂടെ സ്വത്തും വർധിപ്പിച്ചു. ക്രിസ്തു മതത്തിൽപ്പെട്ടവർ പിന്നോക്ക വിഭാഗങ്ങൾക്ക് സൗജന്യങ്ങൾ നൽകി നിർബന്ധിത മത പരിവർത്തനവും നടത്തുന്നുവെന്ന് ലേഖനത്തിൽ പറഞ്ഞിരുന്നു.

ലേഖനത്തിനെതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ ഓർഗനൈസറിന്റെ ലേഖനം സൈറ്റിൽ നിന്നും പിൻവലിച്ചിട്ടുണ്ട്.

 

Content Highlight: RSS will soon reach out to Christians from Waqf Bill, only the Constitution is the salvation: Rahul Gandhi