മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഖാലിദ് റഹ്‌മാന്‍. തല്ലുമാലക്ക് ശേഷം റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍.
ആലപ്പുഴ ജിംഖാനയാണ് അദ്ദേഹത്തിന്റേതായി വരാനിരിക്കുന്ന സിനിമ. സ്പോര്‍ട്സ് – കോമഡി ഴോണറിലാണ് ഈ ചിത്രം എത്തുന്നത്. ബോക്സിങ് പശ്ചാത്തലമാക്കി എത്തുന്ന ഈ സിനിമയില്‍ നസ്‌ലെന്‍, ലുക്മാന്‍, അനഘ രവി, ഗണപതി തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.
ഇവര്‍ക്ക് പുറമെ കോട്ടയം നസീര്‍, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സിനിമയില്‍ ജോജോ എന്ന കഥാപാത്രമായിട്ടാണ് നസ്‌ലെന്‍ എത്തുന്നത്.
ഇപ്പോള്‍ ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ നസ്‌ലെനെ കുറിച്ച് പറയുകയാണ് ഖാലിദ് റഹ്‌മാന്‍. പ്രേമലുവിന്റെ പോസ്റ്റ് പ്രൊഡക്ഷന്റെ സമയത്താണ് ഈ സിനിമയിലേക്ക് നസ്‌ലെനെ കാസ്റ്റ് ചെയ്തതെന്നും അന്ന് പ്രേമലുവിലൂടെ അവന്‍ വലിയ സ്റ്റാറാകുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും റഹ്‌മാന്‍ പറയുന്നു.
‘മലയാളത്തില്‍ നല്ല സിനിമ വന്നാല്‍ അത് എന്തായാലും വര്‍ക്കാകും. വിജയിക്കാന്‍ വലിയ അഭിനേതാക്കളുടെ ആവശ്യമൊന്നുമില്ല. സിനിമയുടെ ഇന്റന്‍ഷന്‍ നല്ലതാണെങ്കില്‍ എന്തായാലും അത് വര്‍ക്കാകും. ആളുകള്‍ അത് കാണും. എനിക്ക് അതില്‍ പൂര്‍ണമായും വിശ്വാസമുണ്ട്.
ആലപ്പുഴ ജിംഖാനയെ കുറിച്ച് പറയുമ്പോള്‍ നസ്‌ലെന്‍ ഇന്ന് വലിയ സ്റ്റാറാണ്. പ്രേമലുവിന്റെ പോസ്റ്റ് പ്രൊഡക്ഷന്റെ സമയത്താണ് ഈ സിനിമയിലേക്ക് നസ്‌ലെനെ കാസ്റ്റ് ചെയ്യുന്നത്. പ്രേമലുവിലൂടെ അവന്‍ വലിയ സ്റ്റാറാകുമെന്ന് എനിക്ക് അറിയില്ലായിരുന്നു.
എനിക്ക് നസ്‌ലെനെ ഒരുപാട് ഇഷ്ടമാണ്. അവന്‍ വളരെ നല്ലൊരു മനുഷ്യനാണ്. ക്യാമറയുടെ മുന്നില്‍ എങ്ങനെ അഭിനയിക്കണമെന്ന് അവന് നന്നായി അറിയാം.
വളരെ നല്ല ടൈമിങ്ങുള്ള നടന്‍ കൂടിയാണ് നസ്‌ലെന്‍. അതുകൊണ്ട് തന്നെ എനിക്ക് അവന്റെ കൂടെ വളരെ നന്നായി വര്‍ക്ക് ചെയ്യാന്‍ പറ്റുമെന്ന വിശ്വാസം ഉണ്ടായിരുന്നു,’ ഖാലിദ് റഹ്‌മാന്‍ പറയുന്നു.
Content Highlight: Khalid Rahman Talks About Naslen