Entertainment
വലത് മമ്മൂക്കയും ഇടത് സംവിധായകനും; രണ്ടാളും സജഷന്‍ പറയുമ്പോള്‍ ആരെ കേള്‍ക്കും: ക്യാമറാമാന്‍ ഷാജി കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 10, 08:44 am
Thursday, 10th April 2025, 2:14 pm

നിരവധി വര്‍ഷങ്ങളായി മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറാമാനാണ് ഷാജി കുമാര്‍. വിനയന്‍, ഷാജി കൈലാസ്, ജോഷി, വൈശാഖ്, അനില്‍ ബാബു തുടങ്ങി നിരവധി മികച്ച സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ച ആള്‍ കൂടിയാണ് അദ്ദേഹം.

മലയാളത്തിലെ മികച്ച താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൂടെ നിരവധി സിനിമകളില്‍ വര്‍ക്ക് ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

മമ്മൂട്ടിയുടെ കൂടെ ഷാജി ചെയ്യുന്ന ആദ്യ സിനിമയായിരുന്നു വേഷം. വി.എം. വിനു സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇത്. ടി.എ. റസാഖിന്റെ തിരക്കഥയില്‍ സ്വര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മിച്ച ചിത്രമായിരുന്നു വേഷം.

ശേഷം നസ്രാണി, പോക്കിരി രാജ, ദി കിംഗ് ആന്‍ഡ് ദി കമ്മീഷണര്‍, രാജാധിരാജ, മധുരരാജ എന്നീ മമ്മൂട്ടി ചിത്രങ്ങളില്‍ കൂടെ ക്യാമറ കൈകാര്യം ചെയ്യാന്‍ ഷാജിക്ക് സാധിച്ചു.

ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ചും വേഷം സിനിമ ചിത്രീകരിച്ച സമയത്തെ അനുഭവവും പങ്കുവെക്കുകയാണ് ഷാജി കുമാര്‍. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വളരെ കംഫേര്‍ട്ടായ ആര്‍ട്ടിസ്റ്റാണ് മമ്മൂക്ക. എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്. ഞാന്‍ ആദ്യമായി അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് വേഷം എന്ന സിനിമയിലാണ്.

അതിന് മുമ്പുള്ള ചില സിനിമകളില്‍ ഞാന്‍ അസിസ്റ്റ് ചെയ്തിട്ടുണ്ട്. ആ സിനിമയുടെ സമയത്തൊക്കെ എന്നെ അദ്ദേഹം കണ്ടിട്ടുണ്ടാകണം. കണ്ടുവെന്നല്ലാതെ എന്റെ പേരൊന്നും അറിയില്ലായിരിക്കും.

വേഷം സിനിമയുടെ സമയത്ത് വിനുവുമായി വര്‍ക്ക് ചെയ്യുമ്പോള്‍ മമ്മൂക്ക വന്ന് സജഷന്‍ പറയും. നമ്മുടെ ഇടത് സൈഡില്‍ നിന്ന് ഡയറക്ടറും വലത്ത് നിന്ന് മമ്മൂക്കയും പറഞ്ഞാല്‍ നമ്മള്‍ രണ്ടും കേള്‍ക്കണമല്ലോ.

അതായത്, മമ്മൂക്കക്ക് നല്ല എക്‌സ്പീരിയന്‍സുണ്ടാകും. അത്ര എക്‌സ്പീരിയന്‍സ് അവിടെ നില്‍ക്കുന്ന മറ്റാര്‍ക്കും ഉണ്ടാവില്ല. അതേസമയം ഡയറക്ടര്‍ക്ക് ഈഗോ തോന്നാനും പാടില്ലല്ലോ.

മമ്മൂക്കയോട് ‘ഇങ്ങനെയാണ് ഡയറക്ടര്‍ പറഞ്ഞത്’ എന്ന് നമ്മള്‍ പറഞ്ഞാല്‍ ഡയറക്ടറോട് ‘നീ ക്യാമറാമാന്‍ പറയുന്നത് കേട്ടാല്‍ മതി’യെന്ന് പറയും. അതേസമയം ക്യാമറാമാനോട് ‘നീ ഡയറക്ടര്‍ പറയുന്നത് കേട്ടാല്‍ മതി’യെന്നും പറയും (ചിരി),’ ഷാജി കുമാര്‍ പറയുന്നു.

Content Highlight: Shaji Kumar Talks About Vesham Movie And Mammootty